മദ്യം നിര്‍മിക്കാനെത്തിച്ച സ്പിരിറ്റ് മോഷ്ടിച്ച കേസ്; ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: തിരുവല്ല പുളിക്കീഴിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ റം നിര്‍മാണ ശാലയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റ് മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സ്ഥാപനത്തിലെ ജീവനക്കാരനായ അരുണ്‍കുമാര്‍, ടാങ്കര്‍ ലോറി ഡ്രൈവര്‍മാരായ നന്ദകുമാര്‍, സിജോ തോമസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ കേസില്‍ ഏഴ് പ്രതികളുണ്ട്.

മധ്യപ്രദേശില്‍ നിന്നും രണ്ട് ടാങ്കറുകളിലായി എത്തിച്ച 80,000 ലിറ്റര്‍ സ്പിരിറ്റില്‍ നിന്ന് 20,000 ലിറ്ററാണ് മോഷണം പോയത്. ഒരു ടാങ്കറില്‍ നിന്ന് 12,000 ലിറ്ററും രണ്ടാമത്തേതില്‍ നിന്ന് 8000 ലിറ്ററും കാണാതാവുകയായിരുന്നു. ഇത് പ്രതികള്‍ കേരളത്തിലെത്തുന്നതിന് മുമ്പ് തന്നെ മറിച്ചുവിറ്റുവെന്നാണ് നിഗമനം.

മധ്യപ്രദേശിലെ ബര്‍വാഹ എന്ന സ്ഥലത്തുള്ള അസോസിയേറ്റഡ് ആല്‍ക്കഹോള്‍ കമ്പനിയില്‍നിന്നുമാണ് സ്പിരിറ്റ് എത്തിക്കുന്നത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കേരള അതിര്‍ത്തി പിന്നിട്ട ശേഷം വാഹനങ്ങളെ അധികൃതര്‍ പിന്തുടര്‍ന്നിരുന്നു. ബുധനാഴ്ച രാവിലെ ടാങ്കറുകള്‍ ഫാക്ടറി വളപ്പില്‍ കടന്ന ശേഷം നടത്തിയ പരിശോധനയിലാണ് സ്പിരിറ്റിന്റെ അളവിലുള്ള കുറവ് കണ്ടെത്തിയത്.

ഡ്രൈവര്‍മാര്‍ കണക്കില്‍പെടാതെ സൂക്ഷിച്ച 10 ലക്ഷം രൂപയും കണ്ടെടുത്തു.

Tags:    
News Summary - three arrest in thiruvalla spirit theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.