ഈ കണ്ണുനീർ കേരളത്തിന്‍റെ ശാപമാണ്... -മുകേഷ് ഉൾപ്പെടെ നടന്മാർക്കെതിരെ പരാതി നൽകി പിൻവലിച്ച നടി

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷ് ഉൾപ്പെടെ നടന്മാർക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച നടി പരാതികളിൽനിന്ന് പിന്മാറുന്നു. അഭിനേതാക്കളായ ജയസൂര്യ, ഇടവേള ബാബു, ബാലചന്ദ്രമേനോൻ എന്നിവർക്കുമെതിരെ നടി പരാതിപ്പെട്ടിരുന്നു. കോളിളക്കം സൃഷ്ടിച്ച കേസുകളുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് നടിയുടെ പിന്മാറ്റം. സർക്കാറിൽനിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും അവർ ആരോപിച്ചു.

കേസ് ഇപ്പോൾ പ്രത്യേക സംഘം അന്വേഷിച്ചുവരുകയാണ്. പരാതികൾ പിൻവലിക്കുന്നതായി രേഖാമൂലം അന്വേഷണസംഘത്തെ അറിയിക്കുമെന്നും നടി വ്യക്തമാക്കി. പ്രതികളാക്കപ്പെട്ട നടന്മാർ ഇപ്പോൾ ജാമ്യത്തിലാണ്.

നടിക്കെതിരെ ബന്ധുവായ യുവതി പോക്സോ കേസ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികളും നേരിട്ടുവരുകയായിരുന്നു ഇവർ. തനിക്കെതിരെ കള്ളക്കേസ് വന്നപ്പോൾ മാധ്യമങ്ങൾ പിന്തുണച്ചില്ലെന്നും നടി പറഞ്ഞു. സമൂഹ നന്മക്കുവേണ്ടിയാണ് പരാതിയുമായി വന്നത്.

തനിക്കെതിരായ പോക്സോ കേസ് കള്ളക്കേസ് ആണെന്നറിഞ്ഞിട്ടും പരാതി നൽകിയ സ്ത്രീയെയോ അവരുടെ പിന്നിലുള്ളവരെയോ പിടിക്കാൻ ആരും ശ്രമിക്കുന്നില്ല. അതുകൊണ്ട് താൻ എല്ലാറ്റിൽനിന്നും പിന്മാറുന്നുവെന്ന് വാട്ട്സ്​ആപ്പിൽ പങ്കുവെച്ച സന്ദേശത്തിൽ നടി വ്യക്തമാക്കി. തുടർന്ന്, മാധ്യമങ്ങളോടും ഇതേ വിവരം പങ്കുവെച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടി പരാതികളുമായി രംഗത്തെത്തിയത്. ഇത് വലിയ ചർച്ചകൾക്ക്​ വഴിവെച്ചു. അതേസമയം, കേസ് രജിസ്റ്റർ ചെയ്തതിനാൽ നടി പിന്മാറിയാലും അന്വേഷണം നടത്തി കേസ് തീർപ്പാക്കേണ്ടി വരും. 

Tags:    
News Summary - These tears are the curse of Kerala says Aluva native actress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.