‘ആരു പറഞ്ഞു പത്താംക്ലാസിലെ കണക്ക് കൊണ്ട് ജീവിതത്തിൽ കാര്യമില്ലെന്ന്?’; ‘പൈ’ അപ്ലൈ ചെയ്ത് ഹീറോ ആയ അനുഭവം പങ്കുവെച്ച് നടി ലാലി

‘ആരു പറഞ്ഞു പത്താംക്ലാസിലെ കണക്ക് കൊണ്ട് ജീവിതത്തിൽ കാര്യമില്ലെന്ന്?’; ‘പൈ’ അപ്ലൈ ചെയ്ത് ഹീറോ ആയ അനുഭവം പങ്കുവെച്ച് നടി ലാലി

കണക്കിലെ ഫോർമുലകൾ പലപ്പോഴും നിത്യജീവിതത്തിൽ ഉപകാരപ്രദമാവില്ലെന്ന് ചിലരെങ്കിലും പറയാറുണ്ട്. കണക്കിലെ വിസ്തീർണ്ണവും വ്യാപ്തിയും പൈയുമെല്ലാം എന്തിനാണ് പഠിക്കുന്നതെന്ന് ചിലരെങ്കിലും ചിന്തിച്ചിരിക്കും. ഇപ്പോൾ കണക്കിലെ ഫോർമുല തനിക്ക് എങ്ങനെ ഉപകാരപ്പെട്ടുവെന്ന് പറയുകയാണ് ചലച്ചിത്രതാരം ലാലി.പി.എം. വീട് പണിയുന്ന സമയത്ത് കണക്കിലെ പല ഫോർമുലകളും തനിക്ക് ഉപകാരപ്പെട്ടുവെന്നാണ് അവർ പറയുന്നത്. മാധ്യമം ഓൺലൈനിന്റെ ഫേസ്ബുക്കിലെ ചോദ്യത്തോടായിരുന്നു അവരുടെ പ്രതികരണം.

ലാലിയു​ടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

പത്താം ക്ലാസ് വരെ കണക്ക് വളരെ ഇഷ്ടമുള്ള സബ്ജക്ട് ആയിരുന്നു. സ്കൂളിൽ തന്നെ മിക്കവാറും ഏറ്റവും കൂടുതൽ മാർക്കും എനിക്കായിരുന്നു. എന്നിട്ടും ഞാൻ പ്രീഡിഗ്രിക്ക് സെക്കൻഡ് ഗ്രൂപ്പ് എടുത്തത് പുതിയ പുസ്തകങ്ങളുടെ ഗന്ധത്തോടുള്ള കൊതി കൊണ്ടായിരുന്നു. കാരണം പത്താം ക്ലാസ് വരെ ഇക്കാക്ക ഉപയോഗിച്ച് പഴകിയ പുസ്തകങ്ങൾ ആയിരുന്നു എന്റേത്. എന്നാൽ പ്രീഡിഗ്രിക്ക് ഇക്കാക്ക ഫസ്റ്റ് ഗ്രൂപ്പ് എടുത്തതുകൊണ്ട് മാത്രം ഞാൻ സെക്കൻഡ് ഗ്രൂപ്പ് എടുത്തു.

ഇതൊക്കെയായിരുന്നെങ്കിലും പഠിക്കുന്ന കാലത്ത് പലപ്പോഴും ചിന്തിച്ചിട്ടുണ്ടായിരുന്നു കണക്കിലെ ഈ നിരവധിയായ ഫോർമുലകളും വിസ്തീർണ്ണവും വ്യാപ്തിയും ഒക്കെ എന്തിനു പഠിക്കുന്നു എന്ന്. എന്നാൽ ഞാൻ പഠിച്ച കണക്ക് പലതും എനിക്ക് ഉപകാരമായത് സ്വന്തമായി വീട് വയ്ക്കുന്ന സമയത്താണ്.

അന്നുണ്ടായ ഒരു രസകരമായ കാര്യം പറയാം. അന്ന് ഞങ്ങൾ റെഡിമെയ്ഡ് വാട്ടർ ടാങ്ക് ആണ് Sump ആയി ചെയ്യാൻ ഉദ്ദേശിച്ചത്. ഒരു 3000 ലിറ്റർ എങ്കിലും ഉൾക്കൊള്ളുന്ന ഒരു ടാങ്ക് വേണമെന്ന് ഞങ്ങൾക്ക് നിർബന്ധം ഉണ്ടായിരുന്നു. പലയിടത്തും അന്വേഷിച്ചെങ്കിലും രണ്ടായിരത്തിൽ കൂടുതൽ ഒരിടത്തും അന്ന് ഉണ്ടായിരുന്നില്ല. അങ്ങനെ ഒരിടത്ത് വിളിച്ചു ചോദിച്ചപ്പോൾ അവർ പറഞ്ഞു ഒരാഴ്ച വെയിറ്റ് ചെയ്താൽ മൂവായിരം ലിറ്ററിന്റെ ഉണ്ടാക്കിത്തരാം എന്ന്. ഒരാഴ്ച കഴിഞ്ഞപ്പോൾ അവർ ടാങ്കുമായി വന്നു 3000 ലിറ്ററിന്റെ ബില്ലും തന്നു. അവരുടെ കൂടെയുള്ള പണിക്കാരാണ് കാർപോർച്ചിന്റെ നിലം കുഴിച്ച് ടാങ്ക് ഫിറ്റ് ചെയ്യുന്നത്.

അപ്പോ ചുമ്മാ തമാശയ്ക്ക് ഞങ്ങൾ പറഞ്ഞു ഇത് 3000 കാണുമോ. അതോ കുറഞ്ഞ കപ്പാസിറ്റി കൊടുത്തു വിട്ടിട്ട് 3000 എന്നു പറഞ്ഞതായിരിക്കുമോ എന്ന്.അതിനുമുമ്പ് ഒരിക്കൽപോലും കത്താത്ത ബൾബ് അന്നെന്റെ തലച്ചോറിൽ കത്തി. കണക്കു പഠിപ്പിച്ച അന്നമ്മ ടീച്ചറിനെ മനസ്സിൽ ധ്യാനിച്ച് വളരെ പെട്ടെന്ന് തന്നെ Measuring റ്റേപ്പ് സംഘടിപ്പിച്ച് അതിൻറെ ഹൈറ്റും (h) ഡയാമീറ്ററും കണ്ടുപിടിച്ചു. radius ഉം

പിന്നെ നമ്മുടെ ഫോർമുല πr2h അങ്ങോട്ട് അപ്ലൈ ചെയ്തു.യാ... മോനേ....!!! 2000 ലിറ്ററിന് അങ്ങോട്ടുമില്ല ഇങ്ങോട്ടും ഇല്ല. 😎 അത്രയും നാൾ ഒരു ഉപകാരവുമില്ലാതെ കണക്ക് പഠിച്ചതിന് മനസ്സിൽ പ്രാകി കൊണ്ടിരുന്ന ഞാൻ അന്ന് ആ വർക്ക് സൈറ്റിൽ ഹീറോ ആയി മാറി.

കബളിപ്പിച്ചതിന് കേസ് കൊടുക്കും എന്നൊക്കെ പറഞ്ഞ് കമ്പനിയെ ഭീഷണിപ്പെടുത്തിയപ്പോൾ അവർ വന്ന് കാലുപിടിച്ച് മാപ്പൊക്കെ പറഞ്ഞ് നല്ല ഡിസ്കൗണ്ടും തന്നു. എൻറെ എക്സ് അതൊക്കെ ഓർക്കുന്നുണ്ടാകുമോ എന്തോ. 😭😭

എനിക്ക് തോന്നുന്നത് പത്താം ക്ലാസ് വരെയുള്ള കണക്ക് കൊണ്ട് ഏറ്റവും പ്രയോജനം ഉണ്ടാവുന്നത് കൺസ്ട്രക്ഷൻ ഫീൽഡിൽ ആണെന്നാണ്.

😎😎😎 ഇപ്പോ മനസ്സിലായില്ലേ നിങ്ങളുടെ ഹീറോ എട്ടും പൊട്ടും തിരിയാത്ത വെറുമൊരു സിനിമ നടി മാത്രമല്ല എന്ന് ...തലയിൽ അത്യാവശ്യം ആൾതാമസം ഒക്കെ ഉണ്ടെങ്കിലും അതിൻറെ യാതൊരു അഹങ്കാരവും ഇല്ലാത്ത ഒരു വിനയാന്വിതയാണ് എന്നും..☺️☺️☺️

കയ്യടിക്കടാ .....😋😋

Tags:    
News Summary - ‘Who said that 10th grade math is useless in life?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.