ആലപ്പുഴ: പാർട്ടിയിൽ പ്രവർത്തിക്കാൻ പ്രായപരിധിയില്ലെന്നും പദവിക്കാണ് പ്രായപരിധിയെന്നും മുൻമന്ത്രി ജി. സുധാകരൻ. പാർട്ടിയിൽ പ്രായപരിധി വേണമെന്ന് ചിന്തിക്കുന്നവർ ആലപ്പുഴയിലുണ്ട്. അത്തരക്കാർ സൂക്ഷിച്ചാൽ കൊള്ളാം. കമ്മിറ്റികളിൽ പ്രവർത്തിക്കാൻ മാത്രമേ പ്രായപരിധിയുള്ളൂ. അത് സൗകര്യമായി നോക്കുന്നത് വെറുതെയാണ്. മരിക്കുന്നതുവരെ പാർട്ടിയിൽ പ്രവർത്തിക്കാം. എന്നാൽ, സ്ഥാനങ്ങൾ അലങ്കരിക്കുന്നതിൽ പരിധിയുണ്ട്. ആ വയസ്സാകുന്നതിന് മുമ്പുതന്നെ താൻ ഒഴിവായി. ഹരിപ്പാട് ഭവാനി മന്ദിർ ഓഡിറ്റോറിയത്തിൽ സി.ബി.സി വാര്യർ ഫൗണ്ടേഷൻ പുരസ്കാരം മുൻമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴയുടെ ചരിത്രം തിരശ്ശീലകൊണ്ട് ആർക്കും മൂടിവെക്കാൻ കഴിയില്ല. ആലപ്പുഴയെ പോലെ ത്യാഗം ചെയ്ത ജില്ലകൾ കുറവാണ്. കർഷകത്തൊഴിലാളി സമരത്തിലും കുടികിടപ്പ് സമരത്തിലും പുന്നപ്ര-വയലാർ സമരത്തിലും ജനങ്ങൾക്കും പ്രസ്ഥാനത്തിനും വേണ്ടി ഇറങ്ങിപ്പുറപ്പെട്ട പോരാളികളുടെ നാടാണ് ആലപ്പുഴ. ആ ദീപശിഖ ഉയർത്തിയവരാണ് നാമെല്ലാവരും. വെറുതെ കിട്ടുന്നതല്ല സ്ഥാനം. പ്രവർത്തിക്കണം. പ്രവർത്തിക്കുമ്പോൾ സ്ഥാനം കിട്ടിയില്ലെങ്കില്‍ ചോദ്യം ചെയ്യണം. പ്രവർത്തിച്ചവർക്ക് പലർക്കും സ്ഥാനം കിട്ടിയിട്ടില്ല. നാസറിനും സുജാതക്കും പാർട്ടിയെ നയിക്കാൻ ഒരുപാട് വർഷങ്ങളുണ്ട്. ഏതെങ്കിലും മന്ത്രിയും എം.എൽ.എയും ആയി അറിയപ്പെട്ടാൽ ഉടൻ ആത്മകഥയെഴുതും. അത് ആർക്കുവേണമെങ്കിലും എഴുതാം. ആത്മകഥയെഴുതാൻ ആവശ്യപ്പെട്ട് രണ്ടുവർഷമായി പത്രക്കാർ തന്റെ പിറകെ നടക്കുകയാണ്. ആത്മകഥയിൽ വിവാദങ്ങൾ എഴുതിയില്ലെങ്കിൽ ആരും വായിക്കില്ല. മന്ത്രിയും എം.എൽ.എയും ആകുംമുമ്പ് എന്ത് ചെയ്തുവെന്നാണ് തന്റെ ചോദ്യം. ആ പ്രവർത്തനത്തിനാണ് വില. അതിന്റെ പേരിലാണ് ഈ സ്ഥാനം കിട്ടിയത്. പ്രസ്ഥാനത്തിൽ പ്രവർത്തിച്ചപ്പോഴുള്ള അനുഭവം എന്താണ് എന്നതിനാണ് കൂടുതൽ മാർക്ക് വീഴുന്നത്- അദ്ദേഹം പറഞ്ഞു.
സി.പി.എം കേന്ദ്രകമ്മിറ്റിയംഗം സി.എസ്. സുജാത, മുൻമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ജില്ല സെക്രട്ടറി ആർ. നാസർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. ഉദ്ഘാടകനായ മന്ത്രി സജി ചെറിയാൻ ചടങ്ങിന് എത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.