തിരുവനന്തപുരം: കൂട്ട സ്ഥിരപ്പെടുത്തലിനെ ന്യായീകരിച്ച് സി.പി.എം യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ. ഇനിയൊരു ജോലിക്ക് പോകാൻ കഴിയാത്ത ജീവനക്കാരെയും നിയമനം പി.എസ്.സിക്ക് വിടാത്ത സ്ഥാപനങ്ങളിലെ ജീവനക്കാരെയുമാണ് സ്ഥിരപ്പെടുത്തുന്നതെന്നും ഡി.വൈ.എഫ്.ഐ അധ്യക്ഷൻ എ.എ റഹീം പറഞ്ഞു.
10 വർഷം പൂർത്തിയാക്കിയവരെയാണ് സ്ഥിരപ്പെടുത്തുന്നതെന്നും ഇതിനെ മാനുഷികമായി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയുടെ കാലത്ത് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ കാര്യം അദ്ദേഹം ഓർമിപ്പിച്ചു.
കാലടി സർവകലാശാലയിൽ മുൻ പാലക്കാട് എം.പി എം.ബി രാജേഷിന്‍റെ ഭാര്യയെ അസിസ്റ്റന്‍റ് പ്രഫസറായി നിയമിച്ചത് സംബന്ധിച്ച വിവാദം അസംബന്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു. ആരോപണമുന്നയിച്ച വിഷയ വിദഗ്ധന്‍ രാഷ്ട്രീയം കാണുമെന്നും റഹീം പറഞ്ഞു.
രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയുടെ സർവകലാശാലയിലെ മലയാള വിഭാഗത്തിലെ നിയമനമാണ് വിവാദമായത്.
ലിസ്റ്റ് അട്ടിമറിച്ചതാണെന്നും നിനിത കണിച്ചേരിയുടെ പേര് ലിസ്റ്റിലുണ്ടായിരുന്നില്ലെന്നും കാണിച്ച് വിഷയ വിദഗ്ധരായി ഇന്‍റർവ്യൂ പാനലിലുണ്ടായിരുന്ന ഡോ. ഉമർ തറമേൽ, കെ.എം. ഭരതൻ, പി. പവിത്രൻ എന്നിവർ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും കത്ത് നൽകിയിരുന്നു. വിഷയത്തിൽ റാങ്ക് പട്ടികയിലുള്ള വി. ഹിക്മത്തുല്ല ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.