തൃശൂര്‍: 10 മാസത്തെ ഇടവേളക്ക് ശേഷം ജില്ലയിലെ തിയറ്ററുകൾ തുറന്നതോടെ ആദ്യ പ്രദർശനത്തിന് തന്നെ ജനം ഇടിച്ചു കയറി. ഇതോടെ സാമൂഹിക അകലം പാളി. ആദ്യഷോ ഒമ്പതിനായിരുന്നെങ്കിലും രാവിലെ നീണ്ട നിര കാണപ്പെട്ടു. തമിഴ് സൂപ്പർ സ്റ്റാർ വിജയ്യുടെ 'മാസ്റ്റർ' ആണ് പ്രദർശനത്തിനെത്തിയ ചിത്രം. ഓരോ സീറ്റ് ഇടവിട്ടായിരുന്നു ആളുകളെ ഇരുത്തിയത്. മൂന്നു ഷോകളാണ് ഭൂരിഭാഗം തിയറ്റുകളിലും ഉള്ളത്.
ആദ്യഘട്ടം ജില്ലയിൽ ആകെയുള്ള തിയറ്ററുകളിൽ മൂന്നിലൊന്ന് മാത്രമാണ് പ്രദർശനം തുടങ്ങിയത്. സീറ്റുകളുടെ എണ്ണം കുറച്ചത് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് തിയറ്ററുടമകൾ വ്യക്തമാക്കി. കൂടുതൽ തിയറ്ററുകൾ തുറക്കാതിരിക്കാൻ കാരണം വിതരണക്കാർ അഡ്വാൻസ് തുക വർധിപ്പിച്ചതാണെന്ന് പറയുന്നുണ്ട്. നേരത്തെ അഞ്ച് ലക്ഷം രൂപ വാങ്ങിയിരുന്നത് പത്ത് ലക്ഷമാക്കി വർധിപ്പിച്ചുവെന്നാണ് ഉടമകൾ പറയുന്നത്.
അതിനിടെ ജില്ലയിലെ തിയറ്ററുകളിൽ കോവിഡ് ബോധവത്കരണവുമായി എൻ.സി.സി കേഡറ്റുകളിലെത്തി. തൃശൂർ സെവൻ കേരള ഗേൾസ് എൻ.സി.സി ബറ്റാലിയെൻറയും ജില്ല മെഡിക്കൽ ഓഫിസിെൻറയും ആഭിമുഖ്യത്തിലാണ് ജില്ലയിലെ തിയറ്ററുകളിൽ ബോധവത്കരണം നടത്തിയത്. സെവൻ കേരള ഗേൾസ് ബറ്റാലിയൻ കമാൻഡിങ് ഓഫിസർ കേണൽ ജോസഫ് ആൻറണി, ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ.ജെ. റീന, ഇൻസ്ട്രക്ടർ മഞ്ജു മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.