ആലുവ: ഡൽഹി പൊലീസിന്റെ പേരിൽ അൻവർ സാദത്ത് എം.എൽ.എയുടെ ഭാര്യയിൽ നിന്ന് പണം തട്ടാൻ ശ്രമം. ഡൽഹിയിൽ പഠിക്കുന്ന മകളെ അറസ്റ്റ് ചെയ്തെന്ന് പറഞ്ഞ് +92 322 1789985 എന്ന നമ്പറിൽ നിന്നാണ് വാട്സ് ആപ് കോൾ വന്നത്. വാട്സ് ആപ്പിന്റെ പ്രൊഫൈൽ ചിത്രം ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻറെ യൂനിഫോമിലുള്ളതായിരുന്നു.
സംസാരത്തിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണെന്ന് സംശയം തോന്നിയതോടെ ഭാര്യ ഫോൺ കട്ട് ചെയ്ത് ഉടനെ എം.എൽ.എയെ വിളിച്ച് വിവരം പറഞ്ഞു. അദ്ദേഹം ഉടൻ മകളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മകൾ കോളജിൽ സുരക്ഷിതയാണെന്ന് മനസിലായി. പിന്നാലെ സൈബർ സെല്ലിലും ആലുവ സി.ഐക്കും എം.എൽ.എ പരാതി നൽകി. സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും മകളുടെ വിവരങ്ങളും ഭാര്യയുടെ ഫോൺ നമ്പറും തട്ടിപ്പ് സംഘത്തിന് എങ്ങിനെ ലഭിച്ചെന്ന് കണ്ടെത്തണമെന്നും എം.എൽ.എ പൊലീസിനോട് ആവശ്യപ്പെട്ടു.
ഇത്തരം തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തട്ടിപ്പ് ഫോണുകൾ വന്നാൽ ഭയപ്പെടാതെ ഉടൻ പൊലീസിനെ അറിയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.