പൂരം കലങ്ങിയില്ലെന്ന് സി.പി.എം, കലക്കിയെന്ന് സി.പി.ഐ; ഭരണപക്ഷത്ത് രണ്ടഭിപ്രായം
text_fieldsതിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതിൽ ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് ആരോപിച്ചും വീഴ്ചകൾ നിരത്തി സർക്കാറിനെ സമ്മർദത്തിലാക്കിയും പ്രതിപക്ഷം. ചർച്ചയിലും മറുപടി വേളയിലും ഭരണപക്ഷത്ത് രണ്ടഭിപ്രായമുയർന്നതും ഉന്നയിച്ച വിഷയങ്ങളിൽ ഉത്തരമില്ലാതിരുന്നതും ചർച്ചയിലുടനീളം മുഴച്ചുനിന്നു. തൃശൂർപൂരവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിലായിരുന്നു ചോദ്യങ്ങളും പ്രതിരോധവുമായി സഭ തിളച്ചുമറിഞ്ഞത്.
പൂരം കലക്കിയതാണെന്നും ഇതിനായി ഗൂഢാലോചന നടന്നെന്നും പിന്നിൽ ആർ.എസ്.എസ് ഇടപെടലുണ്ടായെന്നും അർഥശങ്കക്കിടയില്ലാത്ത വണ്ണം സി.പി.ഐ അംഗങ്ങൾ അടിവരയിട്ടപ്പോൾ തൃശൂർപൂരം കലങ്ങിയിട്ടില്ലെന്നും ‘കലക്കി’ എന്ന പ്രയോഗം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നുമായിരുന്നു സി.പി.എം അംഗം എ.സി. മൊയ്തീന്റെ നിലപാട്.
മുഖ്യമന്ത്രിക്ക് പകരം മറുപടി പറഞ്ഞ ദേവസ്വം മന്ത്രി വി.എൻ. വാസവൻ ‘അന്വേഷണം കൂടുതൽ നടക്കുന്നതിനാൽ അധികം വിശദീകരണതിന് മുതിരുന്നില്ലെ’ന്നനയമാണ് സ്വീകരിച്ചത്. അന്വേഷണ റിപ്പോർട്ട് പുറത്തുവരുമ്പോൾ കുറ്റക്കാർ ഏതു വമ്പനാണെങ്കിലും കർശന നടപടിയുണ്ടാകുമെന്ന് വാസവൻ വ്യക്തമാക്കി. ആർ.എസ്.എസ് ബന്ധമാരോപിച്ച് പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനൊപ്പം തലശ്ശേരി-മാറാട് കലാപങ്ങളിലെ പിണറായി വിജയന്റെ ഇടപെടലുകളും കമല ഇന്റർനാഷനലും ലാവലിനുമെല്ലാം ഉയർത്തി മുഖ്യമന്ത്രിക്കായി പ്രതിരോധം തീർക്കാനുമാണ് വാസവൻ അധിക സമയവും വിനിയോഗിച്ചത്. കാര്യം ചോദിക്കുമ്പോൾ തലശ്ശേരി കലാപത്തിന്റെ കഥയും ചരിത്രവും പറഞ്ഞിട്ട് കാര്യമില്ലെന്നും ഉത്തരമാണ് വേണ്ടതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. പൂരത്തിൽ ആചാരപ്രകാരമുള്ള എഴുന്നള്ളത്തുകൾക്ക് തടസ്സമുണ്ടാക്കിയെങ്കിലും സുരേഷ് ഗോപിയുടെ എഴുന്നള്ളത്തിന് എല്ലാ സൗകര്യം ചെയ്തുകൊടുത്തെന്നും സതീശൻ കുറ്റപ്പെടുത്തി.
പൂരം അലങ്കോലമായ സമയം മന്ത്രിമാരായ കെ. രാജനെയും ആർ. ബിന്ദുവിനെയും പോലും തടഞ്ഞശേഷം ആക്ഷൻ ഹീറോ ഭാവത്തിൽ സുരേഷ് ഗോപിയെ സേവാഭാരതിയുടെ ആംബുലൻസ് അവിടെ എത്തിക്കുകയായിരുന്നെന്ന് പ്രമേയം അവതരിപ്പിച്ച് തിരുവഞ്ചൂർ ആരോപിച്ചു. സമാന ആരോപണമാണ് സി.പി.ഐയിലെ പി. ബാലചന്ദ്രനും ഉന്നയിച്ചത്. വത്സൻ തില്ലങ്കേരിയടക്കം ആർ.എസ്.എസ് നേതാക്കൾ എങ്ങനെ അവിടെ എത്തിയെന്നും അവിടെ ശബരിമലയിലേത് മാതൃകയിൽ നാമജപഘോഷയാത്ര നടത്താൻ ആരാണ് അനുവാദം നൽകിയതെന്നും ബാലചന്ദ്രൻ ചോദിച്ചു.
രാവിലെ നടത്തേണ്ട വെടിക്കെട്ട് ഉച്ചക്ക് ഉപചാരം ചൊല്ലിക്കഴിഞ്ഞശേഷം നടത്തിയാൽ മതിയെന്ന വിധത്തിൽ ചർച്ചയുണ്ടായത് എങ്ങനെയെന്നായിരുന്നു റവന്യൂ മന്ത്രി കെ. രാജന്റെ ചോദ്യം. പ്രതിപക്ഷത്തിന് മറുപടി പറയവെ വി.എൻ. വാസവന്റെ അവസരം ചോദിച്ച് വാങ്ങിയാണ് രാജൻ ഈ ചോദ്യമുന്നയിച്ചതെന്നും ശ്രദ്ധേയം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സർക്കാറിനെ പ്രതിരോധത്തിലാക്കിയത്.
പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾ
- ആരോപണം പുകമറയാണെന്നാണ് മന്ത്രി എം.ബി. രജേഷ് വാദിക്കുന്നതെങ്കിൽ എന്തിനാണ് ത്രിതല അന്വേഷണം?
- ഒരാഴ്ച സമയം അനുവദിച്ച അന്വേഷണ റിപ്പോർട്ട് നൽകാൻ എ.ഡി.ജി.പി അഞ്ച് മാസം വൈകിയത് എന്തുകൊണ്ട്?
- റിപ്പോർട്ട് വൈകുന്നത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് അന്വേഷിച്ചോ?
- അന്വേഷണം നടക്കുന്നില്ലെന്ന് വിവരാവകാശ മറുപടി നൽകിയ ഡിവൈ.എസ്.പിയെ മാറ്റിയിട്ടും അന്വേഷണവിധേയനായ എ.ഡി.ജി.പിയെ മാറ്റാത്തതെന്ത്?
- പൂരം നടത്തിപ്പിന് പിന്തുടരുന്ന പ്ലാന്‍ മാറ്റി കമീഷണര്‍ക്ക് എ.ഡി.ജി.പി പകരമൊരു പ്ലാന്‍ നല്‍കിയത് എന്തിന്?
- കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് സമയത്ത് തൃശൂര്‍ റൗണ്ടില്‍ വാഹനങ്ങൾ മാറ്റാത്തത് എന്ത് കൊണ്ട്?
- വെളുപ്പിന് നടക്കുന്ന വെടിക്കെട്ടിനുവേണ്ടി രാത്രി എട്ട് മുതല്‍ എല്ലാ വഴികളും അടച്ചതെന്തിന്?
- പന്തലിൽ വെളിച്ചം ഓഫ് ചെയ്തതരാണ്?
- എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയെ പൊലീസ് പൈലറ്റിലും എസ്കോർട്ടിലും അവിടെ എത്തിച്ചത് ആര്?
- പൂരം കാണാന്‍ വന്ന സാധാരണക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയതെന്തിന്?
- ആനക്ക് പട്ട കൊടുക്കുന്നതിനെയും കുട മാറ്റത്തിന് കുടയുമായി പോയവരെയും ദേവസ്വം ഉദ്യോഗസ്ഥരെയും തടഞ്ഞത് എന്ത് കാര്യത്തിന്?
- എ.ഡി.ജി.പി അജിത്കുമാര്‍ അവിടെ ഉണ്ടായിട്ടും എന്ത് കൊണ്ട് കമീഷണറെ നിയന്ത്രിച്ചില്ല?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.