സി.പി.എം-ആർ.എസ്.എസ് സംഘർഷം; മൂന്നുപേർക്ക് പരിക്ക്

പുന്നയൂർ (തൃശൂർ): അകലാട് ഓണാഘോഷത്തിനിടെയുണ്ടായ സി.പി.എം-ആർ.എസ്.എസ് സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. തത്തമ്മ പറമ്പിൽ ഗിരീഷ് (38), പടന്നയിൽ സനീഷ് (35), ചെറുവത്താട്ടിൽ അജി (28) എന്നിവർക്കാണ് പരിക്കേറ്റത്.

കൈ എല്ലൊടിഞ്ഞ ഗിരീഷിനെ കുന്നംകുളം താലൂക്ക് ഗവ. ആശുപത്രിയിലെ പ്രാഥമിക ചികിത്സ ശേഷം ശസ്ത്രക്രിയക്കായി റോയൽ ആശുപത്രിയിലേക്ക് മാറ്റി. ബി.ജെ.പി പ്രവർത്തകരായ സനീഷ്, അജി എന്നിവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.

അകലാട് മുഹിയുദ്ദീൻ പള്ളിക്ക് പടിഞ്ഞാറ് അനിൽ നഗറിൽ യൂത്ത് ബ്രിഗേഡ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് ആക്രമണമുണ്ടായത്. സംഭവം സംബന്ധിച്ച് ഓണാഘോഷ കമ്മിറ്റി ചെയർമാൻ ടി.ആർ. റെനിൽ, കൺവീനർ ടി.എസ്. സനീഷ് എന്നിവർ വടക്കേക്കാട് പൊലീസിലും ഗുരുവായൂർ എ.സി.പിക്കും പരാതി നൽകി.

ഓണാഘോഷത്തിനിടെ ബൈക്കിലും ഓട്ടോയിലുമായെത്തിയ ആർ.എസ്.എസ് സംഘം ആൾക്കൂട്ടത്തിനിടയിലേക്ക് ബൈക്ക് ഓടിച്ചുകയറ്റുകയായിരുന്നുവെന്നും ഇത് ചോദ്യം ചെയ്ത വളന്റിയർമാരെ ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പും മറ്റായുധങ്ങളുമെടുത്ത് ആക്രമിക്കുകയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. അകലാട് മൂന്നയിനി സ്വദേശികളായ അഞ്ചുപേരുടെ നേതൃത്വത്തിലുള്ള എട്ട് അംഗ സംഘമാണ് അക്രമം നടത്തിയത്.

അതേസമയം, ഓണാഘോഷം കണ്ട് ബൈക്കിൽ തിരിച്ചുപോവുകയായിരുന്ന ആർ.എസ്.എസ് പ്രവർത്തകരായ സനീഷ്, അജി എന്നിവരെ സി.പി.എം പ്രവർത്തകർ ബൈക്ക് ചവിട്ടി വീഴ്ത്തി ആക്രമിക്കുകയായിരുന്നുവെന്ന് ബി.ജെ.പി പുന്നയൂർ പഞ്ചായത്ത് പടിഞ്ഞാറൻ മേഖല പ്രസിഡന്റ് ബിനേഷ് തറയിൽ ആരോപിച്ചു. ബി.ജെ.പി പ്രവര്‍ത്തകരുടെ പരാതിയില്‍ നാലുപേര്‍ക്കെതിരെ വടക്കേക്കാട് പൊലീസ് കേസെടുത്തു. 

Tags:    
News Summary - Three injured in CPM-RSS conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.