തൃശൂർ: നാളെ മധ്യാഹ്നം വരെ ഇൗ നഗരത്തിന് പറയാൻ പൂര വിശേഷങ്ങൾ മാത്രം. കണ്ണുകളിൽ നിറയുന്നതത്രയും പൂരക്കാഴ്ചകൾ. ഇന്ന് രാവിലെ മഞ്ഞൊഴിഞ്ഞ് വെയിൽ പരക്കുംമുമ്പ് ആദ്യ പൂരം എഴുന്നള്ളിച്ചെത്തുന്നതുമുതൽ നഗരം പൂരലഹരിയിലമരും. ആശങ്കകൾക്കു മീതെ, പ്രതിഷേധങ്ങൾക്കപ്പുറം പാരമ്പര്യവും പ്രൗഢിയും ഉയർത്തിപ്പിടിച്ച് പൂരം ആഘോഷിക്കാൻ തട്ടകം ഒരുങ്ങി.
പരമ്പരാഗതമായി നടക്കുന്ന വെടിക്കെട്ടിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണം ഇത്തവണ ഹർത്താലിനുവരെ വഴിവെച്ചിരുന്നു. അപ്പോഴും, എല്ലാ നിയന്ത്രണങ്ങളും അതിജീവിച്ച് പൂരം കേമമാകുമെന്ന ആത്മവിശ്വാസത്തിലായിരുന്നു തട്ടകക്കാർ. ഒടുവിൽ, ഉപാധികളോടെയാണെങ്കിലും വെടിക്കെട്ടിന് അനുമതിയായി. ബുധനാഴ്ചത്തെ സാമ്പിൾ വെടിക്കെട്ടിനെ മഴ വിഴുങ്ങിയെങ്കിലും ശനിയാഴ്ച പുലർച്ചെ നടക്കുന്ന പ്രധാന വെടിക്കെട്ട് മോശമാവില്ല എന്നതിെൻറ സൂചനകൾ അതിലുണ്ട്.
പാറമേക്കാവ് ദേവസ്വത്തിെൻറ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം നയിക്കാൻ പെരുവനം കുട്ടൻ മാരാരും തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് പ്രാമാണ്യമേകാൻ കോങ്ങാട് മധുവും കോല് മുറുക്കുന്നുണ്ട്. പൂരത്തിലെ ഏറ്റവും ആകർഷക ഇനമായ കുടമാറ്റത്തിന് ഇരു ദേവസ്വങ്ങളും അവസാന മിനുക്കുപണികൾ വരെ പൂർത്തിയാക്കി. പൂരത്തിൽ പങ്കാളികളായ മറ്റ് എട്ട് ക്ഷേത്രങ്ങളിലെയും തട്ടകക്കാർ ആവേശ കൊടുമുടിയിലാണ്.
മുെമ്പങ്ങുമില്ലാത്ത സുരക്ഷാക്രമീകരണങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്. സ്ഫോടകവസ്തു പരിശോധനാ വിദഗ്ധരും പൊലീസും കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പതിവിൽനിന്ന് വ്യത്യസ്തമായി കേന്ദ്ര പ്രതിനിധി സംഘം തൃശൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ കണിമംഗലം ശാസ്താവിെൻറ പൂരം എഴുന്നള്ളിച്ച് വടക്കുന്നാഥ ക്ഷേത്രം പരിസരത്ത് എത്തുന്നതു മുതൽ തുടങ്ങി ശനിയാഴ്ച ഉച്ചക്ക് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ മുഖാമുഖം ഉപചാരം ചൊല്ലാൻ നിലകൊള്ളുന്നതുവരെയുള്ള പൂരക്കാഴ്ചകളാണ് ഇനി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.