തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റം സംബന്ധിച്ച ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടിന്മേലുള്ള നടപടി വൈകിപ്പിക്കാൻ നീക്കം. അതിെൻറ ഭാഗമായാണ് റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ലേക്ക് പാലസ് നടത്തുന്ന വാട്ടർ വർക്സ് ടൂറിസം കമ്പനി ഡയറക്ടർ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന് കത്ത് നൽകിയതെന്ന് സൂചന.
റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചാല്‍ അത് കോടതി അലക്ഷ്യമാകുമെന്നാണ് കമ്പനിയുടെ വാദം. നെൽവയൽ-തണ്ണീർത്തട ഡാറ്റാ ബാങ്ക് വിജ്ഞാപനം ചെയ്യാത്തതിനാൽ ക്രിമിനൽ കേെസടുക്കാൻ കഴിയില്ല. എന്നാൽ, ഭൂസംരക്ഷണ നിയമം അനുസരിച്ച് കമ്പനി ഡയറക്ടർമാർക്കെതിരെ എഫ്.ഐ.ആർ ഇടാൻ കഴിയും. സർക്കാർ ഭൂമി സംരക്ഷിക്കുന്നതിനും അനധികൃത കൈയേറ്റം തടയുന്നതിനുമാണ് 1957ലെ ഭൂസംരക്ഷണനിയമം 2008ൽ ഭേദഗതിചെയ്തത്. ഭേദഗതിയനുസരിച്ച് സർക്കാർ ഭൂമി കൈയേറുന്നവർക്കെതിരെയും കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും പിഴയും തടവും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
കൈയേറ്റം തടയുന്നതിന് ഡെപ്യൂട്ടി കലക്ടർമാരുടെ നേതൃത്വത്തിൽ രണ്ട് ടാക്സ് ഫോഴ്സുകൾക്ക് രൂപംനൽകിയിരുന്നു. താലൂക്ക് തലത്തിൽ തഹസിൽദാറും അഡീഷനൽ തഹസിൽദാറുമാണ് ഇതിന് നേതൃത്വംനൽകിയത്. ഇടക്കാല റിപ്പോർട്ട് നൽകിയപ്പോൾ തന്നെ നിയമംലംഘനം ചൂണ്ടിക്കാണിച്ച് നടപടി സ്വീകരിക്കാൻ കലക്ടർക്ക് അധികാരമുണ്ട്. തോമസ് ചാണ്ടി മന്ത്രിയായതിന് ശേഷമാണ് 26 ലോഡ് മണ്ണ് പൊതുവഴിയിൽ ഇട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പൊതുവഴി കൈയേറി മണ്ണിട്ട് നികത്താൻ തിരുമാനിച്ചത് കമ്പനി ഡയറക്ടർമാരാണ്. അതിനാൽതന്നെ, പൊതുവഴി പഴയതുപോലാക്കി തിരിച്ചുനൽകാമെന്ന് പറഞ്ഞ് രക്ഷപ്പെടാൻ നിയമം അനുവദിക്കുന്നില്ല. സമാനമായ കേസിൽ ഉത്തരവാദിയായ കമ്പനിയുടെ ഡയറക്ടർമാരെ കോടതി ശിക്ഷിച്ച സംഭവവുമുണ്ട്. കായൽ നിലത്തിലെ 64 പ്ലോട്ടുകൾ വാങ്ങിയശേഷം സ്വന്തം ഭൂമിയും സർക്കാർ ഭൂമിയും തമ്മിൽ ലയിപ്പിച്ചാണ് നികത്തിയതെന്നും വ്യക്തമായിട്ടുണ്ട്. അതിന് ഉപഗ്രഹ ചിത്രങ്ങൾ തെളിവാണ്.
ആരോപണങ്ങളെല്ലാം ഹൈകോടതിയുടെ പരിഗണനയിലാണെന്ന വാദവും നിലനിൽക്കില്ല. എച്ച്.എം.എൽ കമ്പനിയുടെ 100ലധികം കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് നിവേദിത പി. ഹരൻ മുതൽ രാജമാണിക്യം വരെ നിരവധി അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിച്ചത്. ഏതായാലും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.