തിരുവനന്തപുരം: രാവിലെ ആറര. 'ഫ്രഷ് ഫിഷി'ന്റെ വാട്സ്ആപിലേക്ക് മെസേജുകൾ എത്തുന്നു- മത്തി ഒരു കിലോ, ചൂര അരക്കിലോ എന്നിങ്ങനെ. 24 കാരി ലിയ ഓർഡർ എടുക്കുന്നു. ആവശ്യപ്പെട്ടവർക്കെല്ലാം മൂന്നു മണിക്കൂറിനകം വീട്ടുവാതിൽക്കൽ എത്തിക്കാനുള്ള മീൻ മുറിച്ചു വൃത്തിയാക്കുകയാണ് ജോയ്സ് അലക്സും ഷേർളി പൗലോസും ലിസിയുമെല്ലാം. ശേഷം ജെസ്ലിയും അജിതയും സ്കൂട്ടറിൽ ഹോം ഡെലിവറിക്കായി തിരിക്കുന്നു.
തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പിള്ളിയിൽനിന്നുള്ള ഒരു കൂട്ടം വനിതകളാണ് അതിജീവന വഴിയായി ഓൺലൈൻ മത്സ്യക്കച്ചവടം തെരഞ്ഞെടുത്തത്. ആറ്റിങ്ങൽ, വർക്കല, കടയ്ക്കാവൂർ എന്നിവിടങ്ങളിലാണ് വിൽപന. കടപ്പുറത്തു പോയി വള്ളക്കാരിൽനിന്ന് മീൻ എടുത്ത് ചരുവങ്ങളിൽ നിറച്ച് വഴിയോരങ്ങളിലിരുന്നും വീട്ടുപടിക്കലും വിൽപന നടത്തുന്ന ഒട്ടേറെ വനിതകളാണ് തലസ്ഥാന ജില്ലയിലുള്ളത്. കോവിഡും കടലാക്രമണം മൂലമുള്ള തീരശോഷണവും ഇടനിലക്കാരുടെ ചൂഷണവുമെല്ലാം ഇവരിൽ പലരുടെയും തൊഴിൽ കുറച്ചു.
കോവിഡ് കാലത്തു തെരുവോര കച്ചവടക്കാരായ വനിതകളുടെ മത്സ്യക്കുട്ടകൾ അധികൃതർ കാലുകൊണ്ടു തട്ടിയെറിഞ്ഞതും പിഴ ഈടാക്കിയതുമായ സംഭവങ്ങളുണ്ടായതും ഇതേ അഞ്ചുതെങ്ങിലാണ്. അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സേവ ലൈവ് ലി ഹുഡിന്റെ പിന്തുണയിലാണ്, വെല്ലുവിളികൾ അതിജീവിക്കാൻ ഒരു കൂട്ടം സ്ത്രീകൾ രംഗത്തിറങ്ങിയത്. സേവാ സംസ്ഥാന സെക്രട്ടറി സോണിയ ജോർജ് ആണ് ഓൺലൈൻ മത്സ്യക്കച്ചവടത്തിന്റെ സാധ്യതകൾ മുന്നോട്ടുവെച്ചത്.
ഫെബ്രുവരി16 നു സംരംഭത്തിന് തുടക്കമായി. മീൻ വിൽപനയിൽ 35 ൽ അധികം വർഷം പരിചയമുള്ള ജോയ്സ് അലക്സാണ് ഏറ്റവും മുതിർന്ന അംഗം. ഷേർളിയുടെ മകളും ബിരുദധാരിയുമായ ലിയ ഏറ്റവും പ്രായം കുറഞ്ഞയാളും. പുലർച്ചെ അഞ്ചിനാരംഭിക്കുന്ന ജോലികൾ ഉച്ചക്കു 12ഓടെ പൂർത്തിയാകും.
വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ മീനെത്തിക്കാനാകുമെന്നും വിതരണ മേഖല വികസിപ്പിക്കാമെന്നുമുള്ള പ്രതീക്ഷയിലും ആത്മവിശ്വാസത്തിലുമാണ് അവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.