തൃശൂർ: ഇന്നാണ് ആ ദിനം. തൃശൂർ പൂരത്തിൽ അലിയുന്ന ദിനം. നേരം പുലരുംമുമ്പ് തീവെട്ടിയുടെ വെളിച്ചത്തിൽ കണിമംഗലം ശാസ്താവ് ആനപ്പുറമേറി വടക്കുംനാഥനെ കാണാൻ പുറപ്പെടും. നടപാണ്ടിയും നാദസ്വരവും അകമ്പടിയേകും. പോകപ്പോകെ ആനകളുടെയും മേളക്കാരുടെയും എണ്ണം കൂടും, പാണ്ടിമേളം മുറുകും.
നെയ്തലക്കാവിലമ്മ പൂരവിളംബരമറിയിച്ച് തുറന്നിട്ട തെക്കേ ഗോപുരത്തിലൂടെ ശാസ്താവ് മതിലകത്ത് പ്രവേശിച്ച് വടക്കുംനാഥ സവിധത്തിലെത്തി വണങ്ങി തിരിച്ചിറങ്ങുമ്പോൾ മേളം ഉച്ചസ്ഥായിയിലായിരിക്കും.
പടിഞ്ഞാറെ ഗോപുരം വഴി ശ്രീമൂലസ്ഥാനത്തേക്ക് തിരിച്ചിറങ്ങുമ്പോൾ തട്ടകത്തെ മറ്റു ദേവതകൾ ഓരോന്നായി വടക്കുംനാഥനെ കാണാൻ പല വഴികളിലൂടെ വരുകയാവും. പൂരങ്ങൾകൊണ്ട് നഗരം നിറയും. വ്യാഴാഴ്ച കുറ്റൂർ നെയ്തലക്കാവിലമ്മയുമായെത്തിയ എറണാകുളം ശിവകുമാർ പൂരവിളംബരമറിയിച്ചു.
രാവിലെ കണിമംഗലം ശാസ്താവിന്റെ പൂരം വടക്കു നാഥനിലേക്ക് എത്തും. പിന്നാലെ മറ്റ് ഘടക പൂരങ്ങളുടെ വരവോടെ നഗരം പൂരാവേശത്തിൽ ആറാടും. തിരുവമ്പാടിയുടെ മഠത്തില്‍ വരവിന് രാവിലെ പത്തരയോടെ തുടക്കമാകും. ഉച്ചയ്ക്ക് 12 നാണ് പാറമേക്കാവിന്റെ പൂരം പുറപ്പാട് നടക്കുക. ഉച്ചയ്ക്ക് രണ്ടിന് ഇലഞ്ഞിത്തറ മേളവും വൈകീട്ട് 5 ന്ചരിത്രപ്രസിദ്ധമായ കുടമാറ്റവും നടക്കും. പൂര നഗരിയിൽ ജനങ്ങളുടെ സൂരക്ഷ കണക്കിലെടുത്ത് പൊലീസ് കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.