തിരുവനന്തപുരം: നിപ രോഗ ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാർഥിക്ക് നിപയില്ലെന്ന് സിഥിരീകരിച്ചു. അസ്വാഭാവിക പനിബാധയോടെ ചികിത്സ തേടിയ തിരുവനന്തപുരം ഡെന്റല്‍ കോളജ് വിദ്യാര്‍ഥിയാണ് മെഡിക്കല്‍ കോളജില്‍ പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്.
തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥിക്ക് നിപയല്ലെന്ന് സ്ഥിരീകരണമായത്. തോന്നയ്ക്കലില്‍ നടത്തിയ ആദ്യ നിപ പരിശോധനയായിരുന്നു ഇത്.
അതേസമയം, കോഴിക്കോട്ട് ഒരാള്‍ക്കുകൂടി നിപ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ 24കാരനായ ആരോഗ്യ പ്രവര്‍ത്തകനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതോടെ ജില്ലയിൽ നിപ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ഇതിൽ മൂന്നുപേർ ചികിത്സയിലാണ്.
നേരത്തെ മരിച്ച രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 30ന് മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയുടെ സമ്പർക്ക പട്ടികയിലുള്ളയാളാണ് പതുതായി രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകൻ. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
രണ്ട് ആരോഗ്യപ്രവർത്തകരുൾപ്പെടെ രോഗലക്ഷണങ്ങളുള്ള 13 പേരുടെ സ്രവം കൂടി പുണെ വൈറോളജി ലാബിലേക്ക് പരിശോധനക്കയച്ചതിൽപെട്ടതാണ് രോഗം സ്ഥിരീകരിച്ചയാൾ. ഇതുവരെ 18 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്.
ചികിത്സയിലുള്ളവരുടെ ലക്ഷണങ്ങൾ ഗുരുതരമല്ല. നേരത്തെ പരിശോധനക്കയച്ച രണ്ടു സാമ്പിളുകളുടെ ഫലം നെഗറ്റിവാണ്. രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20 ആയി. 13 പേർ കോഴിക്കോട് മെഡിക്കൽ കോളജിലും ഏഴുപേർ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. മരുതോങ്കരയിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന മൂന്നു പേർക്ക് പനിയുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.