വിദേശത്ത് പോകുന്നവർക്ക് രണ്ടാം ഡോസ് വാക്‌സിൻ നാല്​ മുതൽ ആറ്​ ആഴ്ചക്കുള്ളിൽ നൽകും; പുതിയ മാർഗനിർദേശവുമായി സർക്കാർ

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ പോകുന്നവർക്ക് കോവിഷീൽഡ് രണ്ടാം ഡോസ് വാക്‌സിൻ നാല്​ മുതൽ ആറ്​ ആഴ്ചക്കുള്ളിൽ നൽകാനും പ്രത്യേക വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നൽകാനും ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. പല വിദേശ രാജ്യങ്ങളിലും വാക്‌സിനേഷൻ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ രേഖപ്പെടുത്തണമെന്നതും നിർബന്ധമാക്കിയിട്ടുണ്ട്.

നിലവിൽ രജിസ്‌ട്രേഷനായി ആധാർ കാർഡ്, മറ്റ് തിരിച്ചറിയൽ രേഖകൾ ഇവ നൽകിയിട്ടുള്ളവരുടെ സർട്ടിഫിക്കറ്റിൽ അവയാണ് രേഖപ്പെടുത്തുക. അതുപോലെതന്നെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ മാർഗനിർദേശ പ്രകാരം രണ്ടാം ഡോസ് കോവിഷീൽഡ് വാക്‌സിൻ 12 മുതൽ 16 ആഴ്ചക്കുള്ളിലാണ് എടുക്കാൻ ആവുക. ഇത് വിദേശത്തേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നവർക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്​ടിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് 18 വയസ്സ്​ മുതൽ 45 വയസ്സ്​ വരെ പ്രായമുള്ളവരുടെ വാക്‌സിനേഷൻ മുൻഗണനാ വിഭാഗത്തിൽ വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകുന്നവരെയും കൂടി അടുത്തിടെ ഉൾപ്പെടുത്തിയിരുന്നു. വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കോ പഠനത്തിനോ ആയി പോകുന്നവർക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പ്രത്യേക രൂപത്തിൽ നൽകും.

ഈ സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ രേഖപ്പെടുത്തും. ജില്ല മെഡിക്കൽ ഓഫിസറെയാണ് ഈ സർട്ടിഫിക്കറ്റ് നൽകാൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഇങ്ങനെ പോകുന്നവർക്ക് രണ്ടാമത്തെ ഡോസ് കോവിഷീൽഡ് വാക്‌സിൻ നാല് മുതൽ ആറാഴ്ചക്കുള്ളിൽ എടുക്കുവാനും കഴിയും.

പോർട്ടലിൽ ഇത് രേഖപ്പെടുത്തുവാൻ സാധിക്കാത്തതിനാൽ ജില്ലകൾ ഇത് പ്രത്യേകമായി രേഖപ്പെടുത്തും. ഇങ്ങനെ നൽകുന്ന വാക്‌സിൻ സംസ്ഥാന സർക്കാർ വാങ്ങിയ വാക്‌സിൻ സ്റ്റോക്കിൽനിന്നും നൽകും. ജില്ല അധികാരികൾ വിസ, വിദ്യാർഥികളുടെ അഡ്മിഷൻ രേഖകൾ, ജോലി/ വർക്ക് പെർമിറ്റ് തുടങ്ങിയ രേഖകൾ പരിശോധിച്ച് വേണം വാക്‌സിൻ നൽകാൻ. ഇങ്ങനെ വാക്‌സിൻ നൽകുമ്പോൾ യാത്ര പോകുന്ന രാജ്യങ്ങളിലെ വാക്‌സിനേഷൻ പോളിസി കൂടി പരിശോധിച്ച് വാക്‌സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ടോ എന്നുകൂടി ഉറപ്പാക്കും.  

Tags:    
News Summary - Those going abroad will be given a second dose of the vaccine in four to six weeks; Government with new guidelines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.