ആഫ്രിക്കൻ പന്നി പനി ആശങ്ക വേണ്ട, പ്രതിരോധ നടപടികള്‍ ശക്തമാക്കി- ജെ.ചിഞ്ചുറാണി

കോഴിക്കോട് : ആഫ്രിക്കൻ പന്നി പനി ആശങ്ക വേണ്ടെന്നും പ്രതിരോധ നടപടികള്‍ ശക്തമാക്കിയെന്നും മന്ത്രി ജെ.ചിഞ്ചുറാണി. പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ വൈറസ് രോഗമാണ് ആഫ്രിക്കൻ പന്നി പനി അഥവാ ആഫ്രിക്കൻ സൈൻ ഫീവർ. എന്നാൽ മനുഷ്യരിലോ പന്നികളൊഴികെയുള്ള മറ്റു ജന്തുവർഗ്ഗങ്ങളിലോ ഈ രോഗമുണ്ടാകുന്നില്ല.

ഫലപ്രദമായ വാക്സിനോ ചികിത്സയോ ഇല്ലാത്ത രോഗമായതിനാൽ മുൻകരുതൽ നടപടികൾ വളരെ പ്രധാനപ്പെട്ടതാണ്. ഈ രോഗബാധ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബിഹാറിലും റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

രോഗം വരാതെ തടയുന്നതിനായി സംസ്ഥാനത്ത് ബയോ സെക്യൂരിറ്റി നടപടികൾ കാര്യക്ഷമമാക്കാനാണ് കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ളത്. രോഗപ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മുകരുതല്‍ നടപടികൾ സ്വീകരിച്ചു. കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുള്ള ആഫ്രിക്കൻ സൈൻ ഫീവർ ആക്ഷൻ പ്ലാൻ പ്രകാരം നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ മൃഗസംരക്ഷണം ഓഫീസർമാർക്കും അതോടൊപ്പം സംസ്ഥാനത്തെ എല്ലാ രോഗ നിര്‍ണ്ണയ സ്ഥാപനങ്ങൾക്കും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിയ്ക്കാൻ നിർദ്ദേശം നൽകി.

സംസ്ഥാനത്തെ സ്വകാര്യ-സർക്കാർ പന്നി വളർത്തൽ കേന്ദ്രങ്ങളിൽ പന്നികളിൽ രോഗലക്ഷണമോ മരണമോ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിയ്ക്കുവാൻ ജാഗ്രത നിർദേശം എല്ലാ ജില്ലാ ഓഫീസർമാർക്കും നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഏതെങ്കിലും പ്രദേശത്ത് സംശയാസ്പദമായ രോഗബധയുണ്ടായാല്‍ വിവരങ്ങള്‍ അറിയിക്കുവാന്‍ നിലവില്‍ കുടപ്പനക്കുന്ന് അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ടിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. (നമ്പർ : 0471- 2732151) അതോടൊപ്പം ഈരോഗം നിർണയിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ പാലോട് മുഖ്യജന്തുരോഗ നിർണയ കേന്ദ്രത്തിൽ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന പന്നികളിൽ രോഗനിരീക്ഷണവും ആരോഗ്യപരിശോധനയും ശക്തിപ്പെടുത്താൻ എല്ലാ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - There is no need to worry about African swine fever, preventive measures have been strengthened - J. Chinchurani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.