തിരുവനന്തപുരം: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തമായ പേമാരിയായി പെയ്തിറങ്ങിയതോടെ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് തിരുവനന്തപുരമാണ്. ജില്ലയിൽ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 156 ശതമാനം അധികം മഴയാണ് ലഭിച്ചത്.
135.8 മി.മീറ്റർ മഴയാണ് ഒക്ടോബർ ഒന്ന് മുതൽ 16 വരെ ലഭിക്കേണ്ടിയിരുന്ന ശരാശരി മഴ. കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട കണക്കിൽ ഒക്ടോബർ 16 വരെ 347.3 മി.മീറ്റർ മഴയാണ് ലഭിച്ചത്.
കേരളത്തിൽ ആകെ 17 ശതമാനം അധികം മഴയിലേക്ക് എത്തി. 165 മി.മീറ്റർ മഴ ലഭിക്കേണ്ടിയിടത്ത് 192.7 മി.മീറ്റർ മഴ ലഭിച്ചു. അധികം മഴ ലഭിച്ചതിൽ പത്തനംതിട്ടയാണ് തിരുവനന്തപുരത്തിന് തൊട്ടുപിന്നിൽ. 88 ശതമാനം അധികം മഴ ലഭിച്ചു.
കാസർക്കോടും മാഹിയിലുമാണ് മഴ കമ്മിയുള്ളത്. കാസർക്കോട് 20 ശതമാനം കുറവാണ് ലഭിച്ചത്. 140.8 മി.മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 112 മി.മീറ്റർ മഴയെ ലഭിച്ചിട്ടുള്ളൂ. മാഹിയിൽ 24 ശതാമാനം മഴക്കമ്മിയാണുള്ളത്.
തൃശൂരിലും വയനാട്ടിലും ഇടുക്കിയിലും മഴ ശരാശരിയിലേക്ക് എത്തിയിട്ടില്ല. തൃശൂരിൽ 19 ഉം വയനാട്ടിൽ 18 ഉം ഇടുക്കിയിൽ 13 ഉം ശതമാനത്തിന്റെ കുറവുണ്ട്.
തലസ്ഥാനം മുങ്ങി
തിരുവനന്തപുരം: ഒറ്റരാത്രികൊണ്ട് പെയ്തിറങ്ങിയ മഴയിൽ തലസ്ഥാനം മുങ്ങി. അതിതീവ്ര മഴയെപ്പോലും വെല്ലുന്ന മഴവെള്ളപ്പാച്ചിലിൽ നഗര ഗ്രാമ വ്യത്യാസമില്ലാതെ വെള്ളം ഇരച്ചുകയറിയപ്പോൾ പകച്ചുനിൽക്കാനെ തലസ്ഥാനവാസികൾക്ക് കഴിഞ്ഞുള്ളൂ. ചരിത്രത്തിലാദ്യമായി ടെക്നോപാർക്കിന്റെ മുഖ്യകവാടംപോലും വെള്ളത്തിൽ മുങ്ങിയപ്പോൾ രക്ഷകരായത് ഫയർഫോഴ്സും സ്കൂബ ഡൈവിങ് ടീമും മത്സ്യത്തൊഴിലാളികളും പിന്നെ ചെറുപ്പക്കാരും.
കനത്ത മഴയിൽ തെറ്റിയാറും ആമയിഴഞ്ചാൻ തോടും പാർവതീ പുത്തനാറും നിറഞ്ഞുകവിഞ്ഞതോടെ 2018ലെ പ്രളയസമാന അന്തരീക്ഷമാണ് നഗരത്തിലുണ്ടായത്. തിരുവനന്തപുരം സിറ്റിയിൽ 118.4 മി. മീറ്ററും തിരുവനന്തപുരം എയർപോർട്ടിൽ 211.4 മി.മീറ്ററും വർക്കലയിൽ 78.4. മി.മീറ്ററും നെയ്യാറ്റിൻകരയിൽ 187.5 മി. മീറ്ററും മഴയാണ് കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത്. ഞായറാഴ്ച ജില്ല ഓറഞ്ച് അലർട്ടിലേക്ക് മാറി.
മഴക്കെടുതിയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 875 പേരെ നിലവിൽ വിവിധ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചു. ജില്ലയിൽ ആറ് വീടുകൾ പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്നു. തിരുവനന്തപുരം താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നത്. 16 ക്യാമ്പുകളിലായി 580 പേരാണുള്ളത്. ചിറയിൻകീഴ് താലൂക്കിൽ നാല് ക്യാമ്പുകളിലായി 249 പേരും വർക്കല താലൂക്കിൽ ഒരു ക്യാമ്പിലായി 46 പേരെയും മാറ്റിപ്പാർപ്പിച്ചു. മുക്കുടില്‍ മാമൂട് എസ്.എസ് ഹൗസില്‍ ഷംനാദിന്റെ വീട് മണ്ണിനടിയിലായ നിലയില്‍
തലസ്ഥാനത്തിന്റെ സൈബർ നഗരമായ കഴക്കൂട്ടം, കുളത്തൂർ പ്രദേശങ്ങളിൽ 48 വീടുകൾ വെള്ളത്തിൽ മുങ്ങി. 165 വീടുകളിൽ വെള്ളം കയറി. ബഹുനില കെട്ടിടങ്ങളിൽ പുറത്തിറങ്ങാൻ കഴിയാതെ അകപ്പെട്ട നാനൂറോളം ടെക്നോപാർക്ക് ജീവനക്കാരെ ഫയർഫോഴ്സിന്റെ ഡിങ്കി ബോട്ടിലും വള്ളത്തിലും നാട്ടുകാരുടെ നേതൃത്വത്തിൽ വാർപ്പുകളിലുമായാണ് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചത്.
ഞായറാഴ്ച പുലർച്ചെ നാലോടെയാണ് വലിയതോതിൽ വെള്ളം ജനവാസ മേഖലയിലേക്ക് ഒഴുകിയെത്തിയത്. ഉറക്കത്തിൽനിന്ന് ഉണരുമ്പോൾ വീട്ടിൽ മുട്ടോളം വെള്ളം നിറഞ്ഞ അവസ്ഥയിലായിരുന്നു. വെള്ളപ്പൊക്കത്തിൽ പൂർണമായും ഒറ്റപ്പെട്ട ടെക്നോപാർക്ക് ഫേസ് ത്രീക്ക് സമീപത്തെ നാല് കുടുംബങ്ങളെ പുലർച്ചെ അഞ്ചോടെ കഴക്കൂട്ടം ഫയർഫോഴ്സെത്തി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. പോത്തൻകോട് വെള്ളം കയറി മതിലുകൾ ഇടിഞ്ഞ വിവരം വീട്ടുകാരെ അറിയിക്കാനായി എത്തിയ യുവാവിന്റെ കാലിൽ മതിൽ ഇടിഞ്ഞുവീണ് പരിക്കേറ്റു.
കഴക്കൂട്ടം, അമ്പലത്തിൻകര, മുള്ളുവിള ഭാഗത്തെ വീടുകളിലും ഹോസ്റ്റലിലും കുടുങ്ങിയ 200ഓളം ടെക്നോപാർക്ക് ജീവനക്കാരെ ഫയർഫോഴ്സിന്റെ ഡിങ്കി ബോട്ടുകളിൽ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. പൗണ്ടുകടവ്, വലിയവേളി, കൊച്ചുവേളി, കരിമണൽ, വെട്ടുകാട്, കുളത്തൂർ, കഴക്കൂട്ടം ഭാഗങ്ങളിൽ റോഡുകളിൽ ഉൾപ്പെടെ രൂക്ഷമായ വെള്ളക്കെട്ടും ഗതാഗതതടസ്സവും ഉണ്ടായി.
ദേശീയപാതയിൽ നിരവധിയിടത്ത് സർവിസ് റോഡുകൾ വെള്ളത്തിനടിയിലായി. ഈ ഭാഗങ്ങളിൽ ഗതാഗതം നിർത്തിവെച്ചു. ചാക്ക ബൈപാസിലെ വെള്ളക്കെട്ടിൽ കുടുങ്ങി നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. ടെക്നോപാർക്ക് പരിസരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും മഴയിൽ മുങ്ങി. അവധി ദിവസമായതിനാൽ കൂടുതൽ ജീവനക്കാർ ഉണ്ടാകാതിരുന്നത് വലിയൊരു അനുഗ്രഹമായതായി ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.
തെറ്റിയാർ തോട് കരകവിഞ്ഞതിനെത്തുടർന്ന് വെള്ളം ഇരച്ചെത്തിയതോടെ കഴക്കൂട്ടം സബ്സ്റ്റേഷന്റെ പ്രവർത്തനം തടസ്സപ്പെട്ടു. കാര്യവട്ടം യൂനിവേഴ്സിറ്റി കാമ്പസ്, കുഴിവിള, ഓഷ്യാനസ് എന്നിവിടങ്ങളിലെ 11 കെ.വി. ഫീഡറുകൾ സ്വിച്ച് ഓഫ് ചെയ്തതിനെതുടർന്ന് കഴക്കൂട്ടം, ശ്രീകാര്യം, കുളത്തൂർ കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷനുകൾക്ക് കീഴിലെ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം നിലച്ചു.
ഈ ഫീഡറുകളിൽ നിന്ന് വൈദ്യുതി എത്തിയിരുന്ന വി.എസ്.എസ്.സി, മുട്ടത്തറ, വേളി സബ്സ്റ്റേഷനുകളുടെ പ്രവത്തനവും ഭാഗികമായി തടസ്സപ്പെട്ടു. മറ്റിടങ്ങളിൽനിന്ന് വൈദ്യുതി എത്തിക്കാനുള്ള ശമം നടക്കുന്നതായി കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു
വിഴിഞ്ഞം വെണ്ണിയൂർ നെടിഞ്ഞലിൽ വീടിന് പുറത്തേക്ക് മണ്ണിടിഞ്ഞ് വീണു. നാലുദിവസം പ്രായമുള്ള കൈക്കുഞ്ഞടക്കമുള്ള കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു. നെടിഞ്ഞൽ കൃപാഭവനിൽ ദേവരാജന്റെ വീടിന് പുറത്തേക്കാണ് സമീപത്തെ ഉയർന്ന സ്ഥലത്തെ മണ്ണിടിഞ്ഞ് വീണത്. ഇതിനൊപ്പം പാറകളും വീണു. വീട്ടിലെ കിണർ മണ്ണുമൂടി. ശനിയാഴ്ച രാത്രി 12 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്.
വീടിനുള്ളിലേക്ക് വെള്ളവും മണ്ണും ഒഴുകിയെത്തി. സിന്ധുവിന്റെ മകളുടെ നാലു ദിവസം പ്രായമുള്ള കുഞ്ഞും വൃദ്ധയുമുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ സമീപത്തെ വീട്ടിൽ അഭയം തേടി. പാച്ചല്ലൂരിൽ അർധരാത്രി വെള്ളം കയറുന്നത് കണ്ട് വീട്ടുകാർ പുറത്തേക്ക് ഓടിയതിന് പിന്നാലെ വീട് തകർന്നു.
പാച്ചല്ലൂർ എൽ.പി സ്കൂളിന് പുറകിൽ കരിച്ചാട്ടു വീട്ടിൽ മോഹനന്റെ ഓടിട്ട വീടാണ് തകർന്നത്. മോഹനൻ, മാതാവ്, സഹോദരി, ഇവരുടെ മകൻ എന്നിവരുൾപ്പെടെയുള്ളവർ വീട്ടിൽ ഉണ്ടായിരുന്നു. രാത്രി ഒന്നിന് മോഹനൻ ഉണർന്നപ്പോൾ മുറി നിറയെ വെള്ളം നിറഞ്ഞതുകണ്ടു. ഇതോടെ എല്ലാപേരെയും വിളിച്ചുണർത്തി പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.