കാക്കനാട്: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ വിജിലൻസ് പരിശോധനക്ക് പിന്നാലെ കൗൺസിലർമാർക്ക് അധ്യക്ഷ അജിത പണം നൽകി എന്ന് സ്ഥിരീകരിക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവന്നു. ഭരണകക്ഷിയായ കോൺഗ്രസിലെ മൂന്ന് കൗൺസിലർമാർ അജിതക്ക് പണം മടക്കി നൽകുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്. കൗൺസിലർമാർക്ക് താൻ പണം നൽകിയിട്ടില്ലെന്നും പ്രതിപക്ഷ ഗൂഢാലോചനയാണെന്നുമുള്ള വാദമായിരുന്നു ആദ്യം മുതൽ ചെയർപേഴ്സൻ ഉയർത്തിയിരുന്നത്. എന്നാൽ, പണം മടക്കി നൽകിയ കൗൺസിലർമാർ പണത്തെ കുറിച്ച് പറയുന്നത് ദൃശ്യങ്ങളിലുണ്ട്. ഓണക്കോടി വാങ്ങാൻ എന്നുപറഞ്ഞാണ് പണം നൽകിയിരുന്നതെന്ന് ഇവർ പറയുന്നു. 2000 രൂപ ആയിരിക്കുമെന്നാണ് കരുതിയിരുന്നത്.
എന്നാൽ, തുറന്നു നോക്കിയപ്പോഴാണ് 10,000 രൂപയുണ്ടെന്ന് കണ്ടത്. നേരത്തേ പണം അടങ്ങിയതെന്ന് കരുതുന്ന കവറുകൾ എൽ.ഡി.എഫ് അംഗങ്ങൾ അധ്യക്ഷക്ക് നൽകുന്നതിെൻറ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ, പണമായിരുന്നില്ല പരാതികളാണ് കവറിലിട്ട് അവർ തനിക്ക് തന്നതെന്നായിരുന്നു അജിതയുടെ വാദം. പിന്നീട് ഭരണകക്ഷിയിൽപെട്ട മറ്റു മൂന്ന് കൗൺസിലർമാരും പണം നൽകിയിട്ടുണ്ട് എന്ന് സ്ഥിരീകരിക്കുന്ന ശബ്ദ ദൃശ്യരേഖകളും പുറത്തു വന്നിരുന്നു.
സംഭവം വിവാദമായതോടെ കോൺഗ്രസ് നേതൃത്വം ഇടപെട്ട് അന്വേഷണ കമീഷനെ നിയമിച്ചിരുന്നു. എന്നാൽ, തൃക്കാക്കരയിൽ പണം നൽകിയിട്ടില്ലെന്നും കോൺഗ്രസിലെ ഗ്രൂപ് വഴക്കിനെ തുടർന്നാണ് പ്രശ്നങ്ങളുണ്ടായതെന്നുമായിരുന്നു നിയുക്ത ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായ അന്വേഷണ കമീഷൻ കണ്ടെത്തിയത്. പാർട്ടി ക്ലീൻ ചിറ്റ് ലഭിച്ചതോടെ വിവാദം കെട്ടടങ്ങുന്നതിനിടെയാണ് വിജിലൻസ് പരിശോധന നടന്നതും പുതിയ ദൃശ്യങ്ങൾ പുറത്തു വന്നതും.
കാക്കനാട്: തൃക്കാക്കരയിലെ ഓണസമ്മാന വിവാദത്തിൽ പ്രാഥമിക പരിശോധനയിൽ നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് വിജിലൻസ്.
ചെയർപേഴ്സനെതിരെ കേസെടുക്കാനുള്ള പ്രാഥമിക തെളിവുകൾ ലഭിച്ചതായാണ് പരിശോധന റിപ്പോർട്ടിലുള്ളത്. സി.സി.ടി.വി ദൃശ്യങ്ങളിൽ അധ്യക്ഷയുടെ ചേംബറിൽനിന്ന് എട്ട് കൗൺസിലർമാർ പോസ്റ്റൽ കവറുകളുമായി മടങ്ങുന്നത് വ്യക്തമാണ്. ഇതിൽ പകുതിയിലധികം പേരും വിജിലൻസിന് പരാതി നൽകിയവരിൽ പെട്ടവരാണ്. വെള്ളിയാഴ്ച വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയുടെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.