കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടിയെയാണ് തോമസ് ഐസക് വിമർശിച്ചത്. ഡോ. സിസ തോമസിന്‍റെ നിയമനം ചട്ടവിരുദ്ധമാണെന്നും കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും ഐസക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസിന്റെ നിയമനം സുപ്രീംകോടതിയാണ് റദ്ദാക്കിയത്. നിയമനം യു.ജി.സി ചട്ടങ്ങള്‍ക്ക് എതിരാണെന്ന് കാണിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എന്‍ജിനീയറിങ് വിഭാഗത്തിലെ മുന്‍ ഡീന്‍ പ്രഫസർ ഡോ. ശ്രീജിത്ത് പി.എസ്. നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.
ചട്ടവിരുദ്ധമെന്ന് ആരോപിച്ച് കേരളത്തിലെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ മുഴുവൻ രാജിവെക്കാൻ നോട്ടീസ് അയച്ച ഗവർണർ എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ പുതിയ ചാർജ് നൽകിയിരിക്കുന്നത് പൂർണമായും ചട്ടവിരുദ്ധമായിട്ടാണ്. ഒരു സംശയവുംവേണ്ട ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടും. ഒന്നിനു പുറകേ ഒന്നായി പരിഹാസ്യനായിക്കൊണ്ടിരിക്കുന്ന ഗവർണറെ അടുത്തൊരു തിരിച്ചടി കാത്തിരിക്കുകയാണ്.
യു.ജി.സി റെഗുലേഷനിൽ വൈസ് ചാൻസലർക്കു പകരം താൽകാലികമായി ചാർജ് ആർക്കെങ്കിലും നൽകേണ്ടി വന്നാൽ അതിനുള്ള നടപടി ക്രമങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ, സാങ്കേതിക സർവകലാശാലയിലെ നിയമത്തിൽ സെക്ഷൻ 13(7) പ്രകാരം ഇത്തരമൊരു സാഹചര്യത്തിൽ എന്തുവേണമെന്നു കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒന്നുകിൽ മറ്റൊരു വൈസ് ചാൻസലർ, അല്ലെങ്കിൽ ഈ സർവകലാശാലയുടെ പ്രോവൈസ് ചാൻസലർ, അല്ലെങ്കിൽ സർക്കാർ നിർദേശ പ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി – ഇവർക്ക് ആർക്കെങ്കിലും വേണം ചാർജ് കൊടുക്കാൻ.
ഗവർണ്ണർ മറ്റൊരു വൈസ് ചാൻസലർക്ക് ചാർജ് കൊടുക്കാൻ തയ്യാറല്ല. അതുകൊണ്ട് സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ പേര് നിർദേശിച്ചു. അതു തള്ളിക്കളഞ്ഞ് ടെക്നിക്കൽ എജ്യുക്കേഷൻ സീനിയർ ജോയിന്റ് ഡയറക്ടറായ സിസാ തോമസിന് ചാർജ് കൊടുക്കാൻ ഏകപക്ഷീയമായി തീരൂമാനിച്ചു. ചാൻസലർ ആയതുകൊണ്ട് തനിക്ക് ഇഷ്ടമുള്ളത് കേരളത്തിലെ സർവകലാശാലകളിൽ ചെയ്യാമെന്ന കലശലായ വിഭ്രാന്തിയിലാണ് ഗവർണർ.
അദ്ദേഹത്തെ ചാൻസലർ സ്ഥാനത്തുനിന്നും നീക്കുന്നതിനു നിയമ നിർമാണം വേണം. ആ നിയമത്തിനു താൻ അംഗീകാരം നൽകില്ലായെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഭസ്മാസുരനു വരം കിട്ടിയ പോലെ ആയിട്ടുണ്ട് ഗവർണറുടെ പെരുമാറ്റം. കേരളത്തിലെ നിയമസഭ നൽകിയ പദവി തിരിച്ചെടുക്കാൻ അനുവദിക്കില്ലായെന്നു പറഞ്ഞ് അധികാരത്തിൽ അള്ളിപ്പിടിച്ച് ഉന്നതവിദ്യാഭ്യാസത്തെ കുട്ടിച്ചോറാക്കാനുള്ള ആരിഫ് ഖാന്റെ ശ്രമങ്ങൾ എത്രനാൾ മുന്നോട്ടു പോകുമെന്നു നമുക്കു നോക്കാം. കേരളം മാത്രമല്ല, തമിഴ്നാട് അടക്കമുള്ള മറ്റു സംസ്ഥാനങ്ങൾ ഒരുമിച്ച് ഇത്തരം പ്രശ്നങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ ഉയർത്താൻ പോവുകയാണ്. ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ഏറ്റവും വലിയ പോരാട്ടമായിരിക്കും ഇത്. ആരിഫ് ഖാന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.