തൃശൂർ: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട കേസിൽ ദുരൂഹമായി പ്രവർത്തിച്ച ബി.ജെ.പിയുടെ വിവാദ തെരഞ്ഞെടുപ്പ് ഏജൻസിയെ തൊടാതെ പ്രത്യേക അന്വേഷണസംഘം. പൂരം ദിവസം അർധരാത്രി എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത പൂരവേദിയിലേക്ക് പ്രത്യേക ആംബുലൻസിലെത്തിയത് തെരഞ്ഞെടുപ്പ് ഏജൻസിയായ ‘വരാഹി അനലറ്റിക്സി’ന്റെ നിർദേശപ്രകാരമായിരുന്നു എന്നായിരുന്നു ആരോപണം. ഇത് ശരിവെക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച ഒരന്വേഷണവും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയിൽ ഇല്ലെന്നാണ് സൂചന. പൂരം കലക്കലുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം. ആർ അജിത്കുമാർ തയാറാക്കിയ അന്വേഷണ റിപ്പോർട്ട് സർക്കാർ നേരത്തേ തള്ളിയിരുന്നു.
എ.ഡി.ജി.പിയും സംഘ്പരിവാർ നേതൃത്വവും തമ്മിലുള്ള ബന്ധം സംബന്ധിച്ച തെളിവുകൾ പുറത്തുവന്നതിനെ തുടർന്നാണ് ഡി.ജി.പിക്ക് അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ തള്ളിയത്. തുടർന്ന് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേശിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയായിരുന്നു. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. തിരുവമ്പാടി ദേവസ്വം ബോർഡ് ഭാരവാഹികൾ, പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ എന്നിവരിൽനിന്ന് മൊഴിയെടുക്കുക മാത്രമാണ് ചെയ്തത്. പൊലീസടക്കമുള്ള ഉദ്യോഗസ്ഥർക്കാണ് പൂരം അലങ്കോലമാക്കിയതിൽ പങ്ക് എന്നായിരുന്നു ദേവസ്വങ്ങളുടെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിൽ പൂരം നടന്ന ദിവസം സ്വരാജ് റൗണ്ടിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ്, ഫയർഫോഴ്സ്, മെഡിക്കൽ സംഘം എന്നിവരിൽ നിന്നെല്ലാം മൊഴിയെടുത്തു. ബി.ജെ.പി സംഘ്പരിവാർ കേന്ദ്രങ്ങളിലേക്കെത്താതെയാണ് പ്രത്യേക അന്വേഷണവും. സുരേഷ് ഗോപി ആംബുലൻസിൽ എത്തിയതിനെതിരെ അഭിഭാഷകൻ കെ. സന്തോഷ് കുമാർ പരാതി നൽകിയിരുന്നു. ഇതുപോലും പ്രത്യേക അന്വേഷണ സംഘം മുഖവിലക്കെടുത്തിട്ടില്ല. തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വി.എസ് സുനിൽകുമാറിനെയും സംഘം സമീപിച്ചിട്ടില്ല.
ബി.ജെ.പിക്ക് രാജ്യത്താകെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്ന സ്ട്രാറ്റജിക്കൽ ഏജൻസിയാണ് വരാഹി അനലറ്റിക്സ്. ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ചില മണ്ഡലങ്ങളിൽ ബി.ജെ.പിക്കുവേണ്ടി കാമ്പയിനുകൾ സംഘടിപ്പിക്കുകയും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുകയും ചെയ്തത് ഇവരായിരുന്നെന്ന് വാർത്ത പുറത്തുവന്നിരുന്നു. വരാഹിയുടെ കേരളത്തിന്റെ ചുമതലയുള്ളയാൾക്ക് ഒപ്പമായിരുന്നു സുരേഷ് ഗോപി പൂരം വേദിയിലേക്ക് എത്തിയത്. ഇതിനുശേഷമാണ് പൂരം നിർത്തിവെച്ച് പിൻമാറുന്നതായി മുഖ്യ സംഘാടകരിലൊന്നായ തിരുവമ്പാടി പ്രഖ്യാപിക്കുന്നത്. ഇതു സംബന്ധിച്ച ഒരന്വേഷണവും നിലവിൽ പരിഗണനയിലില്ലെന്ന് അന്വേഷണ സംഘത്തിൽപെട്ട ചില ഉദ്യോഗസ്ഥർതന്നെ പറയുന്നു. എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്.പി സാബു മാത്യു, കൊച്ചി എ.സി.പി പി. രാജ് കുമാർ, വിജിലൻസ് ഡിവൈ.എസ്.പി ബിജു വി. നായർ, ഇൻസ്പെക്ടർമാരായ ചിത്തരഞ്ജൻ, ആര്‍. ജയകുമാർ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
തൃശൂർ: പൂരം അലങ്കോലമാക്കിയ സംഭവത്തിൽ ത്രിതല അന്വേഷണം വരുന്നെന്ന് പ്രഖ്യാപിച്ചതല്ലാതെ ഒരന്വേഷണവും നടക്കുന്നില്ലെന്ന് സി.പി.ഐ നേതാവും തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന വി.എസ്. സുനിൽ കുമാർ. പേരിനുപോലും അന്വേഷണം നടക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥനും തന്നെ സമീപിച്ചിട്ടില്ല.
മൊഴിയും തെളിവുകളും നൽകാൻ തയാറാണെന്ന് പല തവണ പറഞ്ഞിട്ടും അന്വേഷണസംഘം കേട്ട മട്ടില്ല. തെളിവെടുപ്പിന് പോലും അവർ തയാറല്ല. തണുപ്പൻ സമീപനമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റേത്. രാഷ്ട്രീയ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ അന്വേഷണ സംഘത്തിന് താൽപര്യമില്ലെന്ന് തോന്നുന്നു. ശരിയായ ദിശയിൽ അന്വേഷണം വേണമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.