തിരുവല്ല: മലങ്കര മാർത്തോമ സുറിയാനി സഭയിലെ എപ്പിസ്ക്കോപ്പ സ്ഥാനത്തേക്ക് മൂന്ന് വൈദികരെ കൂടി തിരുവല്ലയിൽ ചേർന്ന സഭ പ്രതിനിധി മണ്ഡലം തെരഞ്ഞെടുത്തു. റവ. സാജു സി. പാപ്പച്ചൻ, റവ. ഡോ. ജോസഫ് ഡാനിയേൽ, റവ. മാത്യു കെ. ചാണ്ടി എന്നിവരെയാണ് തെരഞ്ഞെടുത്തത്. മണ്ഡല യോഗത്തിൽ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, തോമസ് മാർ തീമൊഥെയോസ് എപ്പിസ്ക്കോപ്പ, ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്ക്കോപ്പ, ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്ക്കോപ്പ, ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്ക്കോപ്പ, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്ക്കോപ്പ, ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്ക്കോപ്പ, സീനിയർ വികാരി ജനറാൾ വെരി റവ. ജോർജ് മാത്യു, വികാരി ജനറാളന്മാരായ വെരി റവ. കെ.വൈ. ജേക്കബ്, വെരി റവ. ഡോ. ഈശോ മാത്യു, വെരി റവ. മാത്യു ജോൺ, സഭ സെക്രട്ടറി റവ. സി.വി. സൈമൺ, വൈദിക ട്രസ്റ്റി റവ. മോൻസി കെ. ഫിലിപ്പ്, അത്മായ ട്രസ്റ്റി രാജൻ ജേക്കബ് എന്നിവർ നേതൃത്വം നൽകി.
കുന്നംകുളം ചെമ്മണ്ണൂർ സി.സി. പാപ്പച്ചന്റെയും സാറാമ്മയുടെയും പുത്രൻ 1969 ഏപ്രിൽ 22ന് ജനിച്ച റവ. സാജു സി. പാപ്പച്ചൻ 1997 ജൂൺ 20 ന് ശെമ്മശ് പട്ടവും 1997 ജൂലൈ 15 ന് കശ്ശീശാ പട്ടവും സ്വീകരിച്ചു. കൊട്ടാരക്കര മൈലം മാർത്തോമ ഇടവക വികാരിയാണ്. കൊച്ചുകോയിക്കൽ കാരംവേലിമണ്ണിൽ തോമസ് ഡാനിയേലിന്റെയും സാറാമ്മയുടെയും മകനായി 1970 ആഗസ്റ്റ് 19 ന് ജനിച്ച റവ. ഡോ. ജോസഫ് ഡാനിയേൽ 1998 ജൂൺ 19 ന് ശെമ്മശ് പട്ടവും 1998 ജൂലൈ 16 ന് കശ്ശീശാ പട്ടവും സ്വീകരിച്ചു. കോട്ടയം മാർത്തോമ തിയോളജിക്കൽ സെമിനാരി അധ്യാപകനാണ്.
മല്ലപ്പള്ളി കിഴക്കേചെറുപാലത്തിൽ ബഹനാൻ ചാണ്ടിയുടെയും അന്നമ്മയുടെയും മകനായി
1972 മേയ് 1 ന് ജനിച്ച റവ. മാത്യു കെ. ചാണ്ടി 2003 ജൂൺ 19 ന് ശെമ്മാശ് പട്ടവും 2003 ജൂലൈ 31 ന് കശ്ശീശാ പട്ടവും സ്വീകരിച്ചു. ആനപ്രാമ്പാൽ മാർത്തോമ ഇടവകയിൽ സഹവികാരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.