ജലനിരപ്പ് പൂർണ സംഭരണശേഷിയിലേക്ക് എത്തിയതിനെത്തുടർന്ന് അഞ്ചാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. രാവിലെ 10.59ന് ചെറുതോണി ഡാമിന്റെ ഷട്ടർ 50 സെന്റീമീറ്റർ ഉയർത്തിയാണ് സെക്കൻഡിൽ 100 ക്യുമക്സ് വെള്ളം (ഒരു ലക്ഷം ലിറ്റര്) പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഇടുക്കി ഡാം തുറക്കുന്നതിന്റെ മുന്നോടിയായി രാവിലെ 10.49ന് ആദ്യ മുന്നറിയിപ്പ് സൈറൺ മുഴങ്ങി. തുടർന്ന് 10.50നും 10.55നും രണ്ടും മൂന്നും സൈറണുകൾ മുഴങ്ങി. ഇതിന് പിന്നാലെ 10.59തോടെ അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ ആദ്യം തുറന്നു. തുടർന്ന് 12 മണിയോടെ രണ്ടാമത്തെ ഷട്ടറും തുറന്ന് വെള്ളം ഒഴുക്കിവിട്ടു. 12.29 ഒാടെ മൂന്നാമതായി നാലാമത്തെ ഷട്ടറും തുറന്നു.
ഇതിന് മുമ്പ് നാല് തവണയാണ് ഡാം തുറന്നത്. 1981 ഒക്ടോബർ 29, 1992 ഒക്ടോബർ 12, 2018 ആഗസ്റ്റ് ഒമ്പത്, ഒക്ടോബർ ആറ് എന്നീ തീയതികളിലാണ് മുമ്പ് ഇടുക്കി അണക്കെട്ട് തുറന്നത്. അപൂർവം ചില അവസരങ്ങളിൽ അണക്കെട്ട് നിറഞ്ഞെങ്കിലും തുറക്കേണ്ട സാഹചര്യമുണ്ടായില്ല.
കുറവൻ കുറത്തി മലകളെ ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിർമിച്ചിരിക്കുന്ന ഇടുക്കി ജലസംഭരണിയുടെ ഭാഗമായി ആർച് ഡാം അടക്കം മൂന്ന് അണക്കെട്ടുകളാണുള്ളത്. കുളമാവ്, ചെറുതോണി എന്നിവയാണ് മറ്റ് രണ്ടെണ്ണം. ആർച് ഡാമിന് ഷട്ടറുകളില്ല. ജലനിരപ്പ് ക്രമീകരിക്കാൻ ചെറുതോണി ഡാമിെൻറ ഷട്ടറാണ് തുറക്കുക. സമീപ വില്ലേജുകളായ ഇടുക്കി, തങ്കമണി, ഉപ്പുതോട്, കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ കുടുംബങ്ങളെയാകും കാര്യമായി ബാധിക്കുക. വെള്ളം ആദ്യം ചെറുതോണി പുഴയിലൂടെ ഒഴുകി പെരിയാറിലെത്തും. അവിടെനിന്ന് നേര്യമംഗലം വഴി ഭൂതത്താൻകെട്ട് അണക്കെട്ടിലൂടെ കീരമ്പാറ, കോടനാട്, മലയാറ്റൂർ, കാലടി, ആലുവ, ഏലൂർ എന്നിവിടങ്ങളിലൂടെ ഒഴുകി അറബിക്കടലിലെത്തും. മുൻകരുതലെന്നോണം ഇടമലയാർ, ലോവർ പെരിയാർ, ഭൂതത്താൻകെട്ട് ഡാമുകൾ ഭാഗികമായി തുറന്നിട്ടുണ്ട്.
1981 ഒക്ടോബർ 29നാണ് ആദ്യമായി ഡാം തുറന്നത്. ചെറുതോണിയിലെ അഞ്ച് ഷട്ടറുകളും 15 ദിവസം തുറന്നുവെച്ചു. 1992 ഒക്ടോബർ 12 മുതൽ അഞ്ച് ദിവസം തുറന്നു. 26 വർഷത്തിന് ശേഷം മഹാപ്രളയകാലത്ത് 2018 ആഗസ്റ്റ് ഒമ്പതിനാണ് മൂന്നാമത് തുറന്നത്. സെപ്റ്റംബർ ഏഴുവരെ 29 ദിവസം ഷട്ടറുകൾ 70 സെ.മീ തുറന്നുവെച്ചു. 15 മിനിറ്റ് കൊണ്ട് 50 സെൻറിമീറ്റർ ഉയർത്തി സെക്കൻഡിൽ 50 ഘനമീറ്റർ വെള്ളം പുറത്തേക്കൊഴുക്കി. അന്നത്തെ വൈദ്യുതി മന്ത്രി എം.എം. മണിയും വൻ ജനാവലിയും ചരിത്രമുഹൂർത്തത്തിന് സാക്ഷ്യംവഹിച്ചു.
ചെറുതോണിയാറിേലക്ക് ഒമ്പതാം മിനിറ്റിൽ ജലം ആർത്തലച്ച് എത്തിയതോടെ ആദ്യം പാലവും തുടർന്ന് ചെറുതോണി ടൗണും വെള്ളത്തിലായി. ബസ് സ്റ്റാൻഡിന് സമീപത്തെ തണൽമരങ്ങൾ മുഴുവൻ കടപുഴകി. ജലപ്രവാഹത്തിൽ ഹെക്ടർ കണക്കിന് പ്രദേശത്തെ കൃഷി നശിച്ചു. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഒക്ടോബർ ആറിന് ഒരു ഷട്ടർ മാത്രം വീണ്ടും ഉയർത്തിയിരുന്നു.
ഡാം തുറക്കൽ ഇങ്ങനെ
ചെറുതോണി: അടിയന്തര സാഹചര്യം പരിഗണിച്ച് പരീക്ഷണ തുറക്കൽ ഇല്ലാതെയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. വൈദ്യുതി വകുപ്പിലെ അണക്കെട്ട് സുരക്ഷ വിഭാഗം മെക്കാനിക്കൽ ഗേറ്റ് ഓപറേറ്റർ സ്വിച്ചിടുന്നതോടെ ചെറുതോണി അണക്കെട്ടിെൻറ മൂന്നാമത്തെ ഷട്ടർ ഉരുക്ക് വടത്തിെൻറ സഹായത്തോടെ ആദ്യം 30 സെ.മീ ഉയർത്തി വെള്ളം ഒഴുക്കും. അഞ്ചു മിനിറ്റ് കഴിഞ്ഞ് വീണ്ടും ഉയർത്തുന്നതോടെ വെള്ളം കുതിച്ചൊഴുകും. ഷട്ടർ ഓപറേറ്റിങ് മുറിയിൽ എക്സി. എൻജിനീയർ, ബോർഡിലെ െഡപ്യൂട്ടി ഡയറക്ടർ, അസി. എക്സി. എൻജിനീയർ എന്നിവരുമുണ്ടാകും.
ഇലക്ട്രിക് മോട്ടോറിലാണ് ഷട്ടർ പ്രവർത്തിക്കുന്നത്. സ്വിച്ച് ഓൺ ചെയ്യുമ്പോൾ കറങ്ങുന്ന മോട്ടോറിനൊപ്പം ഗിയർ സംവിധാനവും പ്രവർത്തിച്ചുതുടങ്ങും. ചക്രങ്ങളിൽ കറങ്ങുന്ന ഗിയറിൽ ഉരുക്കുവടമാണ് ഘടിപ്പിച്ചിരിക്കുന്നത്. വടങ്ങൾ ഡാമിെൻറ ഷട്ടർഗേറ്റുകളുമായി ഘടിപ്പിച്ചിരിക്കുന്നു. ആവശ്യാനുസരണം ഉയർത്താനും താഴ്ത്താനും സംവിധാനമുണ്ട്. ഷട്ടർ 50 സെ.മീ ഉയർത്താൻ രണ്ട് മിനിറ്റ് മതി. ഷട്ടർ ഉയർത്തുന്നതിന് മുന്നോടിയായി മോട്ടോറും വയറിങ്ങുകളും വടവുമെല്ലാം എണ്ണയിട്ട് മിനുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.