ചോദ്യങ്ങളെ പേടിയോ? മാധ്യമങ്ങളെ വിലക്കുന്നത് രണ്ടാംതവണ

കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളെ വാർത്തസമ്മേളനത്തിൽ നിന്ന് വിലക്കുന്നത് രണ്ടാംതവണ. നേരത്തെ ഒക്ടോബർ 24നായിരുന്നു രാജ്ഭവനിൽ വിളിച്ച വാർത്ത സമ്മേളനത്തിൽ ഒരു വിഭാഗം മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. മീഡിയവൺ, കൈരളി, റിപ്പോർട്ടർ, ജയ്ഹിന്ദ് എന്നീ ചാനലുകളെയാണ് അന്ന് വിലക്കിയത്.

കേരളത്തിലേത് കേഡർ മാധ്യമപ്രവർത്തകരാണെന്ന ആക്ഷേപവും ഗവർണർ ഉന്നയിച്ചു. കേഡർമാരോട് പ്രതികരിക്കില്ല. യഥാർഥ മാധ്യമപ്രവർത്തകർക്ക് രാജ്ഭവനിലേക്ക് അപേക്ഷ അയക്കാമെന്ന നിർദേശവും വെച്ചിരുന്നു.

രാജ്ഭവനിലേക്കുള്ള മാധ്യമ വിലക്കിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ജനാധിപത്യ വ്യവസ്ഥിതിക്ക് യോജിച്ചതല്ല ഗവർണറുടെ നടപടിയെന്നും സർക്കാരിനും ഗവർണർക്കും ഇടയിൽ നടക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലേക്ക് മാധ്യമപ്രവർത്തകരെ വലിച്ചിടുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും കേരള പത്രപ്രവർത്തക യൂനിയൻ വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ച രാവിലെ രാജ്ഭവനിലേക്ക് പോകുംവഴി കൊച്ചിയിൽ വിളിച്ച വാർത്താസമ്മേളനത്തിലാണ് ഗവർണർ മീഡിയവൺ, കൈരളി ചാനലുകളെ വിലക്കിയത്. ഇവരെ വാർത്താസമ്മേളനത്തിന് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിനിടെ മീഡിയവൺ, കൈരളി മാധ്യമപ്രവർത്തകർ കൂട്ടത്തിലുണ്ടോയെന്ന് ഗവർണർ പേരെടുത്ത് ചോദിക്കുകയായിരുന്നു. തുടർന്ന് ഇവരോട് വാർത്തസമ്മേളനത്തിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടു. മീഡിയവണും കൈരളിയും തനിക്കെതിരെ കാമ്പയിൻ നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു നടപടി.

Tags:    
News Summary - This is the second time Governor banning media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.