പത്തനംതിട്ട: പ്രസവിച്ച ശേഷം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവതിയെ ഇൻജക്ഷൻ ചെയ്ത് കൊല്ലാൻ ശ്രമിച്ച കേസിൽ നഴ്സ് ചമഞ്ഞെത്തിയ യുവതിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. നഴ്‌സിന്റെ വേഷത്തിലെത്തി കുത്തിവെയ്‌പെടുത്ത കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷക്കെതിരെയാണ് (30) പുളിക്കീഴ് പൊലീസ് കേസെടുത്തത്. ആൾമാറാട്ടക്കുറ്റവും ചുമത്തിയിട്ടുണ്ട്.
കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്‌നേഹയെ (24) ആണ് ഇവരുടെ ഭര്‍ത്താവിന്റെ കാമുകിയായ അനുഷ കൊല്ലാന്‍ ശ്രമിച്ചത്. എയര്‍ എംബോളിസം മാര്‍ഗത്തിലൂടെ (വായു ഞരമ്പില്‍ കയറ്റുക) സ്‌നേഹയ്ക്ക് ഹൃദയാഘാതംവരുത്തുകയും സ്വാഭാവികമരണമെന്ന് വരുത്തി തീര്‍ക്കുകയുമായിരുന്നു അനുഷയുടെ ലക്ഷ്യമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
അനുഷ പിടിയിലായതോടെ സ്‌നേഹയുടെ ഭർത്താവ് അരുൺകുമാർ ഒളിവിൽ പോയി. സ്‌നേഹ ആശുപത്രിയില്‍ പ്രസവിച്ചുകിടക്കുന്ന വിവരമുള്‍പ്പെടെ അരുണ്‍ വാട്‌സാപ്പ് ചാറ്റിങ്ങിലൂടെ അനുഷയെ അറിയിച്ചിരുന്നതായും ഇരുവരും നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് വിവാഹം കഴിച്ച അനുഷയുടെ നിലവിലെ ഭര്‍ത്താവ് വിദേശത്താണ്. ഇതിനിടയിലാണ് അരുണുമായി പ്രണയത്തിലായത്.
ബി ഫാം പഠനം പൂർത്തിയാക്കിയ അനുഷ മാവേലിക്കരയിൽ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്തിരുന്നു. പ്രതിയെ തെളിവെടുപ്പിനായി രാവിലെ 11 മണിയോടെ കൃത്യം നടത്തിയ ആശുപത്രിയിലെത്തിക്കും. ഇവിടെയുള്ള സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചുകിടന്ന സ്‌നേഹയെ വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍, കുഞ്ഞിന് നിറംമാറ്റമുള്ളതിനാല്‍ ഡോക്ടര്‍മാര്‍ തുടര്‍ചികിത്സ നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് സ്‌നേഹയും അവരുടെ അമ്മയും ആശുപത്രിയില്‍ തങ്ങി. ഇരുവരും മുറിയില്‍ ഇരിക്കുമ്പോഴാണ് വൈകീട്ട് അഞ്ചുമണിയോടെ നഴ്‌സിന്റെ വേഷത്തില്‍ അനുഷ മുറിയില്‍ എത്തിയത്. സ്‌നേഹയ്ക്ക് ഒരു കുത്തിവെയ്പുകൂടി ബാക്കിയുണ്ടെന്നും അതെടുക്കാന്‍ വന്നതാണെന്നും പറഞ്ഞു. തങ്ങള്‍ ഡിസ്ചാര്‍ജായതാണെന്നും ഇനി കുത്തിവെയ്പ് വേണ്ടാ എന്നും പറഞ്ഞെങ്കിലും കേട്ടില്ല.
സ്‌നേഹയുടെ കൈയില്‍പിടിച്ച് കുത്തിവെയ്‌പെടുക്കാന്‍ ശ്രമിച്ചതോടെ അമ്മയ്ക്ക് സംശയം തോന്നി. അനുഷ രണ്ടുതവണ യുവതിയുടെ കൈയില്‍ സിറിഞ്ച് ഇറക്കിയിട്ടും ഞരമ്പ് കിട്ടാത്തതിനാല്‍ അടുത്തതിന് ശ്രമിച്ചിരുന്നു. സംഭവത്തിൽ പന്തികേടുതോന്നിയ അമ്മ നഴ്‌സിങ്‌റൂമിലെത്തി വിവരം പറഞ്ഞു. നഴ്‌സുമാരെത്തി കണ്ടപ്പോള്‍ തന്നെ യൂനിഫോമിലെ വ്യത്യാസം മൂലം പ്രതി ആശുപത്രി ജീവനക്കാരിയല്ലെന്ന് മനസ്സിലായി. ആശുപത്രിയില്‍ കുത്തിവെയ്‌പെടുക്കാന്‍ നിയോഗിച്ച നഴ്‌സുമാര്‍ക്ക് പ്രത്യേക യൂണിഫോമാണ്. എന്നാല്‍, അനുഷ ധരിച്ചിരുന്നത് അത്തരത്തിലുള്ളതായിരുന്നില്ല. തലയിൽ തട്ടവും മുഖത്ത് മാസ്കും ധരിച്ചിരുന്നു. ചോദ്യംചെയ്തതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച അനുഷയെ നഴ്‌സുമാര്‍ തടഞ്ഞുവെച്ച് സുരക്ഷാജീവനക്കാരെ ഏൽപിച്ചു. പിന്നീട് പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.