ശാസ്താംകോട്ട: തെന്നല ബാലകൃഷ്ണപിള്ളക്ക് 90 വയസ്സ്. നിർമലമായ ചെറുപുഞ്ചിരിയും അധി കാരരാഷ്ട്രീയത്തോടുള്ള നിർമമതയും ജീവിതത്തിൽ ഉടനീളം സൂക്ഷിക്കുന്ന തെന്നലയുടെ ന വതി ശൂരനാട് ഗ്രാമം ഒത്തുചേർന്ന് ആഘോഷിക്കുകയാണ്. ശൂരനാട്ടെ കമ്യൂണിസ്റ്റ് രക്ത സാക്ഷിത്വങ്ങളിൽ എതിർപക്ഷത്ത് നിന്നവരുടെ താവഴിയിൽ പെട്ടയാളാണ് തെന്നലയെങ്കിലും നവതി ആഘോഷങ്ങളിൽ സജീവമാവുകയാണ് രാഷ്ട്രീയശത്രുക്കളും.
ഗ്രൂപ് കളിക്കാതെയും രാഷ്ട്രീയത്തിെൻറ വിഴുപ്പലക്കലിൽ പങ്കാളിയാകാതെയും പാർട്ടിയുടെ വാർഡ് കമ്മിറ്റി അംഗം മുതൽ കെ.പി.സി.സി പ്രസിഡൻറ് സ്ഥാനം വരെ എത്തിയതാണ് തെന്നലയുടെ രാഷ്ട്രീയ ഗ്രാഫ്. 2001ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻവിജയം നേടിക്കൊടുത്ത ആരവം ഒടുങ്ങും മുമ്പ് കെ. മുരളീധരന് വേണ്ടി കെ.പി.സി.സി പ്രസിഡൻറ് പദവി ഉപേക്ഷിച്ച് ഇറങ്ങേണ്ടി വന്ന ത്യാഗവും തെന്നലക്ക് സ്വന്തം.
പഴയ ശൂരനാട് പഞ്ചായത്തിലെ (ഇപ്പോഴത്തെ ശൂരനാട് വടക്ക്) തെന്നല ബംഗ്ലാവിൽ എൻ. ഗോവിന്ദപ്പിള്ളയുടെയും ഈശ്വരിഅമ്മയുടെയും മകനായി 1931 മാർച്ച് 11ന് ജനിച്ച ബാലകൃഷ്ണപിള്ള സ്കൂൾവിദ്യാഭ്യാസ കാലത്ത് തന്നെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ആകൃഷ്ടനായിരുന്നു. 31ാം വയസ്സിൽ കെ.പി.സി.സി അംഗമായ തെന്നല 1998ൽ കെ.പി.സി.സി പ്രസിഡൻറായി. 1967, 80, 87 വർഷങ്ങളിൽ നിയമസഭയിലേക്ക് മത്സരിച്ച് തോറ്റു. 1977 ലും 82ലും അടൂരിൽ നിന്ന് നിയമസഭയിലെത്തി. മൂന്നുതവണ രാജ്യസഭാംഗമായി.
ഫെബ്രുവരി 20 മുതൽ മാർച്ച് എട്ട് വരെയാണ് നവതി ആഘോഷമെന്ന് ആഘോഷകമ്മിറ്റി ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറുമായ ആർ. ചന്ദ്രശേഖരൻ പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, വൈസ് പ്രസിഡൻറ് ശൂരനാട് രാജശേഖരൻ, വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം.പി, ജനറൽ സെക്രട്ടറി പി. രാജേന്ദ്രപ്രസാദ് എന്നിവരടക്കം നേതാക്കളുടെയും പ്രവർത്തകരുടെയും നീണ്ട നിര തന്നെ വ്യാഴാഴ്ച തെന്നല തറവാട്ടുമുറ്റത്ത് നടന്ന കുടുംബസംഗമത്തിന് ഒഴുകിയെത്തി. ഓണാട്ടുകര ശൈലിയിൽ പുഴുക്കും കട്ടൻകാപ്പിയും വന്നവർക്കെല്ലാം വിളമ്പി.
എട്ടിന് സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എ.കെ. ആൻറണി തെന്നലയെ ആദരിക്കും. നടൻ മമ്മൂട്ടി മുഖ്യാതിഥിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.