വൈപ്പിൻ: എൻ.ഡി.എ വൈപ്പിൻ നിയോജകമണ്ഡലം കൺവീനർ രഞ്ജിത്ത് രജ്വിയുടെ ഓച്ചന്തുരുത്തിലെ വീട്ടിൽ തെരഞ്ഞെടുപ്പുകാലത്ത് മന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർ അത്താഴവിരുന്നിൽ പങ്കെടുത്തത് വിവാദമായി. മന്ത്രിക്കൊപ്പം എൽ.ഡി.എഫ് സ്ഥാനാർഥി കെ.എൻ. ഉണ്ണികൃഷ്ണനും സി.പി.എമ്മിെൻറ ഏരിയ കമ്മിറ്റി അംഗങ്ങളും എസ്.എൻ.ഡി.പി ശാഖാ ഭാരവാഹികളും വിരുന്നിൽ പങ്കെടുത്തു. എൻ.ഡി.എ വോട്ടുകൾ ബി.ഡി.ജെ.എസ് വഴി സി.പി.എം വിലയ്ക്ക് വാങ്ങിയെന്ന് ചിത്രം പുറത്തുവിട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ആരോപിച്ചു.
രഞ്ജിത്തിെൻറ ഭാര്യ കൃഷ്ണകുമാരി എസ്.എൻ.ഡി.പി യോഗം വനിതാസംഘം സംസ്ഥാന പ്രസിഡൻറാണ്. ബി.ഡി.ജെ.എസ് രൂപവത്കരിച്ച കാലംമുതൽ നിയോജകമണ്ഡലം പ്രസിഡൻറായ രഞ്ജിത്ത് ഹിന്ദു ഐക്യവേദി നേതാവുകൂടിയാണ്. മാർച്ച് 28ന് സ്ഥാനാർഥി കെ.എൻ. ഉണ്ണികൃഷ്ണൻ വനിതാസംഘം നേതാവായ കൃഷ്ണകുമാരിയെ കാണാനെത്തുമെന്നാണ് ആദ്യമറിയിച്ചത്. തോമസ് ഐസക് െതരഞ്ഞെടുപ്പുപ്രചാരണത്തിന് വൈപ്പിനിലെത്തുന്ന ദിവസമായതിനാൽ അദ്ദേഹവും കൂടെയുണ്ടാകുമെന്ന് പിന്നീട് അറിയിച്ചു.
വീട്ടിലെത്തിയ നേതാക്കളെ അവർ ഏത് പാർട്ടിയായാലും സ്വീകരിക്കേണ്ട മര്യാദ മാത്രമാണ് തെൻറ ഭാഗത്തുനിന്നുണ്ടായതെന്ന് രഞ്ജിത്ത് പറഞ്ഞു. ബി.ഡി.ജെ.എസ് നേതാക്കൾ വഴിയാണ് എൻ.ഡി.എ വോട്ടുകച്ചവടം ഉറപ്പിച്ചതെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറും െതരഞ്ഞെടുപ്പുകമ്മിറ്റി കൺവീനറുമായ വി.എസ്. സോളിരാജ് ആരോപിച്ചു.
വൈപ്പിനിൽ 25000ത്തോളം വോട്ട് നേടുമെന്നായിരുന്നു എൻ.ഡി.എ പോളിങ് കഴിഞ്ഞപ്പോൾ അവകാശപ്പെട്ടത്. എന്നാൽ, ലഭിച്ചത് 13,540 വോട്ട്. വോട്ടുകച്ചവടം നടന്നതിെൻറ തെളിവാണ് ഈ കണക്കുകൾ എന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.