പാലക്കാട്: കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളിൽ അർധരാത്രിയിൽ റെയ്ഡ് നടത്തിയ പൊലീസ്, വനിത പൊലീസുകാർ ഇല്ലാത്തതിനാൽ ബി.ജെ.പി വനിതാ നേതാക്കളുടെ മുറിയിൽ പരിശോധന നടത്തിയില്ലെന്ന് റിപ്പോർട്ട്. സ്മിത, രാജി പ്രസാദ്, ദീപ്തി രാജ് എന്നീ മഹിള മോർച്ച നേതാക്കളാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
വനിത പൊലീസ് ഉണ്ടെങ്കിൽ മാത്രമേ മുറിയിൽ കയറാൻ പറ്റുകയുള്ളൂവെന്ന് ശക്തമായി പറഞ്ഞതിനാൽ റെയ്ഡ് നടത്താതെ പൊലിസ് പോവുകയായിരുന്നുവെന്ന് വനിതാ നേതാക്കൾ ന്യൂസ് ചാനലിനോട് വ്യക്തമാക്കി.
മുറിയുടെ വാതിലിൽ മുട്ടുന്നത് കേട്ടാണ് വാതിൽ തുറന്നത്. ഉടൻ തന്നെ കാമറകളുമായി മുറിയിലേക്ക് തള്ളിക്കയറാൻ പൊലീസ് സംഘം ശ്രമിച്ചു. ഈ സമയം മൂന്നു വനിതകൾ മാത്രമാണ് മുറികളിൽ ഉണ്ടായിരുന്നതെന്നും വനിതാ നേതാക്കൾ പറഞ്ഞു.
റെയ്ഡ് നടത്താൻ വന്ന സംഘത്തിൽ വനിത പൊലീസ് ഉണ്ടായിരുന്നില്ല. വനിത പൊലീസ് വേണമെന്ന് ആവശ്യപ്പെട്ടതോടെ റെയ്ഡ് നടത്താതെ പൊലീസ് സംഘം മടങ്ങുകയായിരുന്നുവെന്നും ബി.ജെ.പി വനിത നേതാക്കൾ വ്യക്തമാക്കി.
ചൊവ്വാഴ്ച അർധരാത്രിയിലാണ് ഉപതെരഞ്ഞെടുപ്പിന് കള്ളപ്പണം കൊണ്ടുവന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറികളിൽ പൊലീസ് പരിശോധന നടത്തിയത്. രാത്രി 12.10നാണ് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്.
ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കൾ താമസിക്കുന്ന മുറികളിൽ വനിത ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കി. അര മണിക്കൂറിനു ശേഷം വനിത ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.