തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതിൽ ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് ആരോപിച്ചും വീഴ്ചകൾ നിരത്തി സർക്കാറിനെ സമ്മർദത്തിലാക്കിയും പ്രതിപക്ഷം. ചർച്ചയിലും മറുപടി വേളയിലും ഭരണപക്ഷത്ത് രണ്ടഭിപ്രായമുയർന്നതും ഉന്നയിച്ച വിഷയങ്ങളിൽ ഉത്തരമില്ലാതിരുന്നതും ചർച്ചയിലുടനീളം മുഴച്ചുനിന്നു. തൃശൂർപൂരവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിലായിരുന്നു ചോദ്യങ്ങളും പ്രതിരോധവുമായി സഭ തിളച്ചുമറിഞ്ഞത്.
പൂരം കലക്കിയതാണെന്നും ഇതിനായി ഗൂഢാലോചന നടന്നെന്നും പിന്നിൽ ആർ.എസ്.എസ് ഇടപെടലുണ്ടായെന്നും അർഥശങ്കക്കിടയില്ലാത്ത വണ്ണം സി.പി.ഐ അംഗങ്ങൾ അടിവരയിട്ടപ്പോൾ തൃശൂർപൂരം കലങ്ങിയിട്ടില്ലെന്നും ‘കലക്കി’ എന്ന പ്രയോഗം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നുമായിരുന്നു സി.പി.എം അംഗം എ.സി. മൊയ്തീന്റെ നിലപാട്.
മുഖ്യമന്ത്രിക്ക് പകരം മറുപടി പറഞ്ഞ ദേവസ്വം മന്ത്രി വി.എൻ. വാസവൻ ‘അന്വേഷണം കൂടുതൽ നടക്കുന്നതിനാൽ അധികം വിശദീകരണതിന് മുതിരുന്നില്ലെ’ന്നനയമാണ് സ്വീകരിച്ചത്. അന്വേഷണ റിപ്പോർട്ട് പുറത്തുവരുമ്പോൾ കുറ്റക്കാർ ഏതു വമ്പനാണെങ്കിലും കർശന നടപടിയുണ്ടാകുമെന്ന് വാസവൻ വ്യക്തമാക്കി. ആർ.എസ്.എസ് ബന്ധമാരോപിച്ച് പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനൊപ്പം തലശ്ശേരി-മാറാട് കലാപങ്ങളിലെ പിണറായി വിജയന്റെ ഇടപെടലുകളും കമല ഇന്റർനാഷനലും ലാവലിനുമെല്ലാം ഉയർത്തി മുഖ്യമന്ത്രിക്കായി പ്രതിരോധം തീർക്കാനുമാണ് വാസവൻ അധിക സമയവും വിനിയോഗിച്ചത്. കാര്യം ചോദിക്കുമ്പോൾ തലശ്ശേരി കലാപത്തിന്റെ കഥയും ചരിത്രവും പറഞ്ഞിട്ട് കാര്യമില്ലെന്നും ഉത്തരമാണ് വേണ്ടതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. പൂരത്തിൽ ആചാരപ്രകാരമുള്ള എഴുന്നള്ളത്തുകൾക്ക് തടസ്സമുണ്ടാക്കിയെങ്കിലും സുരേഷ് ഗോപിയുടെ എഴുന്നള്ളത്തിന് എല്ലാ സൗകര്യം ചെയ്തുകൊടുത്തെന്നും സതീശൻ കുറ്റപ്പെടുത്തി.
പൂരം അലങ്കോലമായ സമയം മന്ത്രിമാരായ കെ. രാജനെയും ആർ. ബിന്ദുവിനെയും പോലും തടഞ്ഞശേഷം ആക്ഷൻ ഹീറോ ഭാവത്തിൽ സുരേഷ് ഗോപിയെ സേവാഭാരതിയുടെ ആംബുലൻസ് അവിടെ എത്തിക്കുകയായിരുന്നെന്ന് പ്രമേയം അവതരിപ്പിച്ച് തിരുവഞ്ചൂർ ആരോപിച്ചു. സമാന ആരോപണമാണ് സി.പി.ഐയിലെ പി. ബാലചന്ദ്രനും ഉന്നയിച്ചത്. വത്സൻ തില്ലങ്കേരിയടക്കം ആർ.എസ്.എസ് നേതാക്കൾ എങ്ങനെ അവിടെ എത്തിയെന്നും അവിടെ ശബരിമലയിലേത് മാതൃകയിൽ നാമജപഘോഷയാത്ര നടത്താൻ ആരാണ് അനുവാദം നൽകിയതെന്നും ബാലചന്ദ്രൻ ചോദിച്ചു.
രാവിലെ നടത്തേണ്ട വെടിക്കെട്ട് ഉച്ചക്ക് ഉപചാരം ചൊല്ലിക്കഴിഞ്ഞശേഷം നടത്തിയാൽ മതിയെന്ന വിധത്തിൽ ചർച്ചയുണ്ടായത് എങ്ങനെയെന്നായിരുന്നു റവന്യൂ മന്ത്രി കെ. രാജന്റെ ചോദ്യം. പ്രതിപക്ഷത്തിന് മറുപടി പറയവെ വി.എൻ. വാസവന്റെ അവസരം ചോദിച്ച് വാങ്ങിയാണ് രാജൻ ഈ ചോദ്യമുന്നയിച്ചതെന്നും ശ്രദ്ധേയം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സർക്കാറിനെ പ്രതിരോധത്തിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.