കോഴിക്കോട്: ഇന്ത്യയുടെ ഭരണഘടനയെയും നിയമവാഴ്ചയെയും ദേശീയതയെയും അഖണ്ഡതയെയും അംഗീകരിക്കാത്ത ഒരു പ്രസ്ഥാനവും മുസ്ലിം സമുദായത്തിൽ കേരളത്തിലോ നമ്മൾ അറിയുന്ന മറ്റു പ്രദേശങ്ങളിലോ ഇല്ല എന്നതാണ് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയുടെ നിലപാടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി. തങ്ങൾക്ക് ഇഷ്ടമല്ലാത്തവരെയും ഒപ്പം നിൽക്കാത്തവരെയും തീവ്രവാദികളാക്കി ആർ.എസ്.എസിന്റെ സ്വരത്തിൽ സി.പി.എം പോലുള്ള സംഘടനകൾ സംസാരിക്കുന്നത് ശരിയല്ലെന്നും തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി വ്യക്തമാക്കി. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയുടെ 70ാം വാർഷികത്തിൽ ‘മാധ്യമ’ത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
സ്ഥാപിത താൽപര്യങ്ങളുടെ പേരിൽ മുസ്ലിം സമുദായത്തിൽപ്പെട്ട പ്രസ്ഥാനങ്ങളിൽ തീവ്രവാദം ആരോപിക്കുകയും ഫാഷിസത്തിന് വെട്ടാൻ പാകത്തിന് നമ്മുടെ തലപിടിച്ചു കൊടുക്കുകയും ചെയ്യുന്നവരെ മുസ്ലിം സമുദായം ഒന്നടങ്കം മാനസികമായി പടിക്കുപുറത്ത് നിർത്തണം എന്നതാണ് സംഘടനയുടെ അചഞ്ചല നിലപാട്. അത് പ്രസ്ഥാനം പരസ്യമായി പറഞ്ഞിട്ടുള്ള കാര്യമാണെന്നും തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി വ്യക്തമാക്കി.
തങ്ങൾക്ക് ആഭിമുഖ്യമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രീതിയും കൈയടിയും നേടാൻ വേണ്ടി മുസ്ലിം സമുദായ സംഘടനകൾക്കുമേൽ വർഗീയത ആരോപിക്കുകയും തീവ്രവാദികളെന്ന് അധിക്ഷേപിക്കുകയും ചെയ്യുന്ന സമുദായത്തിലെ ചില നേതാക്കളോട് പറയാനുള്ളത്, നിങ്ങൾ ചെയ്യുന്നത് പ്രവാചകന്റെ നിലപാടുകളോടുള്ള അനീതിയാണെന്നാണ്. ദൈവത്തോട് പശ്ചാത്തപിച്ച് മടങ്ങേണ്ട കാര്യവുമാണത്. ഒരു രാഷ്ട്രീയ സംഘടനയോടും വിധേയത്വം ഇല്ലാത്ത ദക്ഷിണ കേരള ജംഇയ്യതുൽ ഉലമക്ക് ഇക്കാര്യം തുറന്നു പറയുന്നതിന് ഒരു മടിയും മറയും ഇല്ല.
സർക്കാർ ജോലി, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രാതിനിധ്യം എന്നിവ സംബന്ധമായ സ്ഥിതിവിവരക്കണക്ക് പുറത്തുവിടേണ്ടതില്ലേ എന്ന ചോദ്യത്തിന് തീർച്ചയായും അതാവശ്യമാണെന്ന് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി മറുപടി നൽകി. കേരളത്തിലെ മദ്റസ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്നു എന്നും മറ്റും വ്യാപകമായ അസത്യ പ്രചാരണങ്ങളാണ് അഴിച്ചുവിട്ടു കൊണ്ടിരിക്കുന്നത്. പ്രചാരണം കള്ളമാണെന്നറിയുന്ന, അത് തിരുത്താൻ ബാധ്യതയുള്ള അധികൃതർ മൗനമവലംബിക്കുന്നത് അധാർമികതയാണ്. സർക്കാർ ജോലികളിൽ 12 ശതമാനം പ്രാതിനിധ്യം ലഭിക്കേണ്ട മുസ്ലിം സമുദായത്തിന് അതിന്റെ പകുതി പോലും ലഭിച്ചിട്ടില്ല.
അറബിക് സർവകലാശാല വേണമെന്നത് എല്ലാ മുന്നണികളും പ്രകടന പത്രികയിൽ പറഞ്ഞതാണ്, അതുണ്ടായില്ല. അറബിഭാഷയുടെ വികാസം മുസ്ലിംകൾക്ക് മാത്രമല്ല പ്രയോജനപ്പെടുന്നത്. വിദേശത്ത് ജോലിക്കുപോകുന്ന എല്ലാ സമുദായങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കും ഗുണം ചെയ്യും. ജാതി-സമുദായ സെൻസസ് നടപ്പാക്കണമെന്ന ആവശ്യത്തിനൊപ്പമാണ് സംഘടന എന്നും തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.