കൊച്ചി: പെണ്ണുകാണാൻ എന്ന വ്യാജേന വ്യവസായിയെ എറണാകുളത്തുനിന്ന് മൈസൂരിലെത്തിച്ച് ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം തട്ടിയ സംഭവത്തിൽ ഒളിവിലിരുന്ന രണ്ടാം പ്രതി അറസ്റ്റിൽ.
താമരശ്ശേരി കൊടുവള്ളി വാവാട് ബീരാെൻറ വീട്ടിൽ അൻവർ ഇബ്രാഹിമിനെയാണ് (43) എറണാകുളം സെൻട്രൽ പൊലീസ് കോഴിക്കോടുനിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് സംഭവം.
എറണാകുളത്ത് ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഇയാളുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ മൈസൂരിൽ പെണ്ണുകാണാൻ എന്നുപറഞ്ഞ് കൊണ്ടുപോയി. മൈസൂരിലെ അജ്ഞാത സ്ഥലത്ത് പെൺകുട്ടിയും മാതാപിതാക്കളും ഉള്ള വീട്ടിലെത്തിച്ച് പെൺകുട്ടിയുമായി സംസാരിക്കാമെന്ന് പറഞ്ഞ് മുറിയിൽ കയറ്റിയ ശേഷം പൂട്ടി.
ഉടൻ കർണാടക പൊലീസെന്ന് പറഞ്ഞ് സംഘാംഗങ്ങൾ വീട്ടിലെത്തി വ്യവസായിയെ ഭീഷണിപ്പെടുത്തി. നഗ്നഫോട്ടോകൾ എടുത്തു. കൈയിലുണ്ടായിരുന്ന ലക്ഷം രൂപയും വിലപിടിപ്പുള്ള വാച്ചും കൈക്കലാക്കി.
മുദ്രപ്പത്രങ്ങളിൽ ഒപ്പിടുവിച്ച ശേഷം നാദാപുരത്തെത്തിച്ച് രണ്ടു ലക്ഷം കൂടി തട്ടി. പീഡനക്കേസിലും മയക്കുമരുന്ന് കേസിലും കുടുക്കുമെന്ന് പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് പരാതി നൽകിയത്. മൂന്നാം പ്രതിയെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികളെ അന്വേഷിച്ചു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.