കൊച്ചി: പുറത്തുവന്ന കണക്കുകൾ അന്തിമമല്ലെങ്കിലും മധ്യകേരളത്തിലെ മണ്ഡലങ്ങളിൽ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ശരാശരി ആറ് ശതമാനത്തിലധികം കുറവ് പോളിങിൽ പ്രകടമാണ്. തൃശൂർ, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ അഞ്ച് മണ്ഡലങ്ങളിലും പോളിങ് ശതമാനം ഗണ്യമായി ഇടിഞ്ഞിട്ടുണ്ട്. വീട്ടിലെ വോട്ടിന്റെയും തപാൽ വോട്ടിന്റെയും കണക്ക് കൂടി ചേർക്കുമ്പോൾ നേരിയ വർധനവുണ്ടായേക്കാം.
2019ൽ തൃശൂരിൽ ഒരു ലക്ഷത്തിനടുത്തും മറ്റ് നാല് മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിന് മുകളിലും ഭൂരിപക്ഷം നേടി മധ്യകേരളത്തിൽ ആധിപത്യം ഉറപ്പിച്ച യു.ഡി.എഫിനെ പോളിങ് കുറവ് ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാൽ, എൽ.ഡി.എഫിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അവരുടെ സ്വാധീന മേഖലകളിലും പോളിങ് കുറഞ്ഞു.
എന്നാൽ, കുറഞ്ഞ പോളിങ് തങ്ങൾക്കാകും ഗുണം ചെയ്യുക എന്ന് അവർ പ്രതീക്ഷിക്കുന്നു. കടുത്ത ചൂടും യുവാക്കളുടെ വിദേശ കുടിയേറ്റവും മധ്യകേരളത്തിലെ പോളിങ് കുറയാൻ കാരണമായി; എങ്കിലും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുംവിധം അതിനപ്പുറമുള്ള ഘടകങ്ങൾ പ്രവർത്തിച്ചിട്ടുണ്ടോ എന്ന വിലയിരുത്തലിലാണ് മുന്നണികൾ.
2019ൽ 77.92 ശതമാനം പോളിങ് രേഖപ്പെടുത്തിയ തൃശൂരിൽ ഇത്തവണ 72.79 ശതമാനമാണ്. തങ്ങളുടെ വോട്ടുകൾ പൂർണമായി പോൾ ചെയ്തിട്ടുണ്ടെന്നും കുറഞ്ഞത് മറ്റ് കാരണങ്ങളാലാണെന്നുമാണ് എൽ.ഡി.എഫും യു.ഡി.എഫും പറയുന്നത്. അധികമായി ചേർത്ത വോട്ടുകൾവരെ പോൾ ചെയ്തിട്ടുണ്ടെന്ന് എൻ.ഡി.എയും അവകാശപ്പെടുന്നു. ഇരു മുന്നണികളുടെയും ശക്തികേന്ദ്രങ്ങളിൽ പോളിങ് കുറഞ്ഞതിനാൽ ഏതെങ്കിലും മുന്നണിയെ പ്രത്യേകിച്ച് ബാധിക്കുമോ എന്ന് പറയാനാവില്ല.
യു.ഡി.എഫ് കേന്ദ്രമായ ഗുരുവായൂരിലും തൃശൂരിലും എൽ.ഡി.എഫ് കേന്ദ്രമായ പുതുക്കാടും മണലൂരും പോളിങ് കുറഞ്ഞു. മണ്ഡലത്തിലെ ചില ബൂത്തുകളിൽ വോട്ടെടുപ്പ് നീണ്ടതിനാൽ ചെയ്യാതെ മടങ്ങിയവരുമുണ്ട്. കൂടുതൽ പോളിങ് പുതുക്കാട് മണ്ഡലത്തിലും (76.33) കുറവ് തൃശൂരും (69.67) ആണ്.
ചാലക്കുടി മണ്ഡലത്തിൽ യു.ഡി.എഫ് ശക്തികേന്ദ്രമായ അങ്കമാലിയിൽ ഉൾപ്പെടെ പോളിങ് കുറഞ്ഞത് മുന്നണിയെ ആശങ്കപ്പെടുത്തുന്നതാണ്. 2019ൽ 80.49 ശതമാനമായിരുന്നത് ഇത്തവണ 71.84 ആയി കുറഞ്ഞു.
ട്വന്റി ട്വന്റിക്ക് സ്വാധീനമുള്ള കുന്നത്തുനാട് മണ്ഡലമാണ് പോളിങ്ങിൽ മുന്നിൽ (78.11). മണ്ഡലം ഇളക്കിമറിച്ച് പ്രചാരണം നടത്തിയ ട്വന്റി ട്വന്റി ഇവിടെ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് സൂചന. എൻ.ഡി.എ സ്ഥാനാർഥിക്കും ഇത്തവണ വോട്ട് കുറയും. വിജയസാധ്യതയെ ബാധിക്കില്ലെങ്കിലും കഴിഞ്ഞതവണ 1,32,274 വോട്ടിന്റെ മുൻതൂക്കമുണ്ടായിരുന്ന ബെന്നി ബഹനാന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞേക്കും.
എറണാകുളം മണ്ഡലത്തിലെ പോളിങ് 68.29 ശതമാനമാണ്. 2019ൽ 77.63 ആയിരുന്നു. കൂടുതൽ പോളിങ് പറവൂരും (72.81) കുറവ് എറാണാകുളത്തുമാണ് (62.42). ലത്തീൻ, മുസ്ലിം, ധീവര സമുദായങ്ങളടക്കം ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്വാധീനമുള്ള കളമശ്ശേരി, പറവൂർ, വൈപ്പിൻ മണ്ഡലങ്ങളിൽ പോളിങ് ഉയർന്നപ്പോൾ നഗരമേഖലയായ എറണാകുളം മണ്ഡലത്തിൽ കുറഞ്ഞു.
പോളിങ് ശതമാനം 72 ശതമാനം വരെ വരുന്നത് ശുഭപ്രതീക്ഷ നൽകുന്നതാണെന്നാണ് എൽ.ഡി.എഫ് അവകാശവാദം. കുറഞ്ഞ പോളിങ്ങിലും ഇരുമുന്നണികളും പ്രതീക്ഷ പുലർത്തുന്നുണ്ടെങ്കിലും യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ ഭൂരിപക്ഷത്തെ ഇത് ബാധിച്ചേക്കും. എൻ.ഡി.എ സ്ഥാനാർഥിയുടെ വോട്ടുകളും കുറയും.
ഇടുക്കിയിൽ പോളിങ് കൂടുതൽ കോതമംഗലത്തും (70.04) കുറവ് ഇടുക്കിയിലുമാണ് (63.45). 2019ൽ യു.ഡി.എഫ് ഭൂരിപക്ഷം നേടിയ തൊടുപുഴ, മൂവാറ്റുപുഴ മണ്ഡലങ്ങളിൽ ഇത്തവണ പോളിങ് കുറഞ്ഞപ്പോൾ മലയോര മേഖലകളിൽ കൂടി. ഇത് എൽ.ഡി.എഫ് അനുകൂല ഘടകമായി കാണുന്നു. ക്രൈസ്തവ മേഖലകളിലെ പോളിങ് കുറഞ്ഞെങ്കിലും മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ കാര്യമായ കുറവില്ല.
രണ്ട് വർഷത്തിനിടെ പതിനായിരത്തോളം ചെറുപ്പക്കാർ ഇവിടങ്ങളിൽനിന്ന് വിദേശരാജ്യങ്ങളിലേക്ക് പോയതായാണ് കണക്ക്. കടുത്ത ചൂടിനൊപ്പം പോളിങ് കുറയാൻ ഇതും കാരണമായി വിലയിരുത്തപ്പെടുന്നു. 76.34 ശതമാനം പോളിങ് രേഖപ്പെടുത്തിയ 2019ൽ യു.ഡി.എഫിന്റെ ഡീൻ കുര്യാക്കോസ് 1,71,053 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് ഇടുക്കി. പോളിങ് കുറഞ്ഞത് ഭൂരിപക്ഷത്തെ കാര്യമായി ബാധിക്കും.
കോട്ടയത്ത് കഴിഞ്ഞതവണ പോളിങ് 75.44 ശതമാനം ആയിരുന്നെങ്കിൽ ഇത്തവണ 65.60 ആണ്. പോളിങ് കുറഞ്ഞതിൽ ഇരു മുന്നണികൾക്കും ഒന്നുപോലെ ആശങ്കയുണ്ട്. മുന്നണി മാറ്റത്തിന്റെയും പാർട്ടി മാറ്റത്തിന്റെയും പാരമ്പര്യമുള്ള സ്ഥാനാർഥികൾ ഏറ്റുമുട്ടിയ മണ്ഡലത്തിലെ കേരള കോൺഗ്രസ് രാഷ്ട്രീയത്തോടുള്ള താൽപര്യമില്ലായ്മ ഇതിന് ഒരു കാരണമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
യു.ഡി.എഫിൽനിന്ന് കോൺഗ്രസാണ് മത്സരിച്ചതെങ്കിൽ പോളിങ് കൂടുമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. മണ്ഡലത്തിലെ നിരവധി വോട്ടർമാർ വിദേശ രാജ്യങ്ങളിലാണ്. പല മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് ആവേശം പ്രകടമായിരുന്നില്ല. വൈക്കത്താണ് പോളിങ് കൂടുതൽ (71.68). കുറവ് കടുത്തുരുത്തിയിലും (62.28). യു.ഡി.എഫ് മണ്ഡലമെന്ന നിലയിൽ ജയസാധ്യതയെ ഇത് ബാധിക്കില്ലെന്നാണ് സൂചന. എന്നാൽ, ഭൂരിപക്ഷത്തിൽ ഇടിവുണ്ടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.