ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് സിനിമക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് -വി.ഡി സതീശൻ

തിരുവനന്തപുരം: കുഞ്ചാക്കോ ബോബന്‍ നായകനായ 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് സിനിമക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്. സൈബർ ആക്രമണം ഉണ്ടായാൽ സിനിമ കൂടുതൽ പേർ കാണുമെന്നും അദ്ദേഹം പറഞ്ഞു.

''തിയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ടാകും എന്നാലും വരാതിരിക്കരുത് എന്നാണ് ദേശാഭിമാനി പത്രത്തിന്റെ ആദ്യ പേജിലുള്ള സിനിമ പരസ്യത്തിൽ പറയുന്നത്. എന്നാൽ, സിനിമ കാണരുതെന്ന ആഹ്വാനമാണ് സൈബറിടങ്ങളിൽ നടക്കുന്നത്. ആവിഷ്കാര സ്വാതന്ത്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി സംസാരിക്കുന്നവരാണെങ്കിലും അവരെ വിമർശിച്ചാൽ കഥ കഴിക്കുമെന്ന സമീപനക്കാരാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സിനിമക്കെതിരെ നടക്കുന്ന സൈബർ ആക്രമണം. സിനിമ കാണരുതെന്ന പ്രചരണം നടത്തിയാൽ കൂടുതൽ ആളുകൾ സിനിമ കാണും'' അദ്ദേഹം പറഞ്ഞു.

പോസ്റ്ററിലെ പരസ്യവാചകം സർക്കാർ വിരുദ്ധമാണെന്നാരോപിച്ചാണ് ഇടത് സൈബർ ഇടങ്ങളിൽ സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനമുയർന്നത്. ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് പോസ്റ്ററിൽ ഈ വാചകം ചേർത്തത്. പോസ്റ്റർ ഡിസൈൻ ചെയ്തത് ആന്റണി സ്റ്റീഫനാണ്. കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക്ക് പേജിൽ ഈ പോസ്റ്റർ പങ്കുവെച്ചിരുന്നു. ഇതിനു താഴെയും സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും ട്രോളുകളുമാണ് വരുന്നത്.

അതേസമയം, സിനിമയുടെ പരസ്യത്തെ ആ നിലയിൽ മാത്രം കണ്ടാൽ മതിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. റോഡിലെ കുഴി പണ്ടേയുള്ള പ്രശ്നമാണ്. അത് പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് സജീവമായി ഇടപെടുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. അതിൽ പല ക്രിയാത്മക നിർദേശങ്ങളും വിമർശനങ്ങളുമെല്ലാം വരും. വിമർശനങ്ങളും നിർദേശങ്ങളും ഏത് നിലയിലും സ്വീകരിക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.

Tags:    
News Summary - Those who advocate for freedom of expression are doing cyber attacks against cinema -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.