വിവരാവകാശ കമീഷനിൽ മൂന്ന് അംഗങ്ങളുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു

കൊച്ചി: വിവരാവകാശ നിയമത്തിനു കീഴിലുള്ള കാര്യങ്ങളിൽ പരാതികൾ സ്വീകരിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന സംസ്ഥാന വിവരാവകാശ കമീഷനിൽ മൂന്ന് അംഗങ്ങളുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. മുഖ്യ വിവരാവകാശ കമീഷണറുൾപ്പടെ ആറു പേർ വേണ്ടിടത്ത് മൂന്നു പേർ മാത്രമാണ് നിലവിലുള്ളത്.

മുഖ്യ കമീഷണറെ കൂടാതെ അഞ്ച് സംസ്ഥാന വിവരാവകാശ കമീഷണർമാരാണ് കമീഷനിൽ ഉണ്ടാവേണ്ടത്, ഇതിൽ മൂന്ന് പേരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.

വിവരാവകാശം സംബന്ധിച്ച് നൂറുകണക്കിന് അപേക്ഷകളാണ് കമീഷനിൽ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ 12 വർഷത്തിനിടെ 50,000ത്തോളം അപേക്ഷകളാണ് വിവരാവകാശ കമീഷനിലെത്തിയതെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ അപേക്ഷക്കുള്ള മറുപടിയിൽ വ്യക്തമാക്കുന്നു. ഇതിൽ 33,555 അപ്പീൽ പെറ്റീഷനുകളും 15,448 കംപ്ലയിൻറ് പെറ്റീഷനുകളുമാണുള്ളത്.

എന്നാൽ 5031 അപേക്ഷകൾ നിലവിൽ കമീഷനിൽ കെട്ടിക്കിടക്കുന്നുണ്ട്. ഇതിൽ 3846 എണ്ണം അപ്പീൽ പെറ്റീഷനും 1185 എണ്ണം കംപ്ലയിൻറ് പെറ്റീഷനുമാണ്. ആകെ 43,972 അപേക്ഷകളിലാണ് വിവരാവകാശ കമീഷൻ തീർപ്പു കൽപ്പിച്ചിട്ടുള്ളത്.

2011 മുതൽ 2016 വരെയുള്ള കാലയളവിൽ കമീഷനിലെത്തിയ പരാതികളെല്ലാം തീർപ്പാക്കിയിട്ടുണ്ട്. എന്നാൽ തുടർന്നുള്ള വർഷങ്ങളിലാണ് പരാതികൾ കെട്ടിക്കിടക്കാൻ തുടങ്ങിയതെന്നും വിവരാവകാശ മറുപടി വ്യക്തമാക്കുന്നു. നൂറുകണക്കിന് വിവരാവകാശ അപേക്ഷകൾ കെട്ടിക്കിടക്കുമ്പോൾ ഇതിൽ നടപടികൾ സ്വീകരിക്കേണ്ട വിവരാവകാശ കമീഷണർമാരുടെ നിയമനം വേഗത്തിലാക്കണമെന്ന് രാജു വാഴക്കാല ആവശ്യപ്പെട്ടു. 

Tags:    
News Summary - three vacant posts in the RTI Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.