തിരുവനന്തപുരം: തോമസ് ചാണ്ടി രാജിെവച്ചില്ലെങ്കിൽ പരസ്യനിലപാടെടുക്കേണ്ടി വരുമെന്ന് എൽ.ഡി.എഫ് യോഗത്തിൽ സി.പി.െഎ തുറന്നടിച്ചു. സി.പി.െഎ സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രി തോമസ് ചാണ്ടിയുമായി വാക്കുതർക്കവുമുണ്ടായി. താൻ നയിച്ച തെക്കൻ മേഖല ജനജാഗ്രത യാത്രയുടെ വേദിയിൽ തോമസ് ചാണ്ടി നടത്തിയ െവല്ലുവിളി അനുചിതമായെന്ന് കാനം പറഞ്ഞു. വെല്ലുവിളിച്ച് കൂടുതൽ നാൾ മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, കാനത്തിന് തെറ്റിദ്ധാരണയാണുള്ളതെന്നും താൻ പ്രതിപക്ഷത്തെയാണ് വെല്ലുവിളിച്ചതെന്നും തോമസ് ചാണ്ടി വിശദീകരിച്ചു.
ഘടകകക്ഷിയെന്ന നിലക്ക് എൻ.സി.പിയെ നാണം കെടുത്താനില്ലെന്നും രാജിക്കാര്യത്തില്‍ എന്‍.സി.പിതന്നെ തീരുമാനം എടുക്കുന്നതാകും ഉചിതമെന്ന നിർദേശവും സി.പി.ഐ മുന്നോട്ടുെവച്ചു. തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത് എൻ.സി.പിക്ക് ദോഷമാകുമെന്ന് സി.പി.ഐ ചൂണ്ടിക്കാട്ടി. എന്നാൽ, കോടതി വിധി വരെ രാജിക്കാര്യം നീട്ടണമെന്ന നിലപാട് എൻ.സി.പി കൈക്കൊണ്ടു. നിങ്ങൾ കാര്യം നേടാൻ സുപ്രീംകോടതി വരെ പോകുമായിരിക്കും.
അതുവരെ കാത്തിരിക്കണമോയെന്ന് കാനം രാജേന്ദ്രൻ മറുചോദ്യം ഉന്നയിച്ച് പരിഹസിച്ചു. ജനതാദള്‍ -എസ് ഉൾപ്പെടെ മറ്റു ഘടകകക്ഷികളും സി.പി.െഎയെ പിന്തുണച്ചു. സർക്കാർ നടപടിയെ ചോദ്യം ചെയ്ത് തോമസ് ചാണ്ടി കോടതിയെ സമീപിച്ചത് അനുചിതമായെന്ന അഭിപ്രായമാണ് ജനതാദൾ -എസ് പ്രതിനിധികൾ പ്രകടിപ്പിച്ചത്. യോഗത്തിലുണ്ടാകുന്ന പൊതുനിലപാടിനൊപ്പം നില്‍ക്കാമെന്ന് സി.പി.എമ്മും കേരള കോണ്‍ഗ്രസ് -എസും വ്യക്തമാക്കി.
എന്നാല്‍, രാജിയില്ലെന്ന നിലപാട് എന്‍.സി.പി ആവര്‍ത്തിച്ചു. ഇതോടെയാണ് സി.പി.ഐ സ്വരം കടുപ്പിച്ചത്. രാജിവെക്കാന്‍ തയാറായില്ലെങ്കില്‍ തങ്ങളുടെ നിലപാട് പരസ്യമാക്കേണ്ടിവരുമെന്ന് സി.പി.ഐ മുന്നറിയിപ്പ് നല്‍കി. ഇതോടെ രാജി വിഷയത്തില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കട്ടെയെന്ന സമവായ നിർദേശം ഉയർന്നു. ഇത് ഒടുവില്‍ എൻ.സി.പിയും അംഗീകരിക്കുകയായിരുന്നു.
യോഗതീരുമാനത്തിൽ സി.പി.െഎക്ക് സന്തോഷമാണുള്ളതെന്ന് യോഗത്തിനു ശേഷം പുറത്തുവന്ന കാനം രാജേന്ദ്രൻ പ്രതികരിച്ചു. വെള്ളപ്പുക കെണ്ടന്നായിരുന്നു പന്ന്യൻ രവീന്ദ്രെൻറ പ്രതികരണം. തോമസ് ചാണ്ടി ഇപ്പോൾ മന്ത്രിയായി തുടരുകയാണെന്നാണ് എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ മാസ്റ്റർ പ്രതികരിച്ചത്. യോഗത്തിനു ശേഷം ഇറങ്ങിയ മന്ത്രി തോമസ് ചാണ്ടി എല്ലാം എൽ.ഡി.എഫ് കൺവീനർ പറയുമെന്ന് പറഞ്ഞ് െകാച്ചിയിലേക്കു തിരിച്ചു.
യോഗം സംബന്ധിച്ച് വിശദീകരിക്കാൻ എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ വാർത്തസമ്മേളനം വിളിച്ചില്ല, പകരം യോഗതീരുമാനങ്ങൾ എന്നനിലയിൽ സോളാർ, ജനജാഗ്രത യാത്രകൾ സംബന്ധിച്ചും തോമസ് ചാണ്ടിക്കെതിരായ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് നിർദേശം നൽകിയെന്ന് വ്യക്തമാക്കുന്ന രണ്ടുവരിയും ഉൾപ്പെടുത്തിയ വാർത്തക്കുറിപ്പ് ഇറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.