പത്തനംതിട്ട: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ പേരോ കണക്കോ തങ്ങളുടെ കൈവശമില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ വിവരാവകാശ രേഖ. ഇതുസംബന്ധിച്ച ആരോഗ്യ വകുപ്പിന്‍റെ പക്കലും വിവരങ്ങളില്ല. വാക്സിനേഷൻ സ്വീകരിക്കാത്ത അധ്യാപകർ ആഴ്ചതോറും ആർ.ടി.പി.സി.ആർ പരിശോധന നടത്തി ബോധ്യപ്പെടുത്തണമെന്ന സർക്കാർ നിർദേശവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മന്ദീഭവിച്ച സാഹചര്യത്തിൽ അട്ടിമറിക്കപ്പെട്ടു. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലായി 3.14 ലക്ഷം അധ്യാപകരാണ് സംസ്ഥാനത്തുള്ളത്. കുട്ടികളുമായി അടുത്ത് ഇടപഴകുന്നവരെന്ന നിലയിൽ അധ്യാപകരുടെ വാക്സിനേഷന് വലിയ പ്രധാന്യമാണ് സർക്കാർ നൽകിയിരുന്നത്. ആരോഗ്യ പ്രശ്നങ്ങളും ഗുരുതര രോഗങ്ങളും അലട്ടിയിരുന്ന അധ്യാപകർ വാക്സിൻ എടുത്തിരുന്നില്ല. വിശ്വാസപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വാക്സിനേഷനിൽനിന്ന് ഒഴിവായ അധ്യാപകരുണ്ട്. വാക്സിനുകൾക്ക് എതിരായ പ്രചാരണത്തിൽ കുത്തിവെപ്പ് എടുക്കാതെ മാറി നിന്നവരും ധാരാളമായിരുന്നു.

ഇതിനിടെ വാക്സിൻ സ്വീകരിക്കാൻ അധ്യാപകരുടെ മേൽ സമ്മർദം ചെലുത്തുന്നതിന്‍റെ ഭാഗമായി ഇവരുടെ പേരുകൾ പുറത്തുവിടുമെന്ന് കഴിഞ്ഞവർഷ അവസാനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രണ്ട് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, അത് വെറും ഭീഷണിമാത്രമായിരുന്നെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽനിന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച മറുപടി വ്യക്തമാക്കുന്നത്.

ഈ വർഷം മേയ് 14 വരെ രണ്ട് ഡോസ് വാക്സിനും സ്വീകരിക്കാത്ത അധ്യാപകർ, ഒരു ഡോസുപോലും എടുക്കാത്ത അധ്യാപകർ, ആരോഗ്യ പ്രശ്നങ്ങളാലും മതപരമായ കാരണങ്ങളാലും വാക്സിൻ സ്വീകരിക്കാത്ത അധ്യാപകർ എന്നിവ സംബന്ധിച്ച ഒരു കണക്കും തങ്ങളുടെ കൈവശമില്ലെന്നാണ് വകുപ്പ് പറയുന്നത്. ഇതുസംബന്ധിച്ച അന്വേഷണങ്ങൾക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കോവിൻ പോർട്ടൽ വഴിയാണ് വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതെന്നും വിഭാഗങ്ങൾ തിരിച്ച് ലഭ്യമല്ലെന്നും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫിസും വ്യക്തമാക്കുന്നു.

അനധ്യാപകരുടെ വാക്സിൻ സംബന്ധിച്ച കണക്കും സർക്കാറിന്‍റെ കൈവശം കാണാൻ സാധ്യതയില്ലെന്നാണ് സൂചന. അതേസമയം, തങ്ങൾ കണക്കുകൾ സർക്കാറിന് നൽകിയിട്ടുണ്ടെന്നാണ് ജില്ല വിദ്യാഭ്യാസ അധികൃതർ പറയുന്നത്.

അന്ന് മന്ത്രി പറഞ്ഞത്

''അയ്യായിരത്തോളം അധ്യാപകർ പ്രതിരോധ വാക്സിൻ സ്വീകരിക്കാനുണ്ട്. വാക്സിൻ സ്വീകരിക്കാത്ത അധ്യാപക- അനധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. രാജ്യത്ത് ഒമൈക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്. ഏത് നിലയിൽ എത്ര പേർ വാക്സിൻ എടുത്തില്ല എന്നറിയാൻ സമൂഹത്തിന് അവകാശമുണ്ട്''. അവരുടെ ജില്ല തിരിച്ചുള്ള കണക്ക് പുറത്തുവിടും.

വാക്സിൻ സ്വീകരിക്കാത്തവർ സ്കൂളിലേക്ക് വരേണ്ട. ആരോഗ്യ പ്രശ്നങ്ങളുള്ളവർ അതിന്‍റെ തെളിവ് ഹാജരാക്കണം. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടതെല്ലാം ആരോഗ്യ വകുപ്പുമായി ചേർന്ന് സ്വീകരിക്കും. വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർ ആഴ്ചയിൽ ഒരിക്കൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തി ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ ഹാജരാക്കണം''.

Tags:    
News Summary - There is no account of teachers who have not taken the covid vaccine - Kerala Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.