കുത്തിവെപ്പിനിരയായ സ്നേഹയുടെ പിതാവ് സുരേഷ്, പ്രതി അനുഷ

‘പ്രസവ ശേഷം സംരക്ഷണത്തിനുള്ള കുത്തിവെപ്പാ​ണിത്. രണ്ട് ദിവസം ഞാൻ ലീവായിരുന്നു’ -നഴ്സ് ചമഞ്ഞെത്തിയ അനുഷ പറഞ്ഞത്

തിരുവല്ല: പ്രസവം കഴിഞ്ഞ് പോകുമ്പോൾ സംരക്ഷണത്തിനുള്ള കുത്തിവെപ്പാണെന്ന് പറഞ്ഞാണ് നഴ്സ് ചമഞ്ഞെത്തിയ അനുഷ തന്റെ മകൾക്ക് ഇൻജക്ഷൻ നൽകിയതെന്ന് ആശുപത്രിയിൽ വധശ്രമത്തിനിരയായ യുവതിയുടെ പിതാവ് സുരേഷ്. പ്രസവിച്ച ശേഷം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്‌നേഹയെ (24)യാണ് ഇവരുടെ ഭർത്താവിന്റെ കാമുകി കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ(30) കുത്തിവെപ്പ് നൽകി കൊലപ്പെടുത്താൻ ശ്രമിച്ചത്.

‘ഡിസ്ചാർജായ തങ്ങൾക്ക് എന്തിനാണ് ഇൻജക്ഷൻ എന്ന് മകൾ ചോദിച്ചിരുന്നു. നിങ്ങളെ ഇതുവരെ ഇവി​ടെ കണ്ടിട്ടില്ലല്ലോ എന്നും മകൾ ആരാഞ്ഞു. ‘രണ്ട് ദിവസം ഞാൻ ലീവായിരുന്നു, ഇന്നാണ് ലീവ് കഴിഞ്ഞെത്തിയത് എന്നായിരുന്നു അനുഷയുടെ മറുപടി’ -സുരേഷ് ‘മാധ്യമം ഓൺലൈനി’നോട് പറഞ്ഞു. സ്‌നേഹയ്ക്ക് ഒരു കുത്തിവെയ്പുകൂടി ബാക്കിയുണ്ടെന്നും അതെടുക്കാന്‍ വന്നതാണെന്നുമാണ് പ്രതി പറഞ്ഞത്. തങ്ങള്‍ ഡിസ്ചാര്‍ജായതാണെന്നും ഇനി കുത്തിവെയ്പ് വേണ്ടാ എന്നും പറഞ്ഞെങ്കിലും കേട്ടില്ല.

സ്‌നേഹയുടെ കൈയില്‍പിടിച്ച് കുത്തിവെയ്‌പെടുക്കാന്‍ ശ്രമിച്ചതോടെ അമ്മയ്ക്ക് സംശയം തോന്നി. രണ്ടുതവണ കൈയില്‍ സിറിഞ്ച് ഇറക്കിയിട്ടും ഞരമ്പ് കിട്ടാത്തതിനാല്‍ അടുത്തതിന് ശ്രമിച്ചിരുന്നു. പിന്നീട് റൂമിൽനിന്നിറങ്ങിയ ഉടൻ സംഭവത്തിൽ പന്തികേടുതോന്നിയ അമ്മ നഴ്‌സിങ്‌റൂമിലെത്തി വിവരം പറഞ്ഞു. നഴ്‌സുമാരെത്തി കണ്ടപ്പോള്‍ തന്നെ യൂനിഫോമിലെ വ്യത്യാസം മൂലം പ്രതി ആശുപത്രി ജീവനക്കാരിയല്ലെന്ന് മനസ്സിലായി. ആശുപത്രിയില്‍ കുത്തിവെപ്പെടുക്കാന്‍ നിയോഗിച്ച നഴ്‌സുമാര്‍ക്ക് പ്രത്യേക യൂണിഫോമാണ്. എന്നാല്‍, അനുഷ ധരിച്ചിരുന്നത് അത്തരത്തിലുള്ളതായിരുന്നില്ല. തലയിൽ തട്ടവും മുഖത്ത് മാസ്കും ധരിച്ചിരുന്നു. ചോദ്യംചെയ്തതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച അനുഷയെ നഴ്‌സുമാര്‍ തടഞ്ഞുവെച്ച് സുരക്ഷാജീവനക്കാരെ ഏൽപിച്ചു. പിന്നീട് പുളിക്കീഴ് പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

അുഷക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. ആൾമാറാട്ടക്കുറ്റവും ചുമത്തിയിട്ടുണ്ട്. എയര്‍ എംബോളിസം മാര്‍ഗത്തിലൂടെ (വായു ഞരമ്പില്‍ കയറ്റുക) സ്‌നേഹയ്ക്ക് ഹൃദയാഘാതംവരുത്തുകയും സ്വാഭാവികമരണമെന്ന് വരുത്തി തീര്‍ക്കുകയുമായിരുന്നു അനുഷയുടെ ലക്ഷ്യമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

അനുഷ പിടിയിലായതോടെ സ്‌നേഹയു​ടെ ഭർത്താവ് അരുൺകുമാർ ഒളിവിൽ പോയി. സ്‌നേഹ ആശുപത്രിയില്‍ പ്രസവിച്ചുകിടക്കുന്ന വിവരമുള്‍പ്പെടെ അരുണ്‍ വാട്‌സാപ്പ് ചാറ്റിങ്ങിലൂടെ അനുഷയെ അറിയിച്ചിരുന്നതായും ഇരുവരും നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് വിവാഹം കഴിച്ച അനുഷയു​ടെ നിലവിലെ ഭര്‍ത്താവ് വിദേശത്താണ്. ഇതിനിടയിലാണ് അരുണുമായി പ്രണയത്തിലായത്.

ബി ഫാം പഠനം പൂർത്തിയാക്കിയ അനുഷ മാവേലിക്കരയിൽ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്തിരുന്നു. പ്രതി​യെ തെളിവെടുപ്പിനായി കൃത്യം നടത്തിയ ആശുപത്രിയിലെത്തിക്കും. ഇവിടെയുള്ള സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചുകിടന്ന സ്‌നേഹയെ വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍, കുഞ്ഞിന് നിറംമാറ്റമുള്ളതിനാല്‍ ഡോക്ടര്‍മാര്‍ തുടര്‍ചികിത്സ നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് സ്‌നേഹയും അവരുടെ അമ്മയും ആശുപത്രിയില്‍ തങ്ങി. ഇരുവരും മുറിയില്‍ ഇരിക്കുമ്പോഴാണ് വൈകീട്ട് മൂന്നരയോടെ നഴ്‌സിന്റെ വേഷത്തില്‍ അനുഷ മുറിയില്‍ എത്തിയത്. 

Tags:    
News Summary - Thiruvalla parumala hospital murder attempt by injection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.