വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; ഒരാളെക്കൂടി കടിച്ചുകൊന്നു

പുൽപള്ളി: കബനീ തീരത്ത് നരഭോജി കടുവയുടെ ആക്രമണത്തിൽ ഒരാൾകൂടി കൊല്ലപ്പെട്ടു. കർണാടക അതിർത്തി പ്രദേശമായ മച്ചൂരിനടുത്ത ചെമ്പുംകൊല്ലിയിലാണ് ഹൊസള്ളി കോളനിയിലെ കെഞ്ചനെ (58) കടുവ കടിച്ചുകൊന്നത്. വ്യാഴാഴ്ച വൈകീട്ടോടെ കാട്ടുകിഴങ്ങുകൾ ശേഖരിക്കാൻ കോളനിക്കടുത്ത വനത്തിൽ പോയതായിരുന്നു കെഞ്ചനും അയൽവാസിയായ സുഹൃത്തും.

കോളനിയിൽനിന്ന് അരകിലോമീറ്റർ ദൂരെയുള്ള വനത്തിലെ അരുവിയിൽനിന്ന് വെള്ളം കുടിച്ച് നിൽക്കവേ കടുവ ആക്രമിക്കുകയായിരുന്നു. കെഞ്ചനെയാണ് ആദ്യം ആക്രമിച്ചത്. സുഹൃത്ത് ബഹളമുണ്ടാക്കിയപ്പോൾ കടുവ ഇദ്ദേഹത്തിനുനേരെ തിരിഞ്ഞു. പിന്നാലെ ഇദ്ദേഹം ഓടി മരത്തിൽ കയറിയപ്പോൾ കടുവ പിന്നാലെ കയറി. കൈയിലിരുന്ന കമ്പികൊണ്ട് പലതവണ കുത്തിയശേഷമാണ് കടുവ താഴേക്കിറങ്ങിയത്. ഇയാൾ അലറി വിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയതോടെ കടുവ കാട്ടിലേക്ക് മറഞ്ഞു. ഇതിനിടെ ഗുരുതരമായി പരിക്കേറ്റ കെഞ്ചൻ മരിച്ചിരുന്നു. ഭാര്യ ജാനു. മക്കൾ: സുരേഷ്, ഭാരതി, സരോജിനി.

മൂന്നു ദിവസത്തിനിടെ രണ്ടാമത്തെയാളെയാണ് കടുവ കൊന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ മൂന്നാമത്തെ മരണമാണ്​. രണ്ടുദിവസം മുമ്പ് ഗുണ്ടറിലെ ചിന്നപ്പയെയും ആഴ്ചകൾക്കുമുമ്പ് മധു എന്ന ആദിവാസി യുവാവിനെയും കൊലപ്പെടുത്തിയിരുന്നു.

Tags:    
News Summary - tiger attack wayanad -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.