കൊച്ചി: ഫ്ലാറ്റിൽനിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി. ഡാൻസറും കൊറിയോഗ്രാഫറുമായ തൃശൂർ സ്വദേശിയാണ് ഹരജി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് യുവതി പരാതി നൽകിയതിനെത്തുടർന്നാണ് ഹരജിക്കാരനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്.
പരാതിക്കാരിക്ക് കേസിൽ പ്രതിരോധം തീർക്കാൻ നിയമത്തിൽ പ്രാഗല്‍ഭ്യമുള്ളവരോ പൊലീസുകാരോ കെട്ടിച്ചമച്ചതാണെന്ന് ഹരജിയിൽ ആരോപിക്കുന്നു. പെൺകുട്ടി യഥാർഥ പങ്കാളിയെ മറച്ചുവെച്ചാണ് തന്‍റെ പേര് വലിച്ചിഴക്കുന്നത്. എറണാകുളം സെഷൻസ് കോടതിയിൽ നൽകിയ ഹരജി തള്ളിയതിനെത്തുടർന്നാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്. ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഹരജിക്കാരൻ ടി.വി ഷോകളിലും സജീവമാണ്.
പിതാവിന്‍റെ മരണത്തോടെ ചെറുപ്രായത്തിൽ കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്നതായി ഹരജിയിൽ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബത്തിന്‍റെ ഏകവരുമാനം നിലവിലെ തൊഴിലാണ്. ഗുരുതര രോഗം ബാധിച്ച് മാതാവ് ചികിത്സയിലാണ്. പെൺകുട്ടിക്ക് യഥാർഥ പങ്കാളിയുമായുള്ള അടുത്ത ബന്ധം ബോധ്യപ്പെടുത്തുന്ന തെളിവ് തന്‍റെ പക്കലുണ്ട്. ഇക്കാര്യങ്ങൾ അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും തന്നെ കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും ഹരജിയിൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.