ജില്ലാഭരണകൂടം സ്ഥാപിച്ച മഴമാപിനികളിൽ ഒന്ന്

മഴ അളക്കാന്‍ ഇരുനൂറിലേറെ മഴമാപിനികള്‍; രാജ്യത്തെ ആദ്യ മഴമാപിനി വെബ്‌സൈറ്റ് വയനാടിന് സ്വന്തം

കൽപറ്റ: മഴമാപിനിയില്‍നിന്നും ലഭിക്കുന്ന വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് ഡി.എം സ്യൂട്ട് എന്ന പേരില്‍ വെബ്‌സൈറ്റും ആപ്പും തയ്യാറാക്കി വയനാട് ജില്ലാ ഭരണകൂടം. രാജ്യത്തെ ആദ്യ മഴമാപിനി വെബ്‌സൈറ്റാണിത്. കലക്ടറേറ്റിലുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഇരുനൂറിലധികം മഴ മാപിനികളാണ് സ്ഥാപിച്ചത്. ഒരു പ്രദേശത്ത് നിശ്ചിത സമയത്തിനകം ലഭിച്ച മഴ അളക്കുകയാണ് മഴമാപിനിയുടെ ലക്ഷ്യം. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് വിവരശേഖരണം നടത്തുന്നത്.

ജില്ലയുടെ വ്യത്യസ്ത ഭൂഘടന അനുസരിച്ച് മഴയുടെ വ്യതിയാനം നിരീക്ഷിക്കാനും സൂക്ഷ്മ കാലാവസ്ഥാ സ്വഭാവം തിരിച്ചറിയാനും മഴമാപിനി നിരീക്ഷണത്തിലൂടെ സാധിക്കുന്നു. ഓരോ പ്രദേശങ്ങളിലും രേഖപ്പെടുത്തുന്ന മഴ അളന്ന് മുന്നറിയിപ്പുകള്‍ നല്‍കും. മഴമാപിനികള്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ ആപ്പ് മുഖേന ലഭ്യമാകുന്നതിനാല്‍ വേഗത്തില്‍ മഴ മാപ്പ് ക്രമീകരിക്കാനാകും.

ഓരോ ഭൂപ്രദേശങ്ങളിലും ലഭിച്ച മഴയുടെ അളവ് കണക്കാക്കി പ്രദേശത്ത് റെഡ്, ഓറഞ്ച്, യെലോ, അലര്‍ട്ടുകള്‍ പ്രഖ്യാപിക്കാനും മുന്നൊരുക്കങ്ങള്‍ നടത്താനുമാകും. വിവരങ്ങള്‍ വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്യും. മേപ്പാടി, ബ്രഹ്മഗിരി, കമ്പമല, മക്കിമല, ബാണാസുര, സുഗന്ധഗിരി, ലക്കിടി ഉള്‍പ്പെടെ ജില്ലയിലെ ഉയരംകൂടിയ പ്രദേശങ്ങളിലും കുറഞ്ഞ അളവ് മഴ ലഭിക്കുന്ന മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പ്രദേശങ്ങളിലും മഴമാപിനികളിലൂടെ നിരീക്ഷണം നടത്തുന്നുണ്ട്.

തുടര്‍ച്ചയായി 600 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശം മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള ദുര്‍ബല പ്രദേശമായി കണക്കാക്കും. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ കണ്ടെത്തി പ്രതിരോധിക്കാന്‍ മഴമാപിനി ഉപകരിക്കും. പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി മനസിലാക്കുന്നതിലൂടെ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനാകുമെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സൻ കൂടിയായ ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു.

News Summary - More than two hundred rain gauges to measure rainfall; Wayanad owns India's first rain gauge website

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.