തൊടുപുഴ: ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം സർക്കാർ ആവർത്തിക്കുമ്പോഴും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നൽകാൻ ഫണ്ടില്ല. ഇതുമൂലം ജൈവ വൈവിധ്യ ബോർഡ് വഴിയുള്ള പല പദ്ധതികളും കാര്യക്ഷമമായി നടപ്പാക്കാനാകാത്ത അവസ്ഥയാണ്.
പദ്ധതി ഫണ്ട് ഇനത്തിൽ സർക്കാർ എട്ടുകോടി അനുവദിച്ചെങ്കിലും സാമ്പത്തികവർഷം അവസാനിക്കാൻ രണ്ടുമാസം മാത്രം ബാക്കിനിൽക്കെ ബോർഡിന് കിട്ടിയത് 2.9 കോടി മാത്രം.
ഓരോ സാമ്പത്തിക വർഷവും സംസ്ഥാനത്തെ ജൈവ വൈവിധ്യ ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ശരാരശി എട്ട് കോടിയോളം ആവശ്യമാണ്. ഇതിൽ അഞ്ചുകോടിയോളം മുൻ വർഷങ്ങളിൽ സർക്കാറിൽനിന്ന് കിട്ടാറുണ്ട്. എന്നാൽ, ഇത്തവണ ഏറ്റവും കുറഞ്ഞ ഫണ്ടാണ് ലഭിച്ചത്. ഇതുമൂലം ബോർഡിന്റെ പല പദ്ധതികൾക്കും നാമമാത്രമായ തുകയേ ചെലവഴിക്കാനുള്ളൂ.
പഞ്ചായത്ത് തോറുമുള്ള ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റികൾ (ബി.എം.സി) വഴിയാണ് പ്രാദേശികതലത്തിൽ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നത്. സംസ്ഥാനത്ത് ഏകദേശം 1200 ബി.എം.സികളുണ്ട്. ഇവയിൽ പലതും മികച്ച പദ്ധതികൾ തയാറാക്കി കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെക്കുന്നവയാണ്.
കണ്ടൽക്കാടുകൾ, തണ്ണീർത്തടങ്ങൾ, തദ്ദേശീയ ജൈവ ഇനങ്ങൾ തുടങ്ങിയവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികൾ ബി.എം.സികൾ നടപ്പാക്കുന്നത് ബോർഡ് വഴി ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ്. എന്നാൽ, ഈ സാമ്പത്തികവർഷം നടപ്പാക്കാൻ ലക്ഷ്യമിട്ട് തയാറാക്കിയ ഇത്തരം പല പദ്ധതികളും പണത്തിന്റെ അപര്യാപ്തതമൂലം യാഥാർഥ്യമായില്ല. ബോർഡ് അധികൃതർ വിഷയം പരിസ്ഥിതി വകുപ്പ് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
കഴിഞ്ഞവർഷം സർക്കാറിന്റെ പ്ലാൻ ഫണ്ടിന് പുറമെ ദേശീയ ജൈവവൈവിധ്യ ബോർഡിൽനിന്ന് 75 ലക്ഷംകൂടി കിട്ടിയിരുന്നു. ഈ തുക ഇത്തവണയും പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത വർഷത്തേക്ക് 12 കോടിയുടെ പദ്ധതികളാണ് സർക്കാറിന് ബോർഡ് സമർപ്പിച്ചിട്ടുള്ളത്. സാമ്പത്തിക വർഷം അവസാനിക്കുന്നതിനുമുമ്പ് കൂടുതൽ തുക കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ബോർഡ് ചെയർമാൻ ഡോ. സി. ജോർജ് തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.