കൊച്ചിയിൽനിന്ന് ഹൈദരാബാദിന് 5171 രൂപ, തിരുവനന്തപുരത്തുനിന്ന് 9295; എയർപോർട്ട് കൊള്ളയുടെ കണക്ക് നിരത്തി തോമസ് ഐസക്

കേരളത്തിലെ വിമാനത്താവളങ്ങൾ നടത്തുന്ന കൊള്ളയുടെ കണക്കുകൾ നിരത്തി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് രംഗത്ത്. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹത്തി​ന്റെ പോസ്റ്റ്. ഡൽഹി, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽനിന്നുള്ള ഭീമമായ ചാർജ് വ്യത്യാസം രേഖപ്പെടുത്തിയാണ് ഐസക്കിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിൽനിന്ന്:

കൊച്ചിക്കാർ എത്ര ഭാഗ്യവാന്മാർ? കൊച്ചിയിൽ നിന്നും ഹൈദ്രാബാദ് പോകാൻ ഇന്നത്തെ ടിക്കറ്റ് ചാർജ്ജ് 5171 രൂപയാണ്. തിരുവനന്തപുരത്തു നിന്ന് ഹൈദ്രാബാദ് പോകാൻ 9295 രൂപയാണ്. ഹൈദ്രാബാദിലെ സൗത്ത് ഫെസ്റ്റ് ഫെഡറലിസം സെമിനാറിൽ പങ്കെടുക്കാൻ ടിക്കറ്റ് വാങ്ങിയപ്പോഴാണ് ഈ അന്തരം ബോധ്യപ്പെട്ടത്. അന്വേഷിച്ചു നോക്കുമ്പോൾ തിരുവനന്തപുരത്തു നിന്നുള്ള എല്ലാ വിമാനങ്ങളുടെയും ചാർജ്ജ് കൊച്ചിയേക്കാൾ എത്രയോ ഉയർന്നതാണ്.

ഉദാഹരണത്തിന് കൊച്ചിയിൽ നിന്ന് ബംഗളൂരുവിന് ഇന്ന് 1496 രൂപയാണ് ടിക്കറ്റ് ചാർജ്ജ്. തിരുവനന്തപുരത്തു നിന്നാണ് പോകുന്നതെങ്കിൽ 5033 രൂപ നൽകണം. ചെന്നൈയിലേക്കാണെങ്കിലോ കൊച്ചിയിൽ നിന്നും 2119 രൂപ മതി. തിരുവനന്തപുരത്തു നിന്നാണെങ്കിൽ 4926 രൂപ നൽകണം. ഇനി ഡൽഹിയിലേക്കാണെങ്കിലോ? കൊച്ചിയിൽ നിന്ന് 8478 രൂപ. തിരുവനന്തപുരത്ത് നിന്നാണെങ്കിൽ 12593 രൂപ.

ചെറിയൊരു വ്യത്യാസമല്ല. എയർലൈനുകൾ കണക്കുകളെല്ലാം ഇൻഡിഗോ എയർ ലൈനിന്റേതാണ്. അതുകൊണ്ട് എയർ ലൈൻ കൊള്ളയടിക്കുകയാണെന്നു പറയാൻ വയ്യ. കൊള്ളയടിക്കുന്നത് എയർപോർട്ടാണ്. കൊച്ചിയിൽ യൂസർ ഫീ ഇല്ല. തിരുവനന്തപുരത്ത് ഡൊമസ്റ്റിക് ഫ്ലൈറ്റാണെങ്കിൽ 598 രൂപയും ഇന്റർനാഷനൽ ആണെങ്കിൽ 1260 രൂപയുമാണ് യൂസർ ഫീ. എന്നാലും ഈ വ്യത്യാസം പൂർണ്ണമായും വിശദീകരിക്കപ്പെടുന്നില്ല. ഒരുപക്ഷേ അത് വിമാനക്കമ്പനികളിൽ നിന്നും എയർപോർട്ട് ഈടാക്കുന്ന ഫീസിലുള്ള വ്യത്യാസമായിരിക്കാം. കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി എയർപോർട്ടും കുത്തക കമ്പനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എയർപോർട്ടിന്റെയും വ്യത്യാസം നല്ലൊരു കേസ് സ്റ്റഡിക്ക് വകയുണ്ട്.

എന്തൊക്കെയായിരുന്നു അദാനി വന്നാൽ തിരുവനന്തപുരം എയർപോർട്ടിൽ ഉണ്ടാവുകയെന്ന് ശശി തരൂറിനെപ്പോലുള്ള പ്രമുഖരടക്കം വാദിച്ചുകൊണ്ടിരുന്നത്. എന്നിട്ട് ഇപ്പോൾ എന്തുണ്ടായി? അദാനി ഏറ്റെടുത്ത് ഒരുവർഷം കഴിയുമ്പോഴും എയർപോർട്ടിലെ സൗകര്യങ്ങളിൽ ഒരു വ്യത്യാസവും ഉണ്ടായിട്ടില്ല. എന്തിന് കോവിഡിനു മുമ്പുണ്ടായിരുന്ന ഫ്ലൈറ്റുകൾ പുനസ്ഥാപിക്കപ്പെട്ടിട്ടുപോലുമില്ല. തിരുവനന്തപുരത്തു നിന്നാണ് യാത്ര ചെയ്യുന്നതെങ്കിൽ ചാർജ്ജ് ഇരട്ടി കൊടുക്കേണ്ടിവരും. ഡൊമസ്റ്റിക്ക് വിമാനയാത്രക്ക് ഇതാണെങ്കിൽ ഇന്റർനാഷനൽ ആകുമ്പോൾ എത്രയാകാം!

ഇത് ആരും ചോദ്യം ചെയ്യുന്നില്ലായെന്നത് വിസ്മയകരമാണ്. എന്തുകൊണ്ട് ഈ വ്യത്യാസമെന്ന് അദാനി എയർപോർട്ട് കമ്പനി വിശദീകരിച്ചേ തീരൂ.

Tags:    
News Summary - thomas isaac against thiruvananthapuram airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.