തൃശൂർ: പൂരക്കമ്പക്കാരോട് മേടവെയിൽ തോറ്റുപോയി. കത്തുന്ന സൂര്യനും ചുട്ടുപഴുത്ത മണ്ണിനും അവരുെട ആവേശം കെടുത്താനായില്ല. വാദ്യമേളവും കുടമാറ്റവും ആനച്ചന്തവും ഇഴ കലർന്ന അഴകുള്ള പൂരം കാണാൻ എണ്ണമറ്റ ജനം തൃശൂരിലേക്ക് ഒഴുകിയെത്തി. ഇരുനൂറ്റിയിരുപതാണ്ടിെൻറ പാരമ്പര്യം പേറുന്ന തൃശൂരിെൻറ പൂര ചരിത്രത്തിൽ അനിർവചനീയമായ മറ്റൊരു പൂരം കൂടി.
പ്രധാന പങ്കാളികളായ തിരുവമ്പാടിക്കും പാറമേക്കാവിനും പുറമെ എട്ട് ഘടക പൂരങ്ങൾ ചിട്ടയും ചട്ടവുമൊപ്പിച്ച് പങ്കാളിത്തം കെേങ്കമമാക്കിയപ്പോൾ കാഴ്ചകളോരോന്ന് കണ്ട് അലഞ്ഞു നടന്ന ആബാലവൃദ്ധം ജനം പൂരം അവരുടേതാക്കി. ചെണ്ടയിൽ കോൽ വീണിടത്തെല്ലാം കൈയുയർത്തിയും തലയാട്ടിയും മേളക്കമ്പക്കാർ പൂരം തങ്ങളുടേതാണെന്ന് പ്രഖ്യാപിച്ചു. തലയെടുപ്പുള്ള കൊമ്പന്മാർ തിളക്കമുള്ള തലേക്കെട്ടണിഞ്ഞ് തലയാട്ടി നിൽക്കുന്നതു കാണാൻ തടിച്ചു കൂടിയവർ ഇതൊരു ആനപ്പൂരമാെണന്ന് ആണയിട്ടു. സാന്ധ്യശോഭയിൽ വടക്കുന്നാഥെൻറ തെക്കേഗോപുരച്ചരുവിൽ മേളവും ആനയും വർണക്കുടകളുടെ വിന്യാസവും ഒത്തുചേർന്ന കുടമാറ്റം കാണാൻ തടിച്ചു കൂടിയവരാകെട്ട, ഇതെല്ലാം ചേർന്ന കാഴ്ചകളുടെ മേളനമാണ് പൂരമെന്ന് തെളിയിച്ചു.
പൂരത്തിന് വിളംബരം കുറിച്ച് വ്യാഴാഴ്ച തുറന്നിട്ട വടക്കുന്നാഥ ക്ഷേത്രത്തിലെ തെക്കേഗോപുര നടയിലൂടെ ഇന്നലെ കാഴ്ചകളുടെ പ്രവാഹമാണ് കടന്നു പോയത്. പടിഞ്ഞാറ്, തെക്ക്, കിഴക്ക് േഗാപുരങ്ങൾ ആനപ്പുറമേറിയ ദേവതകളുടെ പ്രയാണംകൊണ്ട് നിറഞ്ഞു. െചറുതും വലുതുമായി പത്തു പൂരങ്ങൾ; പുലരി മുതൽ അവയോരോന്നായി നഗര മധ്യത്തിലെ വടക്കുന്നാഥ ക്ഷേത്രത്തെ ലക്ഷ്യമിട്ട് വന്നുകൊണ്ടിരുന്നു. ഒാരോ പൂരത്തിനും എണ്ണം പറഞ്ഞ കൊമ്പന്മാരും പുകൾപെറ്റ വാദ്യക്കാരും അകമ്പടിയുണ്ടായിരുന്നു. തിരുവമ്പാടിയുടെ പൂരം പുറപ്പെട്ട് മഠത്തിൽ ഇറക്കിപ്പൂജക്കു ശേഷം നടന്ന പഞ്ചവാദ്യം കോങ്ങാട് മധുവും കൂട്ടരും ധന്യമാക്കി.
പാറമേക്കാവിെൻറ പൂരം പുറപ്പെട്ട് വടക്കുന്നാഥെൻറ മതിലകത്തെ ഇലഞ്ഞിത്തറച്ചുവട്ടിൽ ഒരുക്കിയ പ്രസിദ്ധമായ മേളത്തിന് പെരുവനവും കൂട്ടരും ഒരുക്കിയ പാണ്ടിയുടെ സംഗീതമാസ്വദിക്കാൻ പതിനായിരങ്ങളുണ്ടായിരുന്നു.
തിരുവമ്പാടിയും പാറമേക്കാവും മുഖാമുഖം അണിനിരന്ന് അരങ്ങേറിയ കുടമാറ്റം കാണികളെ ആസ്വാദ്യതയുടെ ആവേശത്തിലാറാടിച്ചു. അടുത്ത മേടം വരെ സൂക്ഷിക്കാനുള്ള ഒാർമകൾ സമ്മാനിച്ച പൂരം ഇന്നുച്ചക്ക് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ വടക്കുന്നാഥെൻറ ശ്രീമൂലസ്ഥാനത്ത് വിട ചൊല്ലുന്നതോടെ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.