തൃക്കാക്കര ഒരുങ്ങി; പൊടിപാറും പോരാട്ടം

കൊച്ചി: തൃക്കാക്കര ഇരുമുന്നണിക്കും അഭിമാനപ്രശ്നമാണ്. 99 സീറ്റ് നേടി രണ്ടാം തുടർച്ചയിലേക്ക് കടന്ന പിണറായി സർക്കാർ ഒരുവർഷം പൂർത്തിയാക്കുന്ന വേളയിലെത്തുന്ന ആദ്യ ഉപതെരഞ്ഞെടുപ്പ് സർക്കാറിന് മുന്നോട്ടുപോക്കിനുള്ള ഊർജമാണെങ്കിൽ പ്രതിപക്ഷത്തിന് വിജയം ജീവവായുപോലെ പ്രധാനമാണ്. സർക്കാർ അഭിമാനപദ്ധതിയായി ഉയർത്തിക്കാട്ടുന്ന കെ-റെയിലാകും തൃക്കാക്കരയിലെ ചർച്ചാവിഷയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചുകഴിഞ്ഞു. കെ-റെയിൽ കടന്നുപോകുന്ന തൃക്കാക്കരയിൽ ജയിച്ചാൽ പ്രക്ഷോഭങ്ങൾ തണുക്കുമെന്ന പ്രതീക്ഷയാണ് സർക്കാറിന്. മണ്ഡലം രൂപവത്കൃതമായ 2011നുശേഷമുള്ള നാലാം തെരഞ്ഞെടുപ്പാണിത്.

ബെന്നി ബഹനാനിൽനിന്ന് കിട്ടിയ സീറ്റ് രണ്ടുതവണയും മികച്ച ഭൂരിപക്ഷത്തിലാണ് പി.ടി. തോമസ് കൈപ്പിടിയിലാക്കിയത്. തൃക്കാക്കരക്ക് പി.ടി. തോമസിനോടുള്ള ഈ കരുതൽ സഹതാപ തരംഗമാകാനുള്ള സാധ്യത യു.ഡി.എഫിന്‍റെ പിടിവള്ളിയാണ്. 2021ലെ തെരഞ്ഞെടുപ്പിൽ മുന്നണികൾ തമ്മിലെ വ്യത്യാസം പത്ത് ശതമാനത്തോളമാണ്. ട്വന്‍റി20 പിടിച്ചത് 10.18ശതമാനമാണ്. എൻ.ഡി.എക്ക് കഴിഞ്ഞ പ്രാവശ്യം 11.34 ശതമാനം വോട്ട് ലഭിച്ചു. പൊതുസ്വതന്ത്രനെ നിർത്തിയുള്ള പരീക്ഷണമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്‍റേത്. ഡോ. ജെ. ജേക്കബ് ജയിച്ചില്ലെങ്കിലും പാർട്ടിവോട്ടുകൾ ചേർത്തുനിർത്താൻ കഴിഞ്ഞെന്ന വിശ്വാസമാണ് എൽ.ഡി.എഫിനുള്ളത്. ട്വന്‍റി20 ഇക്കുറി ആം ആദ്മി പാർട്ടിയുമായി ചേർന്നാണ് മത്സരത്തിനെത്തുന്നത്. 13,897 വോട്ട് നേടി നാലാം സ്ഥാനത്തായിരുന്നു അവർ. പുതിയ പരീക്ഷണം ഏറ്റാൽ അത് യു.ഡി.എഫിനാകും ക്ഷീണമാവുക. 

തൃക്കാക്കര മണ്ഡലം
ജില്ല ആസ്ഥാനവും ഇൻഫോപാർക്കും കൊച്ചിയുടെ നഗരപ്രദേശങ്ങളുടെ ഭൂരിഭാഗവും ഉൾപ്പെടുന്ന മണ്ഡലമാണ് തൃക്കാക്കര. കൊച്ചി കോർപറേഷന്റെ 23 വാർഡും തൃക്കാക്കര നഗരസഭയും ഉൾക്കൊള്ളുന്നു. 2008ലെ മണ്ഡല പുനർനിർണയത്തോടെയാണ് തൃക്കാക്കര നിയമസഭ മണ്ഡലം രൂപവത്കരിക്കപ്പെടുന്നത്. ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 2011ലാണ്. മൂന്ന് തെരഞ്ഞെടുപ്പിലും യു.ഡി.എഫ് വൻ മാർജിനിൽ ജയിച്ചു. 

വോട്ടർമാർ ആകെ -1,94,031

പുരുഷന്മാർ - 94,025

സ്ത്രീകൾ -1,00,005

ട്രാൻസ്ജെൻഡർ -1

2021ലെ പോളിങ് ശതമാനം -69.28

പോൾ ചെയ്തത്- 1,34,422

2021ലെ ഫലം

അഡ്വ. പി.ടി. തോമസ്(കോൺ) -59,839 (43.82)

ഡോ. ജെ. ജേക്കബ്(എൽ.ഡി.എഫ് സ്വത)- 45,510(33.32)

എസ്. സജി-(എൻ.ഡി.എ)-15,483(11.34)

ഡോ. ടെറി തോമസ്(ട്വന്‍റി20)- 13,897 (10.18)

ഭൂരിപക്ഷം -14,329

2020 തദ്ദേശം

യു.ഡി.എഫ് -45,643

എൽ.ഡി.എഫ് -43,406

ബി.ജെ.പി -11,413

Tags:    
News Summary - Thrikkakara is ready for elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.