പുനലൂർ: ചെന്നൈയിൽ നിന്നുള്ള ട്രെയിനിൽ മതിയായ രേഖകളില്ലാതെ ഒളിച്ചുകടത്തിയ 1,22,55,700 രൂപയുമായി മൂന്ന് മധുര സ്വദേശികളെ പുനലൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. മധുര രാജമിൽ റോഡിൽ സതീഷ്കുമാർ (35), വാഹിദ് സ്ട്രീറ്റിൽ 14/01 കൃപ നന്ദയിൽ രാജീവ് ഗാന്ധി (33), കുണ്ഡലിപുരം 2/253ൽ ത്യാഗരാജൻ (63) എന്നിവരാണ് പിടിയിലായത്.
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽനിന്ന് അനധികൃതമായി പണവും മറ്റും കേരളത്തിലേക്ക് കടത്തുന്നത് തടയുന്നതിെൻറ ഭാഗമായി റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ചെന്നൈ എഗ്മൂർ നിന്ന് കൊല്ലത്തേക്കുവന്ന സ്പെഷൽ ട്രെയിനിലെ യാത്രക്കാരെ തെന്മലയിൽ വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപമുള്ള ഒരു ജ്വല്ലറി ഉടമക്ക് നൽകാനാണ് പണം കൊണ്ടുവന്നതെന്ന് പിടിയിലായവർ പറഞ്ഞു. മധുരയിൽനിന്ന് ബാലാജി എന്നയാളാണ് പണം കൊടുത്തുവിട്ടത്. ചെങ്ങന്നൂരിൽ എത്തിയശേഷം ജ്വല്ലറി ഉടമ ആരാെണന്ന് അറിയിക്കാമെന്നും ബാലാജി പറഞ്ഞിരുന്നു.
പ്രത്യേക തുണി ഉറകളിൽ ശരീരത്തിൽ ചേർത്തുകെട്ടിയ നിലയിലും പെട്ടികളിലുമാണ് നോട്ട് ഒളിപ്പിച്ചിരുന്നത്. 2000, 500 എന്നീ തുകയുടെ നോട്ടുകളാണ്. അനധികൃത സ്വർണ ഇടപാടിലൂടെയുള്ള പണമാണ് എത്തിച്ചതെന്നറിയുന്നു. പിടിയിലായവർ കാരിയർമാരാെണന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇൻകം ടാക്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പിടികൂടിയ പണവും പ്രതികളെയും പുനലൂർ ജുഡീഷ്യൽ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. റെയിൽവേ പൊലീസ് എസ്.ഐ എസ്. സലീം, എ.എസ്.ഐമാരായ ജി. സന്തോഷ്, രവിചന്ദ്രൻ, സി.പി.ഒ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.