ചോറൂണിനിടെ ആനപ്പന്തലിന്റെ മേൽക്കൂരപ്പാളി അടർന്നു വീണ് മൂന്നുപേർക്ക് പരിക്ക്

കലവൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ വലിയകലവൂർ ക്ഷേത്രത്തിൽ കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനിടെ ആനപ്പന്തലിന്റെ മേൽക്കൂരയുടെ കോൺക്രീറ്റുപാളി അടർന്നുവീണ് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്കേറ്റു. അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെ 9.30ഓടെ ആയിരുന്നു സംഭവം.

ഉദയ സ്റ്റുഡിയോ ചിന്നമ്മ കവലക്ക് പടിഞ്ഞാറ് വെളിയിൽ പ്രശാന്ത്(26), ഭാര്യ ആര്യ (26), മക്കളായ ആദിദേവ് (അഞ്ച്) എന്നിവർക്കാണ് പരിക്കേറ്റത്. അഞ്ചുമാസം പ്രായമുള്ള ഇളയമകൻ അഭയദേവിന്റെ ചോറൂണിനിടെയായിരുന്നു സംഭവം. കുഞ്ഞിന് പരിക്കില്ല.

ആര്യയുടെ തലക്ക് പൊട്ടലും പ്രശാന്തിന്റെ കൈക്കും ആദിദേവിന്റെ തോളിനും ചതവുമുണ്ട്. ആര്യ ചെട്ടികാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സതേടി.

ചടങ്ങുനടത്താൻ പൂജാരിയുടെ വരുന്നതും കാത്തിരിക്കുമ്പോൾ, പ്രശാന്തിന്റെ കൈയിൽത്തട്ടി കോൺക്രീറ്റുപാളി തെറിച്ചുപോയതിനാലാണ് മടിയിലിരുന്ന അഭയദേവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ആര്യയുടെ അച്ഛൻ ബിജുവും അമ്മ ജയശ്രീയും ചേർന്ന് പിന്നീട് ചടങ്ങുനടത്തി. മണ്ണഞ്ചേരി പൊലീസ് കേസെടുത്തു.

Tags:    
News Summary - Three people were injured in the roof collapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.