സ്ത്രീ വിരുദ്ധമായ സമീപനങ്ങള്‍ക്കെതിരേ ഇടപെടുമെന്ന് വനിത കമീഷന്‍

തിരുവനന്തപുരം: സ്ത്രീ വിരുദ്ധമായ സമീപനം ഉണ്ടാകുന്ന ഏതിടങ്ങളിലും വനിത കമീഷന്‍ ഇടപെടുമെന്ന് വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ ജില്ലാതല സിറ്റിംഗിന്റെ ആദ്യ ദിവസത്തെ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിത കമീഷന്‍ അധ്യക്ഷ.

സങ്കീര്‍ണമായ കുടുംബാന്തരീക്ഷം നിലനില്‍ക്കുന്നുവെന്നാണ് കമീഷനുമുമ്പിൽ എത്തുന്ന പരാതികളില്‍ നിന്നു മനസിലാകുന്നത്. ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മിഷനു ലഭിക്കുന്നതില്‍ ഏറെയും. ഭര്‍ത്താവിന്റെയും ഭര്‍ത്തൃബന്ധുക്കളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ പരാതികള്‍ ഉണ്ടാകുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഇത്തരത്തിലുള്ള പരാതികള്‍ വര്‍ധിക്കുകയാണ്.

വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് നേരത്തെ തന്നെ വിവാഹപൂര്‍വ കൗണ്‍സിലിങിന്റെ അനിവാര്യതയെ കുറിച്ച് വനിത കമീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിവാഹ ബന്ധത്തെക്കുറിച്ചോ, കുടുംബബന്ധത്തെ കുറിച്ചോ, ദാമ്പത്യബന്ധത്തെ കുറിച്ചോ കൃത്യമായ ധാരണ ഇല്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് വിവാഹപൂര്‍വ കൗണ്‍സിലിങിന് വിധേയമായിട്ടുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം എന്ന നിര്‍ദേശം വനിത കമീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. വിവാഹപൂര്‍വ കൗണ്‍സിലിംഗിന്റെ അനിവാര്യത വ്യക്തമാക്കുന്നതാണ് കമ്മിഷനു മുന്നില്‍ വന്നിട്ടുള്ള പരാതികളില്‍ ഏറെയും.

മറ്റൊരു പ്രധാന കാര്യം തൊഴിലിടങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. ബിരുദാനന്തര ബിരുദവും ബിരുദവും ഉളള വിദ്യാസമ്പന്നരായ സഹോദരിമാര്‍ നാമമാത്രമായ വേതനം കൈപ്പറ്റിക്കൊണ്ട് ജോലി ചെയ്യേണ്ടി വരുന്ന സന്ദര്‍ഭമാണ് അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്ളത്. വര്‍ഷങ്ങളോളം ജോലി ചെയ്ത ശേഷം പലപ്പോഴും വനിത ജീവനക്കാരെ യാതൊരു കാരണവുമില്ലാതെ ജോലിയില്‍ നിന്നും ഒഴിവാക്കുന്നു.

തിരുവനന്തപുരം ഉള്‍പ്പെടെ എല്ലാ ജില്ലകളിലും കമീഷന്‍ മുന്നിൽ ഇത്തരം പരാതികള്‍ ലഭിച്ചിട്ടുണ്ട്. മതിയായ ആനുകൂല്യമോ, ജോലി ചെയ്തതിനുള്ള ശമ്പളമോ നല്‍കാതെ അധ്യാപികമാരെ പുറത്താക്കുന്നത് വളരെ ഗൗരവമേറിയ പ്രശ്‌നമായാണ് വനിത കമീഷന്‍ കാണുന്നത്.

വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സമീപനം മക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ ശേഷം വയോധികയായ തന്നെ മകള്‍ സംരക്ഷിക്കുന്നില്ലെന്ന അമ്മയുടെ പരാതി സിറ്റിങിൽ പരിഗണനക്കെത്തി. അമ്മയില്‍നിന്നും കൈപ്പറ്റിയ വസ്തുവകകളും പെന്‍ഷന്‍ ആനുകൂല്യങ്ങളും ഉള്‍പ്പെടെ തിരിച്ചു നല്‍കി അവരെ സംരക്ഷിക്കുന്നതിന് മകള്‍ക്ക് നിര്‍ദേശം നല്‍കി പരാതി തീര്‍പ്പാക്കി.

പോഷ് ആക്ട് അനുസരിച്ച് സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥാപനത്തിലെ ബന്ധപ്പെട്ടവര്‍ക്കെതിരേ നടപടി സ്വീകരിച്ചതിന്റെ റിപ്പോര്‍ട്ട് സിറ്റിംഗില്‍ ലഭിച്ചു. പരാതികളുടെ ബാഹുല്യം കണക്കിലെടുത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രണ്ടു ദിവസമാണ് സിറ്റിങ് നടത്തുന്നത്. മറ്റു ജില്ലകളില്‍ ഓരോ ദിവസമാണ് സിറ്റിംഗ്. കമീഷന്റെ എറണാകുളം, കോഴിക്കോട് റീജിയണല്‍ ഓഫീസുകളില്‍ പരാതി സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനും സംവിധാനമുണ്ട്.

സ്ഥിരമായ കൗണ്‍സിലിങ് സംവിധാനം തിരുവനന്തപുരത്തെ കമീഷന്‍ ആസ്ഥാനത്തും എറണാകുളം റീജിയണല്‍ ഓഫീസിലും സജ്ജമാക്കിയിട്ടുണ്ട്. പരാതികള്‍ പരിഗണിച്ച ശേഷം ആവശ്യമാണെങ്കില്‍ കൗണ്‍സിലിങ് ലഭ്യമാക്കുമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

ആകെ 250 കേസുകളാണ് സിറ്റിംഗില്‍ പരിഗണിച്ചത്. ഇതില്‍ 11 കേസുകള്‍ തീര്‍പ്പാക്കി. 230 കേസുകള്‍ അടുത്ത അദാലത്തിലേക്കു മാറ്റി. മൂന്നു കേസുകള്‍ റിപ്പോര്‍ട്ടിനായി അയച്ചു. ആറു കേസുകളില്‍ കൗണ്‍സിലിങിനു നിര്‍ദേശിച്ചു. മെമ്പര്‍മാരായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. പി. കുഞ്ഞായിഷ, വി.ആര്‍. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി എന്നിവര്‍ കേസുകള്‍ തീര്‍പ്പാക്കി. ഡയറക്ടര്‍ ഷാജി സുഗുണന്‍, സിഐ ജോസ് കുര്യന്‍, എസ്‌ഐ അനിത റാണി, അഡ്വ. സിന്ധു, കൗണ്‍സിലര്‍ കവിത എന്നിവര്‍ പങ്കെടുത്തു. 

Tags:    
News Summary - The Women's Commission will intervene against anti-women attitudes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.