തൃശൂർ: കഴിഞ്ഞ വർഷം തൃശൂർ പൂരം എഴുന്നള്ളത്തിന് ഉപയോഗിച്ച ആനകൾക്കേറ്റ പീഡനത്തിനെതിരെ കൈക്കൊണ്ട നടപടികളെക്കുറിച്ച് കേന്ദ്രം കേരളത്തോട് റിപ്പോർട്ട് തേടി. സന്നദ്ധ സംഘടനയായ ‘പെറ്റ’(പീപ്പ്ൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെൻറ് ഒാഫ് അനിമൽസ്) നൽകിയ റിപ്പോർട്ടിനെ ആധാരമാക്കി കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകുപ്പിലെ പ്രോജക്ട് എലഫെൻറ് വിഭാഗമാണ് കേരളത്തിലെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒാഫ് േഫാറസ്റ്റിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഇൗ വർഷത്തെ പൂരം 25, 26 തീയതികളിൽ ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ഏപ്രിൽ 11ന് അയച്ച കത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
1972ലെ വന്യജീവി സംരക്ഷണ നിയമം, 2008ലെ നാട്ടാന പരിപാലന നിയമം, 1960ലെ ജന്തുദ്രോഹ നിവാരണ നിയമം എന്നിവ പ്രകാരം 2017ലുണ്ടായ ആന പീഡനങ്ങൾക്കെതിരേ എന്തെല്ലാം നടപടിയെടുത്തു എന്ന് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആനകൾക്കേറ്റ പീഡനത്തിെൻറ നിരവധി ചിത്രങ്ങൾ ഉൾപ്പെടെ പെറ്റ നൽകിയ വിശദമായ റിപ്പോർട്ട് ‘സ്വയം സംസാരിക്കുന്നതാണ്’എന്ന ഒാർമപ്പെടുത്തലോടെയാണ് കേന്ദ്രം റിപ്പോർട്ട് തേടിയിരിക്കുന്നത്.
ആരോഗ്യമില്ലാത്തതും സാരമായ വ്രണമുള്ളതും നഖം പൊട്ടിയതും ശരിയായ കാഴ്ചശക്തിയില്ലാത്തതുമായ ആനകളെ കഴിഞ്ഞ വർഷം പൂരത്തിന് ഉപയോഗിച്ചിരുന്നുവെന്നാണ് പെറ്റയുടെ പരാതി. അതിനെക്കാളുപരി, കേരള സർക്കാർ 2015ൽ നിരോധിച്ച കൂർത്ത ഇരുമ്പു കൊളുത്തുള്ള തോട്ടി ആനകളെ നിയന്ത്രിക്കാൻ വ്യാപകമായി ഉപയോഗിച്ചു. ചുട്ടുപഴുത്ത ടാർ റോഡിലൂടെ നടത്തിച്ചും വെയിലത്ത് ഏറെ നേരം നിർത്തിയും കാലുകൾ ചെറിയ ചങ്ങലയിട്ട് ബന്ധിച്ച് സുഗമമായ സഞ്ചാരം തടഞ്ഞും പീഡിപ്പിച്ചു. എഴുന്നള്ളത്തിന് നിരത്തി നിർത്തിയ ആനകൾ തമ്മിലും ആനകളും കാഴ്ചക്കാരും തമ്മിലും നിയമപ്രകാരമുള്ള അകലം പാലിച്ചില്ല. ആനകൾക്ക് അസഹ്യമായ ശബ്ദായമാനമായ അന്തരീക്ഷത്തിൽ ഏറെ നേരം നിർത്തി.
ആനകളെല്ലാം എഴുന്നള്ളിക്കാൻ യോഗ്യരാണെന്ന് വെറ്ററിനറി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയത് തൊഴിൽപരമായ നൈതികത പുലർത്താത്ത നടപടിയായെന്നും പെറ്റയുടെ റിപ്പോർട്ടിൽ ആരോപിച്ചിട്ടുണ്ട്. 2015, 2016 വർഷങ്ങളിൽ തൃശൂർ പൂരത്തിൽ എഴുന്നള്ളിച്ച ആനകൾക്കേറ്റ പീഡനത്തെക്കുറിച്ച് അനിമൽ വെൽഫെയർ ബോർഡ് ഒാഫ് ഇന്ത്യയുടെ കണ്ടെത്തൽ 2017ലും ആവർത്തിച്ചതായാണ് തങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായതെന്ന് പെറ്റ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.