തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാൻ കഴിയാത്തവിധം പഴുതുകളടച്ചതാണ് ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട്. അതുകൊണ്ടുതന്നെ ഭൂസംരക്ഷണ നിയമത്തിെൻറയും ചട്ടത്തിെൻറയും കുരുക്കിൽനിന്ന് തലയൂരുക മന്ത്രിക്ക് എളുപ്പമാകില്ല. നിയമോപദേശം ലഭിച്ചശേഷം തീരുമാനമെന്ന് റവന്യൂ മന്ത്രി ഉറപ്പിച്ചുപറയുന്നു. റിപ്പോർട്ടിൽ നിയമലംഘനങ്ങൾ അക്കമിട്ട് നിരത്തിയതിനാൽ മന്ത്രിയെ രക്ഷിക്കാൻ നിയമോപദേശത്തിലൂടെയും കഴിയില്ലെന്ന ആത്മവിശ്വാസത്തിലാണ് സി.പി.ഐ നേതൃത്വം. ഭൂസംരക്ഷണ നിയമത്തിെൻറ ഏഴാംവകുപ്പ് പ്രകാരം അഞ്ചുവർഷം തടവുശിഷ ലഭിക്കാവുന്ന കുറ്റകൃത്യം മന്ത്രി നടത്തിയെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഈ നിയമം അനുസരിച്ച് കുറ്റകൃത്യത്തിന് ജാമ്യം ലഭിക്കില്ല.
നിയമപ്രകാരമുള്ള കുറ്റവിചാരണ നടത്തുന്നതിനുള്ള അധികാരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്കാണ്. അനധികൃത കൈയേറ്റം ഒഴിപ്പിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള ചെറുത്തുനിൽപ് കൈയേറ്റക്കാരുടെ ഭാഗത്തുനിന്നുണ്ടായാൽ അറസ്റ്റ് വാറണ്ട് പുറപ്പെടുപ്പിക്കാനുള്ള അധികാരവും കലക്ടർക്കുണ്ട്. ഭൂസംരക്ഷണ നിയമപ്രകാരമുള്ള നടപടികളെ സിവിൽ കോടതി മുഖേന ചോദ്യംചെയ്യാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
കലക്ടറുടെ റിപ്പോർട്ട് പ്രകാരം ‘പുറമ്പോക്ക് വഴിയും സർക്കാർ മിച്ചഭൂമിയും’ വാട്ടർ വേൾഡ് ടൂറിസം കമ്പനി നികത്തി കൈവശം വെച്ചിരിക്കുകയാണ്. അനധികൃത കൈയേറ്റം കണ്ടുപിടിച്ചാൽ ഭൂസംരക്ഷണ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ലാൻഡ് റവന്യൂ അധികാരികൾ ഉടൻ നടപടി സ്വീകരിക്കണം. നിയമപ്രകാരം ഇക്കാര്യത്തിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കേണ്ടത് കലക്ടറാണ്. ആവശ്യമാണെങ്കിൽ ബലപ്രയോഗത്തിലൂടെയും കൈയേറ്റഭൂമി തിരിച്ചുപിടിക്കാം.
ഈ നിയമം ഉപയോഗിച്ചാണ് മുൻ മുഖ്യമന്ത്രി എ.കെ. ആൻറണിയുടെ കാലത്ത് മതികെട്ടാൻ ചോലയിലെ കൈയേറ്റം ഒഴിപ്പിച്ചത്. അനധികൃത കൈയേറ്റങ്ങൾ തടയേണ്ടത് റവന്യൂ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരുടെയും പ്രാഥമിക ചുമതലയാണ്. കൈയേറ്റമുണ്ടായാൽ വില്ലേജ് ഓഫിസർ കലക്ടർക്ക് റിപ്പോർട്ട് നൽകണം. കൈയേറ്റത്തിെൻറ സ്കെച്ച്, അതിെൻറ കാലം, കൈയേറ്റക്കാർ നടത്തിയ പ്രവർത്തനം തുടങ്ങിയ വിശദവിവരങ്ങളും റിപ്പോർട്ടിലുണ്ടായിരിക്കണം.
കലക്ടർ സ്ഥലസന്ദർശനം നടത്തി ചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാണ് നിയമം. കലക്ടറുടെ റിപ്പോർട്ടിൽ അടിവരയിട്ട് ചൂണ്ടിക്കാണിച്ച നിയമലംഘനങ്ങൾ അട്ടിമറിച്ച് എ.ജിക്ക് നിയമോപദേശം നൽകാൻ കഴിയില്ലെന്നാണ് ഈരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.