തോട്ടം മേഖലയിലെ സ്ത്രീകള്‍ക്കായി പൊതുഅദാലത്ത് സംഘടിപ്പിക്കുമെന്ന് വനിതാ കമീഷന്‍

തിരുവനന്തപുരം: തോട്ടം മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കുന്നതിന് പൊതുഅദാലത്ത് സംഘടിപ്പിക്കുമെന്ന് വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ഇടുക്കി കലക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാ കമീഷന്‍ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു വനിത കമീഷന്‍ അധ്യക്ഷ.

തൊഴിലിടങ്ങളില്‍ നിയമം അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം ഉറപ്പുവരുത്തേണ്ടതുണ്ട്. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷക്ക് വലിയ പ്രാധാന്യമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. 40 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍, ഗാര്‍ഹിക പ്രശ്‌നങ്ങള്‍, ഭാര്യാ ഭര്‍തൃ തര്‍ക്കം, ഭര്‍തൃമാതാവും യുവതിയും തമ്മിലുണ്ടായ തര്‍ക്കം എന്നിവ കമീഷന് മുന്നില്‍ എത്തി.

ഇതില്‍ 10 പരാതികള്‍ തീര്‍പ്പാക്കി. ഒരു കേസ് പൊലീസ് റിപ്പോര്‍ട്ടിനായും രണ്ട് കേസുകള്‍ വണ്‍ സ്റ്റോപ് സെന്ററിനും വിട്ടു. ഒരു പരാതിയില്‍ പരാതിക്കാരിക്ക് പരിരക്ഷ ഉറപ്പു വരുത്തുന്നതിനായി വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫിസറുടെ പരിഗണയ്ക്ക് കൈമാറി. 26 കേസുകള്‍ അടുത്ത ഹിയറിങ്ങിനായി മാറ്റി വച്ചു. ഇടുക്കി ജില്ലയില്‍ കമീഷന് മുന്നില്‍ എത്തുന്ന കേസുകള്‍ കുറവാണെന്നും ബോധവത്കരണം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമീഷന്‍ അധ്യക്ഷ പറഞ്ഞു.

കമീഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, കമീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, കൗണ്‍സിലര്‍ മെറിന്‍ പോള്‍, വനിതാ പൊലീസ് സെല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - The Women's Commission will organize a public forum for women in the plantation sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.