കണ്ണൂർ: അധ്യയനത്തിന് അവധി നൽകി ഇവർ തെരഞ്ഞെടുപ്പ് ചൂടിലാണ്. കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാം സഭ ഹയർസെക്കൻഡറി സ്കൂളിലെ മൂന്ന് അധ്യാപികമാരും ലാബ് അസിസ്റ്റൻറുമാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ പോരിനിറങ്ങുന്നത്. പ്രധാനാധ്യാപിക പി. സാജിത, എച്ച്.എസ്.എ സി.പി. രഹ്ന, യു.പി.എസ്.എ കെ.സി. റിഷ, ലാബ് അസിസ്റ്റൻറ് മുസ്ലി എന്നിവരാണ് മത്സരരംഗത്തുള്ളത്. സ്കൂളിലെ മുൻ പ്രധാനാധ്യാപിക കെ.എം. സാബിറ ടീച്ചറും മത്സരരംഗത്തുണ്ട്. ഇതിൽ രഹ്ന ടീച്ചർ ഒഴികെ മറ്റെല്ലാവരും യു.ഡി.എഫ് സ്ഥാനാർഥികളാണ്. കണ്ണൂർ കോർപറേഷനിൽ 42ാം വാർഡായ നീർച്ചാൽ ഡിവിഷനിലാണ് ലാബ് അസിസ്റ്റൻറായ മുസ്ലി മത്സരിക്കുന്നത്. കണ്ണൂർ നഗരസഭയായിരുന്ന കാലത്ത് മുബാറക്ക് വാർഡിലെ കൗൺസിലറായിരുന്നു ജില്ല യൂത്ത് ലീഗ് ട്രഷററായിരുന്ന ഇദ്ദേഹം.
സ്കൂളിലെ ഹൈസ്കൂൾ അധ്യാപികയായ സി.പി. രഹ്ന ടീച്ചർ വെൽഫെയർ പാർട്ടി സ്ഥാനാർഥിയായാണ് ജനവിധി തേടുന്നത്. കണ്ണൂർ കോർപറേഷനിൽ 45ാം വാർഡായ താണയിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി കണ്ണൂർ മണ്ഡലം സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. മുണ്ടേരി മുൻ പഞ്ചായത്തംഗമായ ഇവർ കെ.എസ്.ടി.എം സംസ്ഥാന കമ്മിറ്റിയംഗം, വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയംഗം എന്നീ ചുമതലകൾ നിലവിൽ വഹിക്കുന്നുണ്ട്.പ്രധാനാധ്യാപികയായ പി. സാജിത ടീച്ചർ പരിയാരം പഞ്ചായത്ത് ആറാം വാർഡായ തലോറയിൽനിന്നാണ് ഇത്തവണ ജനവിധി തേടുന്നത്. വനിത ലീഗ് ജനറൽ സെക്രട്ടറിയായ ടീച്ചർ മുൻ പഞ്ചായത്തംഗം കൂടിയാണ്.
യു.പി സ്കൂൾ അസിസ്റ്റൻറായ കെ.സി. റിഷ മയ്യിൽ പഞ്ചായത്തിലെ 14ാം വാർഡായ മേച്ചേരിയിൽ നിന്നാണ് ജനഹിതം തേടുന്നത്. ജനശക്തി ഭാരവാഹിയും കെ.പി.എസ്.ടി.എ വനിത ഉപജില്ല പ്രസിഡൻറുമായ ടീച്ചർ കഴിഞ്ഞ തവണയും തദ്ദേശ തെരഞ്ഞെടുപ്പിൽ മയ്യിൽ പഞ്ചായത്തിൽ നിന്നും ജനവിധി തേടിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. സ്കൂളിലെ മുൻ പ്രധാനാധ്യാപികയായ സാബിറ ടീച്ചർ കണ്ണൂർ കോർപറേഷനിലെ ആയിക്കര ഡിവിഷനിലാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.